ബെംഗളുരു- രാജ്യത്തെ മുന്‍നിര ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനമായ ബെഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി(ഐ.ഐ.എസ്.സി)ല്‍ ഉണ്ടായ ശക്തിയേറിയ സ്‌ഫോടനത്തില്‍ 32കാരനായ ഗവേഷകന്‍ കൊല്ലപ്പെട്ടു. മറ്റു മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ച കഴിഞ്ഞ 2.20ഓടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എയറോസ്‌പേസ് ലാബില്‍ അപകടമുണ്ടാത്. ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണ് റിപോര്‍ട്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നാലു ഗവേഷകരും ദൂരേക്ക് തെറിച്ചു വീണു. മരിച്ച മനോജ് കുമാര്‍ എന്ന ഗവേഷകന്‍ 20 അടിയോളം അപ്പുറത്താണ് ചെന്നു പതിച്ചത്. ഇദ്ദേഹം തല്‍ക്ഷണം മരിച്ചതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ ആദ്യമായാണ് ഇങ്ങനെ ഒരു അപകടമുണ്ടാകുന്നതെന്ന് സുരക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Scholar killed, 3 injured in laboratory blast in IISc#DH_Video by @SandeshMysore7 pic.twitter.com/VbigAKoeUL
— Deccan Herald (@DeccanHerald) December 5, 2018
പരിക്കേറ്റവര്‍ക്ക് മുറിവുകള്‍ക്കു പുറമെ സാരമായ പൊള്ളലേറ്റിട്ടുമുണ്ട്. സ്‌ഫോടനം കാരണം കണ്ടെത്തുന്നതിന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി പരിശോധനകള്‍ ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ കീഴിലുള്ള സ്റ്റാര്‍ട്ടപ് കമ്പനിയായ സൂപ്പര്‍ വേവ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ട ഗവേഷകര്‍.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ എയറോസ്‌പേസ് ഗവേഷണ കേന്ദ്രമായ ഹൈപര്‍സോണിക് ആന്റ് ഷോക്ക് വേവ് റിസര്‍ച് ലബോറട്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടെ നൈട്രജന്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍, ഹീലിയം തുടങ്ങിയ വാതകങ്ങളുടെ സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. ഈ വാതകങ്ങള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ ദേവരാജു പറഞ്ഞു. ഉന്നത പോലീസ് ഓഫീസര്‍മാരും സ്ഥലത്തെത്തി. സദാശിവനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.