Sorry, you need to enable JavaScript to visit this website.

ഏലക്ക റെക്കോർഡ് കുതിപ്പിൽ; നാളികേരോൽപ്പന്നങ്ങൾ തളർന്നു

കൊച്ചി- ആഭ്യന്തര വിദേശ ഡിമാന്റിൽ ഏലക്ക സൗരഭ്യം പരത്തി. നാളികേരോൽപ്പന്നങ്ങളെ ബാധിച്ച തളർച്ച തുടരുന്നു. ഉത്തരേന്ത്യൻ ഡിമന്റ് കുരുമുളക് വില ഉയർത്തി. റബർ ക്ഷാമത്തിനിടയിലും നിരക്ക് ഉയർത്താൻ ടയർ വ്യവസായികൾ തയ്യാറായില്ല. രൂപയുടെ മൂല്യ തകർച്ച സ്വർണ വില ഉയർത്തി.   
ഏലക്ക വീണ്ടും റെക്കോർഡ് കുതിപ്പ് കാഴ്ച്ചവെച്ചു. ആഭ്യന്തര വിദേശ ഡിമാന്റിൽ മികച്ചയിനം ഏലക്ക കിലോ ഗ്രാമിന് 2257 രൂപയായി ഉയർന്നു. രണ്ടാഴ്ച്ച മുൻപ്  രേഖപ്പെടുത്തിയ 2227 രൂപയുടെ റെക്കോർഡാണ് ഉൽപ്പന്നം മറികടന്നത്. പ്രതികൂല കാലാവസ്ഥ മൂലം ഉൽപാദനം കുറയുമെന്ന സൂചന വിലക്കയറ്റം ശക്തമാക്കി. ഇന്ത്യയിൽ ഏലത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് 2257 രൂപ. തുലാവർഷം സജീവമായാൽ ഏലക്ക ഉൽപാദനം പുനരാരംഭിക്കാനാവും. 
നാളികേരോൽപ്പന്നങ്ങളുടെ നിരക്ക് വീണ്ടും കുറഞ്ഞു. ഗ്രാമീണ മേഖലകളിൽ പച്ചതേങ്ങയും കൊപ്രയും താഴ്ന്ന വിലയിലാണ്. വില തകർച്ചയിൽനിന്ന് രക്ഷനേടാൻ മില്ലുകാർ സംഘടിതമായി വെളിച്ചെണ്ണ വില ഉയർത്തി. വാരമധ്യത്തിന് ശേഷം തമിഴ്‌നാട്ടിൽ നടത്തിയ നീക്കം അനുകൂല ഫലമുളവാക്കുമെന്ന നിഗമനത്തിലാണ് വ്യവസായികൾ. അവിടെ കൊപ്ര 9400 ലും എണ്ണ 13,850 രൂപയിലുമാണ്.
  കൊച്ചിയിൽ എണ്ണ 15,100 രൂപയിലാണ്. മാസാന്ത്യം അടുത്തതിനാൽ വില ഉയർത്തി പ്രദേശിക വിപണികളിൽ സ്‌റ്റോക്ക് വിറ്റഴിക്കാമെന്ന കണക്കു കൂട്ടലിലാണ് മില്ലുകാർ. എന്നാൽ കാര്യമായി കൊപ്ര ശേഖരിക്കാൻ പല മില്ലുകാരും തയ്യാറായില്ല. 
     ആഭ്യന്തര വ്യാപാരികൾ വില ഉയർത്തി കുരുമുളക് ശേഖരിച്ചു. നാടൻ മുളക് ലഭ്യത കുറഞ്ഞതിനാൽ വില വീണ്ടും ഉയരുമെന്ന കണക്ക് കൂട്ടലിലാണ് വ്യാപാരികൾ. അതേസമയം ഉയർന്ന വിലയിൽ വിദേശ ചരക്ക് വിറ്റുമാറുന്നവരും വിപണിയിൽ സജീവമാണ്. 
 വിദേശത്ത് നിന്ന് മലബാർ മുളകിന് അന്വേഷണങ്ങളില്ല. ക്രിസ്തുമസ് ആവശ്യങ്ങൾ മുൻ നിർത്തി യൂറോപ്യൻ ബയ്യർമാർ വിയറ്റ്‌നാം ബ്രസീലിയൻ ചരക്ക് സംഭരണം തുടങ്ങി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 5650 ഡോളറാണ്. വിയറ്റ്‌നാം നിലവാരം കുറഞ്ഞ മുളക് ടണ്ണിന് 2200 ഡോളർ വരെ താഴ്ത്തി കയറ്റുമതി നടത്തി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 37,800 രൂപയിൽ വിപണനം നടന്നു.
ചുക്ക് വില സ്‌റ്റെഡി. അടുത്ത സീസണിൽ ചുക്ക് ക്ഷാമം രൂക്ഷമാക്കുമെന്ന സൂചനയാണ് ഉൽപാദന മേഖലകളിൽ നിന്ന് ലഭിക്കുന്നത്. ചുക്കിന് വിദേശ അന്വേഷണങ്ങളുണ്ട്. മീഡിയം ചുക്ക് 17,500 രൂപയിലും ബെസ്റ്റ് ചുക്ക് 18,500 രൂപയിലുമാണ്. റബർ ഉൽപാദനം കുറഞ്ഞിട്ടും ടയർ നിർമാതാക്കൾ ഷീറ്റ് വില ഉയർത്തിയില്ല. മുഖ്യ വിപണികളിൽ കുറഞ്ഞ അളവിലാണ് ഷീറ്റ് വിൽപ്പനയ്ക്ക് എത്തുന്നത്. ടയർ വ്യവസായികൾ നാലാം ഗ്രേഡ് റബർ 12,900 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 12,500 രൂപയ്ക്കും ശേഖരിച്ചു.   
സ്വർണ വീണ്ടും ഉയർന്നു. 22,600 ൽ വിൽപ്പന തുടങ്ങിയ പവൻ 22,960 വരെ കയറിയ ശേഷം ശനിയാഴ്ച്ച 22,880 ലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1197 ഡോളർ. ഡോളർ മൂല്യം ശക്തിപ്രാപിച്ചാൽ രാജ്യാന്തര മാർക്കറ്റിൽ സ്വർണ വില വീണ്ടും കുറയാം. ഈ അവസരത്തിൽ രൂപയുടെ മൂല്യം ഇടിയുന്നതിനാൽ നാട്ടിൽ നിന്ന് സ്വർണം ശേഖരിക്കുന്നതിലും ഉത്തമം ഗൾഫ് നാടുകളിൽനിന്ന് സ്വർണ നാണയങ്ങൾ വാങ്ങുന്നതാവും.    

Latest News