ന്യുദല്‍ഹി- ലോകത്തു നിന്നു തന്നെ തുടച്ചു നീക്കപ്പെട്ടു എന്ന് അവകാശപ്പെട്ടിരുന്ന മാരകമായ പോളിയോ ടൈപ്-2 വൈറസ് ഇന്ത്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഈ വൈറസ് വീണ്ടും പ്രത്യക്ഷപ്പെട്ടത് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ പ്രവര്‍ത്തിക്കുന്ന ബയോമെഡ് എന്ന കമ്പനി നിര്‍മ്മിച്ച ഏതാനും ബാച്ച് ഓറല്‍ പോളിയോ വാക്‌സിനിലാണ്. വായിലൂടെ നല്‍കുന്ന ഈ പോളിയോ വാക്‌സിനില്‍ മാരക വൈറസ് വീണ്ടും പ്രത്യക്ഷപ്പെട്ടത് ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലും ആശങ്ക പരത്തിയിരിക്കുകയാണ്. വൈറസ് കണ്ടെത്തിയ ബാച്ചിലെ വാക്‌സിന്‍ ഈ രണ്ടു സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയം. 2015 സെപ്തംബര്‍ 20നാണ് ഈ വൈറസ് ലോകത്തു നിന്നും തുടച്ചു നീക്കപ്പെട്ടതായി പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ വീണ്ടും പോളിയോ ബാധയ്ക്ക് ഇടയാക്കിയേക്കാവുന്ന ഈ കണ്ടെത്തലിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയവം ഡ്രഗ് കണ്‍ട്രോള്‍ അധികൃതരും ഇതിന്റെ പ്രത്യാഘാതങ്ങള്‍ തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യു.പി, മഹാരാഷ്ട്ര ആരോഗ്യ വകുപ്പുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വീഴ്ച സംഭവിച്ച ബയോമെഡ് എന്ന കമ്പനി സരക്കാര്‍ പ്രതിരോധ പദ്ധതികള്‍ക്കു മാത്രം വാക്‌സിന്‍ വിതരണം ചെയ്യുന്ന കമ്പനിയാണ്. സ്വകാര്യ ചില്ലറ വില്‍പ്പനയ്ക്ക ഇവര്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നില്ല.
ഉത്തര്‍ പ്രദേശില്‍ നടത്തിയ നിരീക്ഷണത്തില്‍ ചില കുട്ടികളുടെ മലത്തില്‍ ഈ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അവര്‍ക്കു നല്‍കിയ ഓറല്‍ പോളിയോ വാക്‌സിന്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ചില ബാച്ചുകളില്‍ പോളിയോ ടൈപ്-2 വൈറസിന്റെ സാന്നിധ്യമുള്ളതായി ഈ പരിശോധനാ ഫലത്തില്‍ തെളിഞ്ഞു. അരലക്ഷത്തോളം മരുന്നു കുപ്പികളില്‍ ഇതുണ്ടാകാമെന്നാണ് സംശയിക്കപ്പെടുന്നത്.
സംഭവത്തെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ബയോമെഡ് കമ്പനിക്കെതിരെ കേസെടുത്തു. ബയോമെഡ് മേധാവിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. വാക്‌സിന്‍ ഉല്‍പ്പാദനവും വില്‍പ്പനയും വിതരണവും നിര്‍ത്തിവയ്ക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാര്‍്ജ്ജനം ചെയ്യപ്പെ്ട്ട പോളിയോ ടൈപ്-2 വൈറസ് എങ്ങിനെ ഇവരുടെ മരുന്നില്‍ ഉള്‍പ്പെട്ടു എന്നതു സംബന്ധിച്ച് അന്വേഷണവും നടന്നു വരുന്നുണ്ട്. 2016 ഏപ്രില്‍ 25നകം ഈ വൈറസിന്റെ അംശങ്ങളെ പൂര്‍ണമായും നശിപ്പിക്കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ മരുന്ന് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നതാണ്.