തിരുവനന്തപുരം- സി.പി.എം എപ്പോഴും അങ്ങിനെയാണ്. കൂടെ നിൽക്കുന്നവർക്ക് വലിയ പ്രത്യയശാസ്ത്ര ശാഠ്യമൊന്നുമില്ലെങ്കിൽ കൂടെയങ്ങ് ചേർത്ത് ചേർത്ത് നിർത്തും. മന്ത്രി ഡോ.കെ.ടി.ജലീലിനെപോലുള്ളവർ ഇപ്പോൾ വെച്ചനുഭവിക്കുന്ന സൗഭാഗ്യം അത്തരമൊന്നാണ്. 1967 ലെ മുന്നണിയുടെ കാലത്ത് ഇ.എം.എസ് നടത്തിയ പ്രസിദ്ധമായ പ്രയോഗമാണ് 'മന്ത്രിസഭയെ കണ്ണിലെ കൃഷ്ണമണി ' പോലെ സൂക്ഷിക്കുമെന്നത്. ജലീലിന് പാർട്ടിയൊന്നുമില്ലാത്തതിനാൽ പ്രത്യയ ശാസ്ത്ര പ്രശ്‌നങ്ങളൊന്നുമില്ല. പിളരാനോ, പിരിയാനോ സാധ്യമല്ല. കൃഷ്ണമണിയായോ അല്ലാതെയോ സംരക്ഷിക്കുന്ന കാര്യത്തിൽ 'മലകളിളകിലും മനമിളകാ ' എന്ന നിലപാടെടുക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒരു തടസ്സവുമില്ലാത്തത് ഇതു കൊണ്ടാകാം. മന്ത്രി കെ.ടി.ജലീലിനെതിരെ വന്ന ബന്ധുനിയമന ആരോപണം നിസ്സാരവൽക്കരിച്ച് തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിയിരുന്നില്ല.
ആരോപണത്തിന്റെ ഇടിയായും കാറ്റായും ജലീൽ പ്രശ്‌നം നിയമസഭയിൽ ആഞ്ഞടിച്ചിട്ടും എന്തഴിമതി ഏതഴിമതി എന്ന് നിസ്സാരവൽക്കരിച്ച മുഖ്യമന്ത്രിയുടെ മറുപടി കേട്ട് കണ്ടോ, കണ്ടോ എന്നാവേശം കൊള്ളുന്ന ട്രഷറി ബഞ്ച് ജലീലിന് വലിയ ആവേശം തന്നെയായിരിക്കും നൽകിയിട്ടുണ്ടാവുക. അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കരാർ എടുത്തിട്ടുണ്ടോ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യമൊക്കെ അതുകൊണ്ട് തന്നെ ഉത്തരമില്ലാതെ അലഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന കെ.ടി ജലീലിന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിൽ മുഖ്യമന്ത്രിയുടെ നിലപാടിൽ ഒരു ചാഞ്ചാട്ടവും ആരും കണ്ടില്ല. സർക്കാർ ഒപ്പമുണ്ട് എന്ന ആർക്കായാലും വലിയ ധൈര്യം കിട്ടുന്ന നിലപാടായിരുന്നു സർക്കാരിനും മുഖ്യമന്ത്രിക്കും.
ഇ.പി ജയരാജൻ ചെയ്തതിലും വലിയ തെറ്റല്ലേ ജലീൽ ചെയ്തത്. ബന്ധുനിയമനത്തിൽ ജലീലിനെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട്, ഇതേനീതി ജയരാജന് നൽകിയില്ല? എന്നൊക്കെയുള്ള ചോദ്യമെല്ലാം വെറുതെയായിപ്പോയി. പഠിച്ച കള്ളന്മാർ ചെയ്യുന്ന രീതിയിലാണ് മന്ത്രി കാര്യങ്ങളൊക്കെ ചെയ്ത് വെച്ചതെന്ന് പച്ചയായി പറയാൻ രമേശ് ചെന്നിത്തലക്ക് അൽപ്പം പോലും സങ്കോചമില്ലായിരുന്നു.
അദീബിന്റെ നിയമനം ശരിയാണെന്ന് ന്യായീകരിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോയെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ചോദ്യമൊക്കെ ആർക്കു കേൾക്കണം. ജലീലിന് ഒരു നീതി, ജയരാജന് മറ്റൊരു നീതി എന്നതാണ് അവസ്ഥയെന്ന കഠിന വിമർശമൊക്കെ ഹോ.. ഇതൊക്കെ ഒരുപാട് കേട്ടതല്ലെ എന്ന പരിഹാസത്തിലാണ് ഭരണ ബഞ്ച് സ്വീകരിച്ചത്.
അഴിമതിയുടെ ചെളിക്കുണ്ടിൽ സർക്കാർ പൂണ്ടുപോയതായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ. മുരളീധരൻ നിരീക്ഷിച്ചിരുന്നു. മന്ത്രി ചൂണ്ടിക്കാട്ടുന്നസ്ഥലത്ത് ഒപ്പിടേണ്ട ആളോണോ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന മുരളിയുടെ ചോദ്യത്തിന് ഒരുപാട് അർഥ തലം. ഒടുവിൽ അല്ലല്ലോയെന്ന് മുരളീധരൻ സ്വയം സമാധാനിച്ചു. ജലീലിന്റെ ബന്ധു നിയമനത്തിൽ നിയമപോരാട്ടവുമായി പ്രതിപക്ഷം ഏതറ്റം വരെയും പോകുമെന്ന മുരളീധരന്റെ പ്രഖ്യാപനം മുഖ്യ ഘടകകക്ഷിയായ ലീഗ് ഉയർത്തി ക്കൊണ്ടുവന്ന രാഷ്ട്രീയത്തിനുള്ള വലിയ ഐക്യദാർഢ്യമായി.
ലീഗിന്റെ യുവജന സംഘടനയിൽ ഒന്നിച്ചു പ്രവർത്തിച്ചവരാണ് ഡോ.എം.കെ. മുനീറും ഡോ.കെ.ടി ജലീലും. ഇരുമെയ്യാണെങ്കിലും ഒന്ന് എന്ന മട്ടിൽ ജീവിച്ചവർ. പാർട്ടി മാറി വിമർശത്തിന്റെ ഘട്ടമെത്തുമ്പോൾ അതൊന്നും പക്ഷെ പരിഗണനാ വിഷയമേ ആകില്ല. പാർട്ടിക്കാരൻ എന്ന നിലക്ക് സ്വപുത്രനായ ഇ.പി.ജയരാജന് കൊടുക്കാത്ത പരിഗണനയെന്തിനാണ് ദത്തു പുത്രനായ ജലീലിനെന്നാണ് മുനീറിനറിയേണ്ടത്. വിവാദ നിയമനം കിട്ടിയ അദീബ് ബന്ധുത്വം കൊണ്ട് യഥാർഥത്തിൽ ജലീലിന്റെ മകനെപോലെ തന്നെയാണ്. അങ്ങിനെയുള്ളയാളെ അകന്ന ബന്ധു എന്ന് പറഞ്ഞ ജലീൽ നാളെ മറ്റ് ചിലരെയും വകയിൽ ഒരു ബന്ധു എന്ന് വിളിക്കുമോ എന്ന മുൻ സഹപ്രവർത്തകന്റെ രൂക്ഷമായ ചോദ്യം ആരിലും വലിയ പ്രതികരണമൊന്നുമുണ്ടാക്കി കണ്ടില്ല.
''കെ.ടി ജലീൽ ചട്ട ലംഘനമോ, സത്യപ്രതിജ്ഞാ ലംഘനമോ ഒന്നും തന്നെ നടത്തിയിട്ടില്ല. നിയമനം മൂലം കോർപ്പറേഷന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. സമാന തസ്തികയിൽ മുമ്പും ഡെപ്യൂട്ടഷൻ നിയമനം നടത്തിയിട്ടുണ്ട്. ഓർമ്മവേണം.
യു.ഡി.എഫ് കാലത്തും ഇത്തരം നിയമനങ്ങൾ നടന്നു. ആ കാലത്തെ ചരിത്രം എണ്ണിയാൽ തീരില്ല. ''
ജലീലിന്റെ ബന്ധു അദീബിന്റെ നിയമനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിധം വാക്കിന്റെ കോട്ട തീർത്തു. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എമാരുടെ വാക്കൗട്ട് . അതേസമയം ലീഗ് എം.എൽ.എമാർ നടുത്തളത്തിലിറങ്ങി ജലീലിന്റെ രാജിക്കായി മുദ്രാവാക്യങ്ങളുമായി അണി ചേർന്നു. അപ്പോഴേക്കും കോൺഗ്രസ് അംഗങ്ങളും കുതിച്ചെത്തി. ടി.വി ഇബ്രാഹിമും സംഘവും വിളിച്ചു കൊടുത്ത ജലീൽ വിരുദ്ധ മുദ്രാവാക്യത്തിൽ ' കൊച്ചാപ്പ എന്ന വാക്കും, ആദർശത്തിൻ മൂത്താപ്പയുമൊക്കെ ' ചേർത്തുള്ള ഭാഗങ്ങൾ ഉയർന്നു കേട്ടു. ഒടുവിലുള്ള 'ബബ്ബ 'യും.
പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തിലാണ് മറ്റ് നടപടികൾ സഭ പൂർത്തീകരിച്ചത്.