ഹൈദരാബാദ്- ബി.ജെ.പി തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കുമെന്ന് ബി.ജെ.പി നിയമസഭാംഗം രാജ സിംഗ്. ഷോഷ്മഹൽ അസംബ്ലി മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയാണ് രാജ് സിംഗ്. നേരത്തെ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നായിരുന്നുവെന്നും 1590-ൽ ഖാസി ഖുതുബ് ഷാ ഹൈദരാബാദിൽ വന്നതോടെയാണ് പേര് മാറ്റിയതെന്നും രാജ സിംഗ് പറഞ്ഞു.
തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഒന്നാമത്തെ ശ്രദ്ധ സംസ്ഥാനത്തിന്റെ വികസനത്തിനായിരിക്കും. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കാനായിരിക്കും രണ്ടാമത്തെ പദ്ധത. സെക്കന്ദരാബാദ്, കരിം നഗർ എന്നിവയുടെ പേരും മാറ്റും. അഹമ്മദാബാദിനെ കർണാവതി എന്നാക്കുമെന്ന ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്റെ പ്രസ്താവന വന്നതിന്റെ തൊട്ടുപിറകെയാണ് തെലങ്കാന ബി.ജെ.പി നേതാവും ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഫൈസാബാദിനെ അയോധ്യ എന്നാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.