വളാഞ്ചേരി- പ്രമുഖ സൂഫിവര്യനും ഇസ്ലാമിക പണ്ഡിതനുമായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്‌ലിയാർ അന്തരിച്ചു. ഇന്നു രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പററ ഫത്ഹുൽ ഫത്താഹിനു സമീപത്തെ സ്വവസതിയിൽ വെച്ചായിരുന്നു മരണം. 82 വയസായിരുന്നു. കേരളത്തിനകത്തും പുറത്തും നൂറുകണക്കിന് ശിഷ്യരുണ്ട്.
1936 സപ്തംബർ18 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത അച്ചിപ്രയിലാണ് ജനനം. പാരമ്പര്യമായി പണ്ഡിത കുടുംബമായിരുന്നു മൊയ്തീൻ കുട്ടി മുസ്്‌ലിയാരുടേത്. പിതാമഹൻ പാലകത്ത് മെയ്തീൻകുട്ടി മുസ്‌ലിയാർ ബഹുഭാഷപണ്ഡിതനും വൈദ്യനും മാപ്പിള കവിയുമായിരുന്നു. ബദർപടപ്പാട്ട് രചിച്ചിട്ടുണ്ട്. പിതാവ് കോമുമുസ്‌ലിയാർ പണ്ഡിതനും സ്‌കൂൾ അദ്ധ്യാപകനുമായിരുന്നു.
പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരൻ കുഞ്ഞാലൻകുട്ടി മുസ്‌ലിയാരുടെ അടുത്തും പന്താരങ്ങാടിയിൽ വഹ്ശി മുഹമ്മദ് മുസ്‌ലിയാരുടെ ദർസിലുമായിരുന്നു മതപഠനം. ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞ് ഏകന്തനായി ജീവിച്ചതുകൊണ്ട് ജനം അദ്ദേഹത്തെ വഹ്ശിമുസ്‌ലിയാർ എന്നായിരുന്നു വിളിച്ചിരുന്നത്. സമസ്ത കേരളജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടായിരുന്ന വാളക്കുളം അബ്ദുൽബാരി മുസ്‌ലിയാരുടെ നാട്ടുകാരനും ശിഷ്യനുമായിരുന്നു ഇദ്ദേഹം. ഖാദിരീ ത്വരീഖയുടെ ഗുരുവും മാർഗദർശിയും കൂടിയായിരുന്ന മൗലാനാ അബ്ദുൽ ബാരിയുമായുള്ള ആത്മബന്ധമാണ് അത്തിപറ്റ ഉസ്താദിനെ ആദ്ധ്യാത്മിക വഴികളിലേക്കു നയിച്ചത്. മൗലാനയിൽ നിന്നാണ് ഖദിരീ ത്വരീഖത്ത് സ്വീകരിക്കുന്നത്.
ആലുവായ് അബൂബക്കർ മുസ്‌ലിയാരുടെ മരണാനന്തരം അത്തിപ്പറ്റ ഉസ്താദ് ഹജ്ജിനുപുറപ്പെട്ടതോടെയാണ് മൂന്നുപതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതത്തിന്റെ തുടക്കം. മക്കയിലെത്തിയപ്പോൾ ഹറമിൽ വച്ച് അവിടെ മുദരിസായിരുന്ന ആലപ്പുഴക്കാരൻ മുഹമ്മദ് മുസ്‌ലിയാരെ കാണുകയും നാട്ടിൽ വച്ച് പഠിക്കാൻ സാധിക്കാതെ പോയ പല ഗ്രന്ഥങ്ങളും അദ്ദേഹത്തിൽ നിന്ന് പഠിക്കുകയും ചെയ്തു.
മൂന്നുപതിറ്റാണ്ടോളം അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്്‌ലിയാരുടെ പ്രവർത്തന കേന്ദ്രം അൽ ഐൻ സുന്നി സെന്റർ ആയിരുന്നു. അൽ ഐൻ ദാറുൽഹുദാ സ്‌കൂളിന്റെ സ്ഥാപകനും ചെയർമാനുമായിരുന്നു. ജനിച്ചത് അച്ചിപ്രയിലാണെങ്കിലും വളാഞ്ചേരിക്കടുത്ത അത്തിപറ്റയായിരുന്നു താമസം.