- മൃതദേഹം കാർപെറ്റിൽ പൊതിഞ്ഞ് ഉപേക്ഷിച്ചു
റിയാദ് - പ്രമുഖ സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ സംഘട്ടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ സൗദി അറേബ്യ പുറത്തുവിട്ടു. ഖശോഗിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ നൽകിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ യഥാർഥ്യത്തിന് നിരക്കാത്ത വിവരങ്ങൾ നൽകേണ്ടി വന്നതെന്ന് സൗദി ഗവൺമെന്റിന്റെ മുതിർന്ന പ്രതിനിധി വാർത്താ ഏജൻസിയായ റോയിട്ടറിനോട് വ്യക്തമാക്കി.
ഖശോഗിയുടെ കൊലപാതകം സൗദി അറേബ്യയുടെ നയനിലപാടുകൾക്ക് വിരുദ്ധമാണ്. ആഭ്യന്തര അന്വേഷണ സംഘത്തെ നിയോഗിച്ച് യഥാർഥ്യം വെളിച്ചത്തു കൊണ്ടുവരിക എന്നതാണ് സൗദിയുടെ നയം. ജമാൽ ഖശോഗിയുടെ വിഷയത്തിലും ഇതാണ് സംഭവിച്ചത്. സത്യം പുറത്തു വരണമെന്ന് ആഗ്രഹിച്ചാണ് തുർക്കി ഗവൺമെന്റുമായി ചേർന്ന് സംയുക്ത അന്വേഷണ സംഘം രൂപീകരിക്കാൻ സൗദി സന്നദ്ധമായത്. ഖശോഗിയെ വധിച്ച കേസിൽ 18 പേർ അറസ്റ്റിലായെങ്കിലും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിന്റെ വെളിച്ചത്തിൽ ഖശോഗിയുടെ കൊലപാതകത്തെ സംബന്ധിച്ച വിശദാംശങ്ങളും സൗദി പ്രതിനിധി റോയിട്ടറിനോട് വിശദീകരിച്ചു.
ഖശോഗി സൗദിയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതായി സൂചനകൾ ലഭിച്ചതിനെ തുടർന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ഇസ്താംബൂളിൽ എത്തിയ പ്രതിനിധികളും അദ്ദേഹവും തമ്മിലുള്ള ചർച്ച നല്ല രീതിയിലല്ല പുരോഗമിച്ചത്. സംസാരത്തിനിടെ ഖശോഗിയുടെ ശബ്ദം ഉയർന്നപ്പോൾ പ്രതിനിധികൾ തടഞ്ഞു. ബലപ്രയോഗത്തിനിടെ ശ്വാസം മുട്ടിയാണ് 59 കാരൻ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഖശോഗി മരിക്കുന്നതിന് മുമ്പായി കോൺസുലേറ്റിനകത്ത് വെച്ച് നടന്ന സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നു. കോൺസുലേറ്റിലേക്ക് പ്രവേശിച്ച ഉടൻ സൗദിയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ഗവൺമെന്റ് പ്രതിനിധികളിൽ ഒരാളായ മാഹിർ മുത്‌രിബുമായി സംസാരിക്കണമെന്ന് ഖശോഗിയോട് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. പക്ഷേ, തന്നെ പുറത്ത് ഒരാൾ കാത്തിരിക്കുന്നുണ്ടെന്നും ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെന്നും ഖശോഗി മുത്‌രിബിനെ അറിയിച്ചു. ഒരു മണിക്കൂറിനകം തന്നെ കണ്ടില്ലെങ്കിൽ അയാൾ തുർക്കി അധികൃതരുമായി ബന്ധപ്പെടുമെന്നും ഖശോഗി പറഞ്ഞു. ഖശോഗി കോൺസുലേറ്റിലേക്ക് പ്രവേശിക്കുമ്പോൾ തന്റെ അടുത്ത് മൊബൈൽ ഫോണുകൾ ഏൽപിച്ചിരുന്നുവെന്ന് പ്രതിശ്രുത വധു ഖദീജ ജാൻഗിസ് പറഞ്ഞതായി റോയിട്ടർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഖശോഗിയുടെ ആവശ്യം അംഗീകരിക്കാൻ മുത്‌രിബ് തയാറാകാതെ വന്നതോടെയാണ് തർക്കം രൂക്ഷമാകുന്നതും ദാരുണമായ സംഭവം അരങ്ങേറിയതെന്നും സൗദി ഉദ്യോഗസ്ഥൻ പറഞ്ഞു.
മരിച്ചുവെന്ന് ഉറപ്പിച്ചതോടെ പ്രതികൾ മൃതദേഹം ഒരു കാർപെറ്റിൽ പൊതിഞ്ഞ് കോൺസുലേറ്റിന്റെ കാറിൽ പുറത്തെത്തിക്കുകയും നശിപ്പിക്കുന്നതിനായി പ്രദേശവാസികളിൽ ഒരാളുടെ സഹായം തേടുകയുമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇസ്താംബൂളിൽ താമസിക്കുന്ന ഈ വ്യക്തി ഏത് നാട്ടുകാരനാണെന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. മൃതദേഹം എവിടെയാണ് കൊണ്ടിട്ടതെന്ന് വ്യക്തമല്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കഴുത്തു ഞെരിച്ചാണ് ഖശോഗിയെ കൊന്നതെന്ന ആരോപണം ശരിയാവാനിടയില്ലെന്നും ഏതാനും പേർ ബലം പ്രയോഗിച്ചാൽ തന്നെ 59 വയസ്സുള്ള ഒരാൾ മരിക്കാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിനിധി സംഘത്തിലെ മുസ്തഫ അൽമദനി എന്നയാൾ കോൺസുലേറ്റിൽനിന്ന് ജമാൽ ഖശോഗി ഇറങ്ങിപ്പോയെന്ന പ്രതീതി സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും കണ്ണടയും ആപ്പിൾ വാച്ചും ധരിച്ച് പുറത്തിറങ്ങിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സൗദി ഗവൺമെന്റ് പ്രതിനിധി പറഞ്ഞു. ഇയാൾ ഈ അവശിഷ്ടങ്ങൾ സുൽത്താൻ അഹ്മദ് ഡിസ്ട്രിക്ടിലെ ഒരിടത്ത് ഉപേക്ഷിച്ചതായും സമ്മതിച്ചു.
സൗദി ഭരണ നേതൃത്വവുമായി അകന്നു നിൽക്കുന്നവരെ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിനുള്ള സമിതിക്ക് ഇക്കാര്യത്തിൽ തന്നെ വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. ജമാൽ ഖശോഗിയുമായി ചർച്ച ചെയ്യാൻ നിയുക്തരായ പ്രതിനിധികൾ ഈ നിർദേശങ്ങളൊന്നും അനുസരിച്ചില്ലെന്ന് സൗദി പ്രതിനിധി വിശദമാക്കി. പ്രതികൾ അധികാര ദുർവിനിയോഗം നടത്തുകയും അക്രമത്തിന്റെ മാർഗം അവലംബിക്കുകയും ചെയ്തുവെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ വിശദമാക്കി. കേസിൽ മുഴുവൻ യാഥാർഥ്യങ്ങളും പരസ്യപ്പെടുത്തുന്നതിനും പ്രതികളെ സൗദിയിലെ പ്രത്യേക കോടതികളിൽ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു.
സൗദി ജനറൽ ഇന്റലിജൻസ് ഉപമേധാവി അഹ്മദ് അസീരിയാണ് ജമാൽ ഖശോഗിയെ അനുനയിപ്പിച്ച് സൗദിയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള 15 അംഗ പ്രതിനിധി സംഘം രൂപീകരിച്ചതും അവരെ ഇസ്താംബൂൾ കോൺസുലേറ്റിലേക്ക് നിയോഗിച്ചതെന്നും സൗദി ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഘത്തിലേക്ക് ജമാൽ ഖശോഗിയുമായി വ്യക്തിപരമായി ബന്ധമുണ്ടായിരുന്ന മുഖ്യ പ്രതി മാഹിർ അൽമുത്‌രിബിനെ വിട്ടുതരണമെന്ന് അസീരി റോയൽ കോർട്ട് മേധാവി സൗദ് അൽഖഹ്ത്താനിയോട് അഭ്യർഥിച്ചു. ഖശോഗിയുടെ കൂടെ ലണ്ടനിലെ സൗദി എംബസിയിൽ ജോലി ചെയ്തിരുന്നയാളാണ് മുത്‌രിബ്. ഇക്കാരണത്താലാണ് പബ്ലിക് പ്രോസിക്യൂഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പദവികളിൽനിന്ന് നീക്കി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിറക്കിയത്.
ജമാൽ ഖശോഗി ഇസ്താംബൂൾ സൗദി കോൺസുലേറ്റിനകത്തു വെച്ച് സംഘർഷത്തിനിടെ കൊല്ലപ്പെട്ടതായി ശനിയാഴ്ച പുലർച്ചെയാണ് അറ്റോർണി ജനറൽ സ്ഥിരീകരിച്ചത്. ഈ മാസം രണ്ടിനാണ് ജമാൽ ഖശോഗിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഇസ്താംബൂൾ സൗദി കോൺസുലേറ്റ് സന്ദർശിച്ച ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. അമേരിക്കയിൽ കഴിഞ്ഞുവന്ന ജമാൽ ഖശോഗി വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രത്തിൽ കോളമിസ്റ്റായിരുന്നു.