കോട്ടക്കൽ- പറപ്പൂർ പൊട്ടിപ്പാറയിൽ പൂവൻമഠത്തിൽ മുഹമ്മദ് കോയയെ(54) മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവടക്കം അഞ്ചു പേരെ വേങ്ങര പോലീസ് അറസ്റ്റു ചെയ്തു. മുച്ചിക്കുന്നൻ അബ്ദുൾ ജബ്ബാർ (34), സുഹൃത്തുക്കളായ മൊയ്തീൻ ഷാ, (42) നൗഫൽ (28), ഹക്കീം, (30), അസ്‌കർ (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഡി.വൈ.എഫ്.ഐ കോട്ടക്കൽ ബ്ലോക്ക് സെക്രട്ടറിയാണ് അബ്ദുൾ ജബ്ബാർ.
കഴിഞ്ഞ ദിവസം പൊട്ടിപ്പാറയിൽ മുഹമ്മദ് കോയ ജോലി ചെയ്യുന്ന വളം നിർമാണ ശാലക്കു മുന്നിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാലിത്തീറ്റയുമായി എത്തിയ ലോറി ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നും മാറ്റിയിടണമെന്നും ജബ്ബാറും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. ഇതിനിടെ കാലിത്തീറ്റ ഇറക്കിക്കൊണ്ടിരുന്ന കോയ ഇതിലിടപെടുകയും ജബ്ബാറും കൂട്ടരുമായി വാക്കുതർക്കമുണ്ടാവുകയുമായിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ യൂസഫിന്റെ കടക്ക് മുന്നിലിരിക്കുകയായിരുന്ന കോയയെ ജബ്ബാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മർദിക്കുകയായിരുന്നു. കോയയെ മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമീപത്തെ കടയിൽ നിന്ന് പോലീസിനു ലഭിച്ചിരുന്നു. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കോയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഖബറടക്കി.