കൊച്ചി- നാളികേരോൽപന്നങ്ങൾ കനത്ത വിലത്തകർച്ചയുടെ പിടിയിലാണ്. ഇത് ദക്ഷിണേന്ത്യൻ ഉൽപാദന മേഖലകളിൽ ആശങ്ക പരത്തി. കൊപ്രക്ക് മില്ലുകളിൽ നിന്നുള്ള ആവശ്യം ചുരുങ്ങിയത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി. വൻകിട മില്ലുകൾ എണ്ണ മാർക്കറ്റിൽ ഇറക്കാൻ മത്സരിച്ചെങ്കിലും പുതിയ കൊപ്ര സംഭരണത്തിൽ നിന്ന് അവർ തന്ത്രപരമായി അകന്നത് വിപണിക്ക് തിരിച്ചടിയായി. വെളിച്ചെണ്ണക്ക് പ്രദേശിക ഡിമാന്റ് മങ്ങിയത് എണ്ണ വിൽപനക്കാരെ ചരക്ക് വിറ്റുമാറാൻ മത്സരിപ്പിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ വില ക്വിൻറ്റലിന് 700 രൂപ ഇടിഞ്ഞു.
മില്ലുകാർ എണ്ണ റീലിസിങിന് കുറച്ച് കൊപ്ര ശേഖരിച്ചാൽ തിരിച്ചുവരവിന് വഴി തെളിയും. ഉത്സവ വേളയായതിനാൽ ഉത്തരേന്ത്യയിൽ പാചകയെണ്ണകൾക്ക് പതിവിലും ഡിമാന്റുണ്ട്. കഴിഞ്ഞ വാരം കാങ്കയത്ത് 9500 രൂപയായിരുന്ന കൊപ്ര വില 8950 ലേയ്ക്ക് ഇടിഞ്ഞു. വെളിച്ചെണ്ണ തമിഴ്‌നാട്ടിൽ 13,050 രൂപയിലാണ്.
കൊച്ചിയിൽ വെളിച്ചെണ്ണ 14,200 രൂപയിൽ വാരാന്ത്യം ഇടപാടുകൾ നടന്നു. കൊപ്ര 9945 രൂപയിൽ നിന്ന് 9485 രൂപയായി.
തുലാവർഷം തുടങ്ങുന്നതോടെ സംസ്ഥാനത്തെ റബർ തോട്ടങ്ങളിലേയ്ക്ക് വീണ്ടും കർഷകർ ശ്രദ്ധ തിരിക്കും. കാർഷിക മേഖലകളിൽ റബർ ഷീറ്റിന് കടുത്ത ക്ഷാമുള്ളതിനാൽ എത്രയും വേഗത്തിൽ ഉൽപാദനം പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് പല തോട്ടങ്ങളും. ഷീറ്റ് വില മാസങ്ങളായി താഴ്ന്ന നിലവാരത്തിൽ നീങ്ങുന്നതിനാൽ കൃഷി നഷ്ടക്കച്ചവടമായി മാറിയതാണ് റബർ വെട്ട് നിലയ്ക്കാൻ മുഖ്യ കാരണം. ചരക്ക് ക്ഷാമം രൂക്ഷമെങ്കിലും നിരക്ക് വർധിപ്പിക്കാതെ ടയർ ലോബി ഷീറ്റ് കൈക്കലാക്കി. നാലാം ഗ്രേഡ് ഷീറ്റ് വില 12,750 രൂപയായും അഞ്ചാം ഗ്രേഡ് റബർ 12,300 രൂപയിലുമാണ് വാരാവസാനം ഇടപാടുകൾ നടന്നത്. രാജ്യാന്തര വിപണിയിൽ റബർ രണ്ടാഴ്ചകളിലെ താഴ്ന്ന നിലവാരത്തിലാണ്. ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ നിക്ഷേപകരെ റബറിൽ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു.
നവരാത്രി ആഘേഷങ്ങൾക്കിടയിൽ ഉത്തരേന്ത്യക്കാർ കുരുമുളക് ശേഖരിക്കാൻ എത്തിയത് നിരക്ക് മെച്ചടുത്തി. എന്നാൽ വൻ ഓർഡറുകൾക്ക് അവർ തയ്യാറായില്ല. കാർഷിക മേഖലകളിൽ നിന്നുള്ള കുരുമുളക് നീക്കം കുറഞ്ഞ അളവിലാണ്. വിപണി വില കൂടുതൽ മെച്ചപ്പട്ട ശേഷം ചരക്ക് ഇറക്കാമെന്ന നിലപാടിലാണ് ഒരു വിഭാഗം കർഷകർ.
വിദേശ ബയ്യർമാർ രാജ്യാന്തര മാർക്കറ്റിൽ സജീവമാണ്. ക്രിസ്മസ് ന്യൂ ഇയർ വേളയിലെ ആവശ്യങ്ങൾക്കുള്ള മുളക് സംഭരണം അവർ തുടരുന്നു. വിയറ്റ്‌നാം, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള ചരക്കാണ് അവർ ശേഖരിക്കുന്നത്. ഇന്തോനേഷ്യയും രംഗത്തുണ്ട്. അതേ സമയം വിദേശ അന്വേഷണങ്ങൾ നിലച്ചതിനാൽ ഇന്ത്യൻ കയറ്റുമതിക്കാർ രംഗത്തില്ല. ആഗോള വിപണിയിൽ മലബാർ വില ടണ്ണിന് 5600 ഡോളറാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 37,100 രൂപ.
പുതിയ ഏലക്ക വരവിനെ വിപണി ഉറ്റുനോക്കുന്നു. പ്രമുഖ ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവ് കുറഞ്ഞത് വാങ്ങലുകാരിൽ പിരിമുറുക്കമുളവാക്കി. ഉത്സവ സീസണായതിനാൽ ഏലത്തിന് ആഭ്യന്തര ഡിമാന്റ് ശക്തമാണ്. മികച്ചയിനങ്ങൾ കിലോ വില 1499-1676 രൂപയിലാണ്. കയറ്റുമതിക്കാർ മികച്ചയിനങ്ങളിൽ താൽപര്യം കാണിച്ചു.
ചുക്ക് വില സ്റ്റഡിയാണ്. ആഭ്യന്തര വിദേശ വ്യാപാരികൾ ചുക്ക് ശേഖരിക്കാൻ പിന്നിട്ട വാരം കാര്യമായ താൽപര്യം കാണിച്ചില്ല. പല അവസരത്തിലും ടെർമിനൽ മാർക്കറ്റിൽ വരവ് കുറഞ്ഞങ്കിലും നിരക്ക് ഉയർന്നില്ല. വിവിധയിനം ചുക്ക് 17,000 - 18,000 രൂപ.
സ്വർണ വില വീണ്ടും ഉയർന്നു. ആഭരണ വിപണികളിൽ 23,280 രൂപയിൽ നിന്ന് പവൻ വാരമധ്യം വരെ ഇതേ റേഞ്ചിൽ നീങ്ങിയ ശേഷം 23,200 ലേയ്ക്ക് താഴ്ന്നു. എന്നാൽ വെള്ളിയാഴ്ച ശക്തമായ കുതിപ്പിൽ പവൻ 23,520 ലേയ്ക്ക് കയറിയ ശേഷം ശനിയാഴ്ച 22,440 ലാണ്. ഇതോടെ ഒരു ഗ്രാമിന് വില 2930 രൂപ.
ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1202 ഡോളറിൽ നിന്ന് 1218 ഡോളറായി. സ്വർണത്തിന്റെ അന്താരാഷ്ട്ര വില ഈ വാരം ഉയരാൻ ഇടയുണ്ട്. അതേ സമയം രൂപയുടെ വിനിമയ നിരക്ക് അൽപം മെച്ചപ്പെടുമെന്നത് കേരളത്തിൽ സ്വർണ വില ഉയരുന്നിനെ പിടിച്ചു നിർത്താം.