മഞ്ചേരി- വ്യാജ വിഡിയോകള്‍ കാണിച്ചു ഡോക്ടറെ ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവും സംഘവും അറസ്റ്റ് ചെയ്തു. എടവണ്ണ സ്വദേശി മൂലക്കോടന്‍ മുഹ്‌സി (25)നെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടറാണ് പരാതിക്കാരന്‍. പ്രതിയുടെ ബന്ധുവിനെ ആറു മാസം മുമ്പു ഡോക്ടര്‍ ചികിത്സിച്ചിരുന്നു. ഈ സമയം രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്നു പ്രതി. ഡോക്ടറുമായി സംസാരിക്കുന്നതും മറ്റുമായ വിവിധ ദൃശ്യങ്ങള്‍ ഒളി കാമറയില്‍ പകര്‍ത്തിയ പ്രതി പിന്നീട് ഇവ എഡിറ്റ് ചെയ്ത ശേഷം വ്യാജ വാട്‌സ്ആപ്പ് വഴി ഡോക്ടറുടെ ഫോണിലേക്ക് അയക്കുകയായിരുന്നു. ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നുവെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വിഡിയോകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അപമാനിക്കുമെന്നായിരുന്നു ഭീഷണി. സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു വെര്‍ച്വല്‍ നമ്പറകളുണ്ടാക്കി ഇതു വഴിയായിരുന്നു ഭീഷണി. അതുകൊണ്ടുതന്നെ ഫോണ്‍ ചെയ്യുന്ന വ്യക്തിയെ കണ്ടെത്താന്‍ പ്രയാസമായിരുന്നു. വിവിധ നമ്പറുകളില്‍ നിന്നു നിരന്തരം ഭീഷണി വന്നതിനാല്‍ ഡോക്ടര്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന പാലക്കാട് എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി.ഐ എന്‍ബി ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ.എസ്.ഐ സത്യനാഥന്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, അസൈനാര്‍, സുനില്‍ വഴിക്കടവ്, സൈബര്‍ സെല്‍ വിഭാഗത്തിലെ ശൈലേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി. മധുസൂദനന്‍ മുമ്പാകെ ഹാജരാക്കി. നെറ്റ് നമ്പറുകളും വെര്‍ച്വല്‍ നമ്പറുകളിലുള്ള സോഷ്യല്‍ മീഡിയകളും ഉപയോഗിച്ച് സമാനമായ കുറ്റകൃത്യങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനായി സൈബര്‍ സെല്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പോലീസ്് പറഞ്ഞു.