Sorry, you need to enable JavaScript to visit this website.

ഉഗാണ്ടയിലേക്കൊരു ക്ഷണം

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയില്‍ നിന്ന് എഴുപത് കിലോമീറ്ററകലെ മിറ്റിയാന എന്ന സ്ഥലത്ത് ഭൂമിയും കൃഷിത്തോട്ടവുമുള്ള മലപ്പുറത്തുകാരന്‍ ചങ്ങാതി മുഹമ്മദ് ഇന്നലെ വിളിച്ചു. ഉഗാണ്ടന്‍ വിശേഷങ്ങള്‍ പങ്ക് വെച്ചു. പിന്നെ ഉഗാണ്ടയിലേക്ക് ക്ഷണിച്ചു.

ഉഗാണ്ട എന്ന് കേള്‍ക്കുമ്പോള്‍ ഈദി അമീനാണ് ആദ്യം ഓര്‍മയില്‍ വരിക.മc
ഈദി അമീനുമായി നടന്ന കൂടിക്കാഴ്ച എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ്. കൊടുംക്രൂരനെന്ന് ലോകം വിധിയെഴുതിയ ഈദി അമീന്‍റെ സ്വകാര്യ ഡ്രൈവറായി സൗദിയില്‍ മൂന്നു മാസം താല്‍ക്കാലിക ജോലി ചെയ്ത കൊടുങ്ങല്ലൂര്‍ക്കാരന്‍ സക്കീര്‍ ഹുസൈന്‍റെ കെയറോഫില്‍ ഈദി അമീനെ കാണാന്‍, എണ്‍പതുകളുടെ അവസാനം ഞാന്‍ നടത്തിയ പല പരിശ്രമങ്ങളും പാളിപ്പോയി. ശരദ്പട്ടേല്‍ സംവിധാനം ചെയ്ത, കെനിയയിലും നൈജീരിയയിലും ബ്രിട്ടനിലും സഹനിര്‍മാണം പൂര്‍ത്തിയാക്കിയ, 'അമീന്‍: ദ റൈസ് ആന്റ് ഫാള്‍' എന്ന സിനിമ കണ്ടു. ജോസഫ് ഒഗോള ഒലീറ്റ എന്ന കെനിയന്‍ നടന്‍ ഈദി അമീനെ അനശ്വരനാക്കിയ സിനിമ.
1971 മുതലുള്ള ഈദി അമീന്‍റെ വാഴ്ചയും 1979 ലെ വീഴ്ചയുമാണ് ഈ സിനിമ. ആയിടെ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യയില്‍ അമീന്‍റെ സ്വകാര്യ ഡോക്ടറായിരുന്ന കൊല്‍ക്കത്തക്കാരന്‍ ജി.എസ്. മേത്തയെക്കുറിച്ച് വന്ന ലേഖനം എന്റെ ഫയലിലുണ്ടായിരുന്നു.
കംപാലയില്‍ നിന്ന് രണ്ടാം കല്യാണം കഴിച്ച സൗദി പൗരത്വമുള്ള മലയാളിയായ ബക്കുര്‍ മലബാരിയില്‍ നിന്നും ആ രാജ്യത്തെക്കുറിച്ചും അമീനെക്കുറിച്ചും ചിലത് മനസ്സിലാക്കി. പിന്നേയും രണ്ടര മാസം കഴിഞ്ഞപ്പോഴാണ് ആ അപൂര്‍വ
അവസരം കൈ വന്നത്. ജിദ്ദ മകറോണ സ്ട്രീറ്റില്‍ കളര്‍ലാബ് നടത്തുന്ന മലപ്പുറം കോട്ടപ്പടിയിലെ മജീദ് എന്ന സുഹൃത്ത് എന്നെ ഓഫീസിലേക്ക് വിളിച്ചു.
- പെട്ടെന്ന് ഇങ്ങോട്ട് വന്നാല്‍ ഒരാളെ കാണിച്ചു തരാം.
ഞാന്‍ അര മണിക്കൂറിനകം മജീദിന്റെ സ്റ്റുഡിയോയിലെത്തി. അവിടെയതാ സാക്ഷാല്‍ ഈദി അമീന്‍ദാദ. ഇടയ്‌ക്കൊക്കെ ഈദി അമീന്‍ തന്റെ സ്റ്റുഡിയോയില്‍ വരാറുണ്ടെന്ന് മജീദ് പറയുമായിരുന്നു. ചില ഫോട്ടോ നെഗറ്റീവുകളുടെ പ്രിന്റ് സ്വകാര്യമായി എടുത്ത് കൊടുത്തിരുന്നത് മജീദായിരുന്നു. ഉഗാണ്ടയിലെ ആഭ്യന്തരകലാപം സംബന്ധിച്ച ചിത്രങ്ങള്‍, ഈദി അമീനു ശേഷം അധികാരത്തില്‍ വന്ന യുവേരി മുസവേനിയുടെയും മറ്റും പടങ്ങള്‍ എന്നിവയാണ് മജീദ്, ഈദി അമീന് പ്രോസസ് ചെയ്ത് കൊടുത്തിരുന്നത്. ( മുസവേനിയാണ് ഇപ്പോഴും ഉഗാണ്ടയിലെ പ്രസിഡന്റ്).
ഈദി അമീന് ആറു ഭാര്യമാരില്‍ 45 മക്കളെന്ന് അനൗദ്യോഗിക വിവരം. മൂത്ത മകന്‍ തബാന്‍ അമീന്‍, ഉഗാണ്ട തിരിച്ചു പിടിക്കാനുള്ള റിബല്‍ ഗ്രൂപ്പിന്റെ പോരാളിയായിരുന്നു. അയാളുടെ ഫോട്ടോയുടെ പ്രിന്റുകളും മജീദ് പ്രൊസസ് ചെയ്ത് കൊടുത്തിരുന്നു. ഏതായാലും മജീദിന്റെ സുഹൃത്ത് എന്ന് പറഞ്ഞ് ഞാന്‍ ഈദി അമീന്‍ദാദയെ സലാം ചൊല്ലി ഹസ്തദാനം ചെയ്തു. തിടമ്പേറ്റിയ ആന കണക്കെ ആജാനബാഹുവായി നിന്ന അദ്ദേഹം എന്റെ കൈപിടിച്ചു കുലുക്കി സലാം മടക്കി. (ആ കൈകളുടെ കരുത്തും പരുപരുപ്പും ഇപ്പോഴും എന്റെ ഉള്ളംകൈയില്‍).
ഉഗാണ്ടയെക്കുറിച്ച ഒരു ചോദ്യത്തിനും പക്ഷേ അദ്ദേഹം ഉത്തരം തന്നില്ല. പകരം ഇന്ത്യയെക്കുറിച്ച് ചോദിച്ചു. കശ്മീരിനെക്കുറിച്ചും ഡല്‍ഹിയെക്കുറിച്ചും ചോദിച്ചു. ആഫ്രിക്കന്‍ ഇംഗ്ലീഷ് ഇടതടവില്ലാതെ ഒഴുകി. ലെയ്‌സ് കമ്പനിയുടെ എരിവുള്ള പൊട്ടാറ്റോ ചിപ്‌സുകള്‍ കൊറിക്കുകയായിരുന്ന അദ്ദേഹം അവ എന്റെ നേരെ നീട്ടി. ഐ ലൈക് ഇന്ത്യ, ഐ ലൗവ് ഇന്ത്യന്‍സ് എന്ന് കൂടെക്കൂടെ പറഞ്ഞു കൊണ്ടിരുന്നു, അമീന്‍ദാദ. (ഇന്ത്യയെ ഇങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നുവെന്ന് പറയുന്ന ആളെന്തിനാവാം, ഉഗാണ്ടയില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഏഷ്യക്കാരെ മുഴുവന്‍ പുറത്താക്കിയത്?) അല്‍പം മുഷിഞ്ഞ നീളന്‍ കുപ്പായമായിരുന്നു (തോബ് എന്നറിയപ്പെടുന്ന അറബി വസ്ത്രം) അമീന്‍ദാദയുടെ വേഷം. തോബിന്റെ കീശയില്‍ നാലു തടിയന്‍ പേനകള്‍.
1971 മുതല്‍ എട്ടുവര്‍ഷം ഏകാധിപതിയായി വാണ ഈദി അമീന്‍ മനുഷ്യമാംസം ഭക്ഷിച്ചിരുന്നുവെന്നും മനുഷ്യമാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നുവെന്നും തന്റെ ഭരണ കാലത്ത് ലക്ഷക്കണക്കിന് മനുഷ്യരെ കൂട്ടക്കശാപ്പ് നടത്തിയിരുന്നുവെന്നും ആഗോള മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ പരാതിപ്പെട്ടത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഞാനോര്‍ത്തു.
യൂറോപ്യ•ാരെക്കൊണ്ട് തന്നെ ചുമലിലേറ്റി അമീന്‍ നൃത്തം ചെയ്യിച്ചിരുന്നുവത്രേ. പട്ടാള അട്ടിമറിയിലൂടെ 1971 ല്‍ മില്‍ട്ടണ്‍ ഒബോട്ടയെ അട്ടിമറിച്ചാണ് ഉഗാണ്ടന്‍ പട്ടാള കമാന്ററായിരുന്ന ഈദി അമീന്‍ ഭരണം പിടിച്ചെടുത്തത്. എട്ടു കൊല്ലത്തെ നരമേധത്തിന് അന്ത്യമായത് അയല്‍രാജ്യമായ ടാന്‍സാനിയന്‍ സൈന്യം ഉഗാണ്ടയിലേക്ക് ഇരച്ചുകയറിയപ്പോള്‍ മാത്രം. ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫി മാത്രമാണ് ഈദി അമീനെ സഹായിക്കാനുണ്ടായിരുന്നത്. 1979 - ല്‍ ടാന്‍സാനിയയോട് യുദ്ധത്തില്‍ തോറ്റ ഈ ഏകാധിപതി ആദ്യം ലിബിയയിലും പിന്നീട് സൗദി അറേബ്യയിലും രാഷ്ട്രീയാഭയം തേടി. കായെ, നൂറ, മദിന, സാറ എന്നീ ഭാര്യമാരോടും മുപ്പതോളം മക്കളുമൊത്താണ് അമീന്‍ സൗദിയില്‍ അഭയം തേടിയത്. മറ്റു മക്കള്‍ ലണ്ടനിലായിരുന്നു. ആദ്യഭാര്യ മല്‍യാമുവിനെ അതിനിടെ അമീന്‍ വിവാഹമോചനം ചെയ്തിരുന്നു. 1989 ല്‍ ജിദ്ദയില്‍ നിന്ന് ഉഗാണ്ടയിലേക്ക് തിരികെപ്പോകാന്‍ ഈദി അമീന്‍ നടത്തിയ ശ്രമം മധ്യ ആഫ്രിക്കന്‍ രാജ്യമായ സയറെയുടെ പ്രസിഡന്റ് മൊബൂട്ടു, മാര്‍ഗമധ്യേ പരാജയപ്പെടുത്തി.
ആയിടയ്ക്കാണ് ഈദി അമീനുമായുള്ള ഹ്രസ്വമായ കൂടിക്കാഴ്ച എനിക്ക് തരപ്പെട്ടത്. അപ്പോഴേക്കും അദ്ദേഹത്തിന്റ സുരക്ഷ വീണ്ടും ശക്തമാക്കിയിരുന്നു. അത് കൊണ്ട് തന്നെ കൂടുതലൊന്നും രാഷ്ട്രീയം പറയാന്‍ ഈദി അമീന്‍ കൂട്ടാക്കിയില്ല. ഫോട്ടോ പ്രിന്റുകള്‍ റെഡിയായപ്പോള്‍ അവയുടെ പണം കൊടുത്ത് അദ്ദേഹം എന്നോടും മജീദിനോടും ബൈ പറഞ്ഞു. ഒരു പടത്തിനു പോസ് ചെയ്യാമോ എന്ന എന്റെ ആവശ്യവും നിരാകരിക്കപ്പെട്ടു. രാഷ്ട്രീയാഭയമായത് കൊണ്ട് ഫോട്ടോയെടുക്കല്‍ അനുവദനീയമല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ ചോദിച്ചത് (മൊബൈല്‍ ക്യാമറകളോ സെല്‍ഫിയോ ഇല്ലാത്ത കാലം). അദ്ദേഹം സ്റ്റുഡിയോയില്‍ നിന്നു പോകുമ്പോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു: നാളത്തെ ഉഗാണ്ട ഈദി അമീന്റെ ഉഗാണ്ടയാണ്. എന്റെ രാജ്യമാണ് ഉഗാണ്ട. ഞാന്‍ അങ്ങോട്ടു തന്നെ തിരിച്ചു പോകും...പുറത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത ക്രീം നിറത്തിലുള്ള നിസാന്‍ സലൂണ്‍ കാറിന്റെ പിന്‍സീറ്റില്‍ കലപില കൂട്ടുന്ന അഞ്ചോ ആറോ കരുത്തരായ കുട്ടികള്‍. എല്ലാവരും അമീന്റെ മക്കള്‍. ഡോര്‍ തുറന്നപ്പോള്‍ അദ്ദേഹം ഞങ്ങളോട് കൈവീശി സ്വയം കാറോടിച്ച് പോയി. അത്യപൂര്‍വമായ ഈ കണ്ടുമുട്ടല്‍ ഏറെനാളുകള്‍ എന്നെ ഹോണ്ട് ചെയ്തു.
1989 ല്‍ മാതൃരാജ്യത്തിലേക്കുള്ള മടക്കയാത്ര മുടങ്ങി ജിദ്ദയിലേക്ക് തന്നെ തിരിച്ചുപോരേണ്ടി വന്ന ഈദി അമീന്‍ 2003 ജൂലൈയില്‍ രോഗബാധിതനായി. ജിദ്ദ ഖാലിദിയയിലുള്ള കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായ ഉഗാണ്ടയുടെ ഉഗ്രപ്രതാപിയും അതേ സമയം ഉന്‍മാദിയുമായ ഈ ഭരണാധികാരി ഏതാണ്ട് മൂന്നാഴ്ച രോഗത്തോട് പൊരുതി 2003 ഓഗസ്റ്റ് 16 ന് മരണപ്പെട്ടു. മരണം സ്ഥിരീകരിച്ചത് ആശുപത്രിയില്‍ പരിചരിക്കാന്‍ നിന്ന അമീന്റെ മൂന്നാം ഭാര്യ മദിനയായിരുന്നു. ജിദ്ദ റുവൈസിലെ ശ്മശാനത്തിലാണ് ഈദി അമീനെ ഖബറടക്കിയത്.
****
ഈസ്റ്റ് ആഫ്രിക്കയുടെ ഇടനെഞ്ചായ ഉഗാണ്ടയില്‍ ഇടമുറിയാതെ മഴ പെയ്യുന്നു. ഇടയ്ക്കിടെ ഇടി വെട്ടുന്നു. ഫാംഹൗസ് മഴയില്‍ കുളിച്ചു നില്‍ക്കുന്നു.. മുഹമ്മദിന്റെ മൊബൈല്‍ ചിത്രങ്ങളില്‍, എട്ടുകൊല്ലം ഈദി അമീന്‍ ഇളക്കിമറിച്ച രാജ്യം കരിമേഘങ്ങള്‍ക്ക് ചുവടെ, നനഞ്ഞു കിടക്കുന്നത് കണ്ടു.

 

Latest News