വാഷിങ്ടൺ- അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്യൂ ബുഷ് അന്തരിച്ചു. 94 വയസായിരുന്നു. സീനിയർ ബുഷ് എന്നറിയപ്പെടുന്ന ജോർജ് എച്ച് ഡബ്യു ബുഷ് അമേരിക്കയുടെ 41-ാം പ്രസിഡന്റ് ആയിരുന്നു. 43-ാം പ്രസിഡന്റ് ആയിരുന്ന ജോർജ്ജ് ബുഷിന്റെ പിതാവാണ് ഇദ്ദേഹം. അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയും ബുഷ് പ്രവർത്തിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി അംഗം ആയിരുന്ന ബുഷ് 1989 മുതൽ 1993 വരെ ആയിരുന്നു പ്രസിഡന്റ് സ്ഥാനം വഹിച്ചത്. 1981 മുതൽ 1989 വരെ വൈസ് പ്രസിഡന്റ് ആയിരുന്നു. ലോക ചരിത്രത്തിലെ പല നിർണായക സംഭവങ്ങളും നടന്നത് ജോർജ് ബുഷിന്റെ കാലത്തായിരുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശം, സോവിയറ്റ് യൂണിയന്റെ പതനം, ബെർലിൻ മതിൽ തകർക്കൽ തുടങ്ങിയവയെല്ലാം ജോർജ് ബുഷിന്റെ കാലത്തായിരുന്നു. സീനിയർ ബുഷിന്റെ ഭാര്യ ബർബറ ബുഷ് ഇക്കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്.