- ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
ഗുവാഹതി- വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര അനായാസം ജയിച്ചെങ്കിലും ഏകദിന പരമ്പര ഇന്ന് ആരംഭിക്കുമ്പോൾ ഇന്ത്യ ഏറ്റവും ശ്രദ്ധ കൊടുക്കുന്നത് മധ്യനിര ബാറ്റിംഗിലെ പോരായ്മകൾ പരിഹരിക്കുന്നതിൽ. ആദ്യ ഏകദിനം ഇന്ന് ഗുവാഹതിയിൽ നടക്കാനിരിക്കെ, മുൻ ക്യാപ്റ്റൻ മഹേന്ദ്ര ധോണിയുടെ മോശം ഫോമും, മനീഷ് പാണ്ഡേയുടെ അസ്ഥിരതയും ഇപ്പോഴും ടീമിന്റെ പ്രശ്‌നങ്ങളാണ്. ടെസ്റ്റ് മത്സരങ്ങളിലെ മികച്ച പ്രകടനം കണക്കിലെടുത്ത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയത് ഈ ദൗർബല്യം പരിഹരിക്കനാണ്. അമ്പാട്ടി രായിഡു മികച്ച ഫോമിലുള്ളതും, വിരാട് കോഹ്‌ലിയുടെ സാന്നിധ്യവും ആത്മവിശ്വാസം വർധിപ്പിക്കുന്നു. കൂടാതെ ഓൾറൗണ്ടറെന്ന നിലയിൽ രവീന്ദ്ര ജദേജയുടെ പിൻബലവുമുണ്ടാകും.
ഇക്കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യം മധ്യനിര ബാറ്റിംഗിലെ വീഴ്ചയായിരുന്നു. പ്രധാനമായും ധോണിയുടെ ഫോം. ഏഷ്യാ കപ്പിലെ നാല് ഇന്നിംഗ്‌സുകളിലായി ധോണിയുടെ സമ്പാദ്യം 77 റൺസ് മാത്രം. ശരാശരി 19.25 ഉം.
ഈ വർഷം മൊത്തത്തിൽ കണക്കിലെടുത്താലും ധോണിയുടെ റെക്കോഡ് മോശമാണ്. പത്ത് ഇന്നിംഗ്‌സുകൾ കളിച്ചെങ്കിലും ശരാശരി 28.12 മാത്രം. ഈ ഘട്ടത്തിൽ വരുന്ന ലോകകപ്പ് വരെ ധോണിയെ ചുമക്കേണ്ടതുണ്ടോ എന്ന ചോദ്യം പല കോണിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സെലക്ടർമാർ ധോണിക്ക് ഉറച്ച പിന്തുണയാണ് നൽകുന്നത്. ലോകകപ്പ് വരെ വിക്കറ്റ് കീപ്പറെന്ന നിലയിൽ പ്രഥമ പരിഗണന ധോണിക്ക് തന്നെയായിരിക്കുമെന്ന് ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് പറഞ്ഞു കഴിഞ്ഞു. ടെസ്റ്റ് മത്സരങ്ങളിൽ വിക്കറ്റ് കീപ്പറായിരുന്ന റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയിലാണ്.
നാലാം നമ്പറായി ആരെ ബാറ്റിംഗിനിറക്കുമെന്ന ചോദ്യത്തിന് രായിഡുവെന്നാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നൽകുന്ന മറുപടി. ഏഷ്യാ കപ്പിൽ ആറ് മത്സരങ്ങളിൽ നിന്നായി 175 റൺസെടുത്ത രായിഡു മികച്ച ഫോം ആവർത്തിക്കുമെന്നാണ് പ്രതീക്ഷ. ഓപണർമാരായി ശിഖർ ധവാനും, രോഹിത് ശർമയും, പിന്നീട് കോഹ്‌ലി, രായിഡു, പന്ത്, അതു കഴിഞ്ഞ് ധോണി, ജദേജ എന്നിങ്ങനെയാണ് ബാറ്റിംഗ് ഓർഡർ ഉദ്ദേശിക്കുന്നത്.
പെയ്‌സ് ബൗളിംഗിൽ ഉമേഷ് യാദവിന്റെ ന്യൂബോൾ പങ്കാളി മുഹമ്മദ് ഷമിയോ, ഖലീൽ അഹ്മദോ എന്നതാണ് മറ്റൊരു ചോദ്യം. പന്ത്രണ്ടംഗ ടീമിൽ ഇരുവരുമുണ്ട്. സ്പിന്നർമാരായ കുൽദീപ് യാദവിനും, യുസ്‌വേന്ദ്ര ചാഹലിനും ജദേജയുടെ പിന്തുണയും കിട്ടും.
ഏകദിന പരമ്പരയിലും വിൻഡീസിന് കരുത്തരായ കളിക്കാർ ആരുമില്ലാത്തത് ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കും. ക്രിസ് ഗെയിലും, ബ്രാവോ സഹോദരന്മാരും, ആന്ദ്രെ റസ്സലും, സുനിൽ നാരായണുമൊന്നും ഏകദിനങ്ങളിലും കളിക്കുന്നില്ല. ക്യാപ്റ്റൻ ജെയ്‌സൺ ഹോൾഡർ, കീരൺ പവൽ, മർലൺ സാമുവൽ തുടങ്ങിയ കുറച്ച് പരിചയ സമ്പന്നരായ കളിക്കാരേ ടീമിലുള്ളൂ. ലോകകപ്പ് ലക്ഷ്യമിട്ട് യുവാക്കൾക്ക് കൂടുതൽ അവസരം നൽകുകയാണ് വെസ്റ്റിൻഡീസ്.