റിയാദ് - സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരില്‍നിന്ന് 150 മുതല്‍ 500 റിയാല്‍വരെ പിഴ ഈടാക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മാധ്യമ വിഭാഗം മേധാവി ലെഫ്. കേണല്‍ തലാല്‍ അല്‍ശഹ്‌ലൂബ് അറിയിച്ചു.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് സംസാരിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കും. നഗരങ്ങളിലും പുറത്തും ഇതു തന്നെയായിരിക്കും ശിക്ഷ. എം.ബി.സി ചാനല്‍ നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് ലെഫ്. കേണല്‍ അല്‍ശഹ്‌ലൂബ് പിഴ ശിക്ഷ വെളിപ്പെടുത്തിയത്.
ഡ്രൈവിംഗിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും കൈ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിരീക്ഷിച്ച് ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം ഞായറാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങുകയാണ്. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ ഹൈവേകളിലാണ് ആദ്യഘട്ടം. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ കാരണം അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് തലാല്‍ അല്‍ശഹ്‌ലൂബ് പറഞ്ഞു.