മൽബു
തീറ്റപ്പാർട്ടി എന്തിനാണെന്ന് മൊയ്തുവിനോട് ആരും ചോദിക്കാറില്ല. ഒന്നു രണ്ടു മാസം കൂടുമ്പോൾ മൊയ്തുവിന്റെ വക ഒരു പാർട്ടിയുണ്ടാകും. ഹോട്ടലിൽ അല്ലെങ്കിൽ റൂമിൽ. ബ്രോസ്‌റ്റോ മന്തിയോ ആയിരിക്കും വിഭവം.
ഏതു വകയിലെന്ന് മൊയ്തു പറയില്ലെന്ന് അറിയാമെങ്കിലും കഴിച്ചുകൊണ്ടിരിക്കേ ആരെങ്കിലും ഒന്നുകൂടി ട്രൈ ചെയ്യും.
എന്നാലും പറ മൊയ്തൂ. എന്താ കോള്?
അന്നേരം ഒന്നു തറപ്പിച്ചുനോക്കിയ ശേഷം ചിരിച്ചുകൊണ്ട് മൊയ്തു പറയും: എ.ടി.എം.
അടുത്ത കൂട്ടുകാർക്ക് ആദ്യത്തെ ബ്രോസ്റ്റ് നൽകിയപ്പോഴാണ് പാർട്ടിയുടെ കാരണമായി എം.ടി.എം എന്നു മൊയ്തു പറഞ്ഞത്.
എ.ടി.എമ്മിൽനിന്ന് പണമെടുത്തപ്പോൾ അധികം കിട്ടിക്കാണുമെന്നാണ് പലരും അന്ന് കരുതിയത്.
അങ്ങനെ എ.ടി.എമ്മിൽനിന്ന് അധികം പണം കിട്ടിയതാണെങ്കിൽ അതുകൊണ്ട് ശാപ്പിടുന്നത് ശരിയല്ലെന്ന് തർക്കിച്ച് ഹൈദ്രോസ് ഇറങ്ങിപ്പോകാൻ ഒരുങ്ങിയപ്പോഴാണ് മൊയ്തു എ.ടി.എമ്മിന്റെ നിർവചനം പ്രഖ്യാപിച്ചത്.
അപ്പം തിന്നാൽ മതി എന്നായിരുന്നു ആ നിർവചനം. കുഴി എണ്ണണ്ട എന്നു ബാക്കി.
അതത്ര ഇഷ്ടപ്പെടാത്തതുകൊണ്ടോ എന്തോ ഹൈദ്രോസ് പിന്നെ മൊയ്തുവിന്റെ പാർട്ടിക്ക് വരാറില്ല.
വീണ്ടുമൊരു എ.ടി.എം പാർട്ടി സംഘടിപ്പിച്ചിരിക്കയാണ് മൊയ്തു. ബ്രോസ്റ്റ് കഴിഞ്ഞ് പല്ലിൽ കുത്തിക്കൊണ്ടിരിക്കേയാണ് നാണി അക്കാര്യം പറഞ്ഞത്.
നമ്മുടെ ഹൈദ്രോസ് ഉറുക്കിന്റെ പണി തുടങ്ങി. ഒരാഴ്ചയായി കമ്പനിയിൽ പണിയില്ല. ഇന്നലെ ഞാൻ ചോദിച്ചപ്പോഴാണ് ഉറുക്കിന്റെ പണിയെ കുറിച്ച് പറഞ്ഞത്.
ഭവിഷ്യത്ത് ഓർക്കാതെയാവും: മൽബു പറഞ്ഞു. അകത്താകുന്ന കേസാണെന്ന് നാണി പറഞ്ഞുകൊടുത്തില്ലേ. ഉറുക്കിന്റെ പണിയൊക്കെ ബ്ലാക്ക് മാജിക്കിൽ വരുന്നതാണ്. ആരെങ്കിലും ഒന്നുകൂടി ഹൈദ്രോസിനെ പറഞ്ഞു ബോധ്യപ്പെടുത്തണം.
പണിയില്ലെങ്കിൽ പട്ടിണി കിടക്കാം. ഇതിപ്പോ അകത്തായാൽ പിന്നെ നാട് കാണില്ല.
പണിയില്ലെങ്കിൽ പിന്നെ അകത്താകുന്നതു തന്നെയാ ഭേദം. നല്ല ഫുഡും കഴിച്ച് കൂടാലോ: മൊയ്തു പറഞ്ഞു.
വലിയ ആദർശവാദിയല്ലേ. മൂപ്പര് ഇതൊക്കെ ചെയ്യാമോ. കാരണം പറയാത്തതു കൊണ്ട് പാർട്ടിക്ക് വരാത്തയാളല്ലേ?
മൊയ്തൂ ഇത് തമാശക്കളിയല്ല. ഗുരുതരമാണ്. ഉടൻ തന്നെ ഹൈദ്രോസിനെ കണ്ട് പിന്തിരിപ്പിക്കണം: മൽബു വീണ്ടും പറഞ്ഞു.
ഹൈദ്രോസ് ഇതൊക്കെ മുതലാളിച്ചിയുടെ അടുത്തുനിന്ന് പഠിച്ചതായിരിക്കും: നാണി പറഞ്ഞു.
അതെന്താ?
ഹൈദ്രോസിന്റേത് കൺസ്ട്രക്ഷൻ കമ്പനിയാണല്ലോ. ഇന്നാളൊരു ദിവസം അവിടെ വേറെ ഏതോ കമ്പനിയുടെ മുതലാളി വന്നുപോലും. അയാൾ പോയപ്പോൾ മുതലാളിച്ചി ഹൈദ്രോസിനെക്കൊണ്ട് അവിടെയൊക്കെ ഉപ്പ് വിതറിച്ചു. അയാളുടെ സന്ദർശനം ദുഷ്ടലക്ഷ്യത്തോടെയാണെന്ന് മുതലാളിച്ചിക്ക് മനസ്സിലായതു കൊണ്ടാണത്രേ ഉപ്പിട്ട് ശുദ്ധീകരണം നടത്തിയത്. സോഫയിൽനിന്നും മറ്റും ഉപ്പ് തുടച്ചെടുത്തതിന് അന്ന് ഹൈദ്രോസിന് നൂറ് റിയാൽ അധികം കിട്ടുകയും ചെയ്തു.
ഇപ്പോൾ എല്ലാവരുമുണ്ടല്ലോ. നമുക്കൊന്ന് പോയി ഹൈദ്രോസിനെ കണ്ട് ഉറുക്കിന്റെ പണി നിർത്താൻ പറയാം. കമ്പനിക്ക് പുതിയ കരാർ കിട്ടുന്നതുവരെ തൽക്കാലം ഭക്ഷണം നാണിയുടെ മെസ്സിൽ ഏർപ്പാടാക്കുകയും ചെയ്യാം.
അങ്ങനെ എല്ലാവരും ഹൈദ്രോസിന്റെ ഫഌറ്റിലെത്തി.
ഹൈദ്രോസ് അപ്പോൾ ഒരു തോർത്ത് കഴുത്തിലിട്ട് കൈയിലൊരു കോഴിമുട്ടയും പിടിച്ച് നിൽക്കുകയായിരുന്നു.
എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോൾ പരിഭ്രമിച്ചഹൈദ്രോസിന്റെ കൈയിൽനിന്ന് മുട്ട വീണു പൊട്ടി.
അതു കോഴിമുട്ടയാണോ, കാട മുട്ടയാണോ: നാണി മൊയ്തുവിനോട് സ്വകാര്യം ചോദിച്ചു.
മൊയ്തു മറുപടി ഒരു നുള്ളിലൊതുക്കി.
എന്താ എല്ലാവരും കൂടി ഒരുമിച്ചിങ്ങോട്ട്. ഹൈദ്രോസ് ചോദിച്ചു.
മൊയ്തുവിന്റെ എ.ടി.എം ഉണ്ടായിരുന്നു. അതു കഴിഞ്ഞപ്പോ ഇങ്ങോട്ടോന്ന് വരാമെന്ന് വിചരിച്ചു. വിശേഷമൊന്നുമില്ല.
വിശേഷമൊക്കെയുണ്ട്: ആരോട് എന്ത് എപ്പോൾ പറയണമെന്ന കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലാത്ത നാണി പറഞ്ഞു: നിങ്ങള് ഉറുക്കിന്റെ പണി തുടങ്ങിയ കാര്യം ഞാൻ ഇവരോട് പറഞ്ഞു. അകത്താകുമെന്ന് ഓർമിപ്പിച്ച് അതു നിർത്തിക്കാനാണ് ഞങ്ങളുടെ ഈ വരവ്.
ഉറുക്കിന്റെ പണിയോ. അതെന്ത്? ആരു തുടങ്ങി, ആരു പറഞ്ഞു.
ഹൈദ്രോസ് തന്നെയല്ലേ പറഞ്ഞത്. ഇന്നലെ ഞാൻ പണിയുണ്ടോ എന്നു ചോദിച്ചപ്പോൾ.
ഹൈദ്രോസ് പൊട്ടിച്ചിരിച്ചു.
അപ്പോൾ അയാൾ ഒരു മന്ത്രവാദിയാണെന്നു തോന്നി എല്ലാവർക്കും.
ചിരിക്ക് ചെറിയ ഒരു ഇടവേള നൽകി ഹൈദ്രോസ് പറഞ്ഞൊപ്പിച്ചു.
ഞാൻ പറഞ്ഞത് ഉറുക്ക് പണി എന്നല്ല, ഉറക്ക് പണിയെന്നാണ്. റൂമിൽ കിടന്നുള്ള ഉറക്കം.
ആളുകൾ പറയുന്നതല്ല, മറ്റുള്ളവർ കേൾക്കുക.
അപ്പോഴേക്കും ഉറുക്ക് പണി പ്രചരിപ്പിച്ച നാണി എങ്ങോ പോയ്മറഞ്ഞിരുന്നു.