ന്യൂദൽഹി- ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയായി ഭൂപേഷ് ഭഗേലിനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന തമരദ്വജ് സാഹു, ചരൺദാസ് മഹന്ത്, ടി.എസ് സിംഗ്‌ദോ എന്നിവരുമായും രാഹുൽ ഗാന്ധി പലവട്ടം ഇന്നലെ തന്റെ വസതിയിൽ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഭൂപേഷ് ഭഗേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഇതോടെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരായി. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേന്ദ്ര നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെ, ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് പി.എൽ പുനിയ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. ഭൂപേഷ് ഭഗേലും ടി.എസ് സിംഗ്‌ദോയും രണ്ടു തവണയായി മുഖ്യമന്ത്രിമാരാകട്ടെ എന്ന പോംവഴിയും ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്നിരുന്നു. ഛത്തീസ്ഗഢിൽ ഇന്ന് എം.എൽ.എമാരുടെ യോഗവും ചേരുന്നുണ്ട്.