Sorry, you need to enable JavaScript to visit this website.

യു.പിയില്‍ പാര്‍ട്ടി നേതാവിന്റെ ബന്ധു എസ്.ഐയുടെ മുഖത്തടിച്ചു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും എം.എല്‍.സിയുമായ രമേശ് യാദവിന്റെ ബന്ധുവാണെന്ന് അവകാശപ്പെട്ടയാള്‍ പോലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ മുഖത്തടിച്ചു.
പശ്ചിമ യു.പിയിലെ യെത്തായിലാണ് സംഭവം.
രമേശ് യാദവിന്റെ ബന്ധുവാണെന്നും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത മോഹിത് യാദവിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് വീണ്ടും രാഷ്ട്രീയ നേതാവിന്റെ ബന്ധുവാണെന്ന് അവകാശപ്പെട്ട് എസ്.ഐ ജിതേന്ദ്ര കുമാറിന്റെ മുഖത്ത് ആഞ്ഞടിച്ചത്.  മറ്റു പോലീസുകാര്‍ ഇയാളെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു പോലീസുകാരന്റെ കോളറില്‍ പിടിക്കുകയും ചെയ്തു. യുവാവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നത് ഉള്‍പ്പെടെയള്ള സംഭവങ്ങളെല്ലാം ക്യാമറയില്‍ പതിഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി മോഹിത് യാദവിനെ അറസ്റ്റ് ചെയ്തു.
ഒരു ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് തൊഴില്‍രഹിതനായ മോഹിതും പിതാവും രാവിലെ ആശുപത്രിയില്‍ എത്തിയത്. എക്‌സറേ എടുക്കാന്‍ ക്യൂ ഒഴിവാക്കി തരണമെന്നായിരുന്നു മോഹിതിന്റെ ആവശ്യം. ആവശ്യം നിരാകരിച്ചതോടെ ക്ഷുഭിതനായ മോഹിത് ക്യൂ തെറ്റിച്ച് കയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് ലാബ് ജീവനക്കാരെയും ഡോക്ടറെയും മര്‍ദിക്കുകയായിരുന്നു. മോഹിതിന്റെ കയ്യില്‍നിന്ന് ഒരു നാടന്‍ തോക്ക് കണ്ടെത്തിയിട്ടുണ്ട്. യുവാവ് മദ്യപിച്ചിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

 

Latest News