കൽപറ്റ- ശബരിമലയിൽ പ്രായഭേദമെന്യേ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കണമെന്നാണ് സംസ്ഥാന സർക്കാർ താൽപര്യമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. മണ്ഡലകാലത്തു ശബരിമലയിൽ സമാധാനം പുലരണമെന്നതിലായിരുന്നു സർക്കാറിനു താത്പര്യമെങ്കിൽ ഉത്തരവ് നടപ്പിലാക്കുന്നതിനു സാവകാശം അനുവദിക്കണമെന്നു സുപ്രീം കോടതിയോട് അപേക്ഷിക്കുമായിരുന്നുവെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ദൗർഭാഗ്യവശാൽ അത്തരം നീക്കം ഉണ്ടായില്ല. യു.ഡി.എഫായിരുന്നു അധികാരത്തിലെങ്കിൽ സാവകാശത്തിനു സുപ്രീം കോടതിയിൽ അപേക്ഷ നൽകുമായിരുന്നു.
ശബരിമല വിഷയത്തിൽ ഇന്നു ചേരുന്ന സർവകക്ഷി യോഗത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധികൾ പങ്കെടുക്കും. യോഗത്തിൽ അമിത പ്രതീക്ഷയില്ല. സർക്കാർ നിലപാട് സർവകക്ഷി യോഗം ചേരുന്നതിനു മുമ്പു തന്നെ മുഖ്യമന്ത്രി വ്യക്തമാക്കി. യുവതി പ്രവേശനത്തിനു സുപ്രീം കോടതി സ്റ്റേ ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സർവകക്ഷി യോഗം വിളിച്ച സ്ഥിതിക്ക് സർക്കാറിനു കുറച്ചുകൂടി സംയമനം പാലിച്ച് മണ്ഡല കാലം സമാധാനത്തോടെ കടന്നുപോകുന്നതിനു സാഹചര്യം ഒരുക്കാമായിരുന്നു. സർവകക്ഷി യോഗത്തിലൂടെ സർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല.
ശബരിമല വിഷയം ബി.ജെ.പിയും ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മും ദുരുപയോഗം ചെയ്യുകയാണ്. സി.പി.എമ്മും ബി.ജെ.പിയും ശബരിമലയെ രാഷ്ട്രീയക്കളികൾക്കു ഉപയോഗപ്പെടുത്തിയത് കേരളത്തിലെ ജനങ്ങൾക്കു ഇഷ്ടമായിട്ടില്ല. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതു പ്രതിഫലിക്കും. കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിൽ 16 ഉം യു.ഡി.എഫിനു ലഭിക്കുമെന്നാണ് സർവേ റിപ്പോർട്ടുകളിൽ പറയുന്നത്. ജനങ്ങളെ വിലകുറച്ചു കണ്ടുള്ള പോക്ക് ബി.ജെ.പിക്കും സ.ിപി.എമ്മിനും വിനയായിത്തീരും. കേരളം കാംക്ഷിക്കുന്നതു സമാധാനമാണ്. എന്നാൽ സർക്കാർ അതിനു തയാറാകുന്നില്ല. ജനങ്ങളെ മുൾമുനയിൽ നിർത്തുന്നതു സർക്കാരിനു ഭൂഷണമല്ല. ശബരിമലയിൽ ദർശനത്തിനു എത്തുന്നവരെ തടയുന്നതും രേഖകൾ പരിശോധിക്കുന്നതും നിയമം കൈയിലെടുക്കലാണ്.
ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കിയതാണ്. ജനാധിപത്യ-ഗാന്ധിയിൻ രീതികളിൽ ബോധവത്കരണവും കാമ്പയിനുമാണ് യു.ഡി.എഫ് നടത്തുക. തടയലും അക്രമവും കല്ലേറും ഒന്നും മുന്നണിയുടെ രീതിയല്ല.
മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദം അങ്ങേയറ്റം വഷളായി. ഇതുപോലൊരു വിവാദം കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. ബന്ധു ബന്ധുവിനു വേണ്ടി വളരെ ആസൂത്രിതമായി നടത്തിയതാണ് നിയമനം. ജലീൽ നടത്തിയ നിയമനം വെച്ചുനോക്കുമ്പോൾ ജയരാജന്റേത് ഒന്നുമല്ല. നിയമന വിവാദത്തിൽ ജലീൽ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്നു ദിവസങ്ങൾ കഴിയും തോറും വ്യക്തമാകുകയാണ്. നിയമന വിവാദം യു.ഡി.എഫ് വളരെ ഗൗരവത്തിലാണ് കാണുന്നത്. 19 ലെ യു.ഡി.എഫ് യോഗം വിഷയം ചർച്ച ചെയ്യും. ഇതിലേറെ വഴിവിട്ട നിയമനം ഇനി ഉണ്ടാകാനില്ല. ഈ വിഷയത്തിൽ മന്ത്രിക്ക് ഇനി പറഞ്ഞുനിൽക്കാൻ കഴിയുമെന്നു കരുതുന്നില്ല. മന്ത്രിയുടെ രാജി ഉറപ്പു വരുത്തുന്നതിനു ലീഗിന്റെ തനതു സമര മുറകളും ഉണ്ടാകും. യു.ഡി.എഫ് യോഗത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും -കുഞ്ഞാലിക്കുട്ടി പറഞ്ഞു.