കാസര്‍കോട്- വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ അഹമ്മദ് ശരീഫിനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് വ്യാപാരി നേതാക്കളെ കൂടി സംഘടനയില്‍നിന്ന് പുറത്താക്കി. ജില്ലാ ജനറല്‍ സെക്രട്ടറി ചിറ്റാരിക്കാലിലെ ജോസ് തയ്യില്‍, സെക്രട്ടറി നീലേശ്വരത്തെ പ്രത്യോധനന്‍ എന്നിവരെ നേരത്തെ സസ്‌പെന്റ് ചെയ്യുകയും ജോസ് തയ്യലിന് പകരം സജി പനത്തടിയെ ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു.
ഇവര്‍ക്കു പുറമെ മുന്‍ ജില്ലാ പ്രസിഡന്റ് ചുള്ളിക്കരയിലെ പി.എ ജോസഫ്, സംസ്ഥാന കമിറ്റി അംഗം കാസര്‍കോട്ടെ ഹമീദ് അരമന, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷററുമായ എ.സുബൈര്‍, മര്‍ച്ചന്റ് യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് കാഞ്ഞങ്ങാട്ടെ സമീര്‍, മുന്‍ ജില്ലാ സെക്രട്ടറി നീലേശ്വരത്തെ സി.എം അശോക് കുമാര്‍, ജില്ലാ കൗണ്‍സിലര്‍ നീലേശ്വരത്തെ പി.ടി രാജേഷ് എന്നിവരെയാണ് സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ജില്ലാ പ്രസിഡന്റ് അഹമ്മദ് ശരീഫ് ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ എട്ടു പേര്‍ക്കെതിരെ കേസെടുത്തിരുന്നു.