റിയാദ്- അല്‍ഹസയില്‍ നിന്ന് റിയാദിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മയ്യിത്ത് റിയാദില്‍ ഖബറടക്കി. മലപ്പുറം പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ ആനപ്പാംകുഴിയിലെ പരേതനായ ചുള്ളി സൈതാലിയുടെയും മറിയയുടെയും മകന്‍ അസ്‌കറിന്റെ (45) മയ്യിത്താണ് ഇന്നലെ അല്‍റാജ്ഹി പള്ളിയില്‍ നമസ്‌കാരത്തിന് ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറക്കിയത്.
സെയില്‍സ്മാനായ ഇദ്ദേഹം അല്‍ഹസയില്‍ പോയി റിയാദിലേക്ക് തിരിച്ചു വരുമ്പോള്‍ ദമാം റോഡില്‍ വാന്‍ മറിഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
15 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരികയാണ്. ശുമൈസി ആശുപത്രിയിലുള്ള മയ്യിത്ത് ഖബറടക്കത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ റഫീഖ് പുല്ലൂര്‍, സുഹൃത്ത് ഇബ്രാഹീം, ബന്ധുക്കളായ ചുള്ളിയില്‍ അസീസ്, ഉമര്‍, മുഹമ്മദലി എന്നിവരാണ്.
ഭാര്യ: പൂന്താനത്തെ പരേതനായ തെങ്ങുംതൊടി മുഹമ്മദിന്റെ മകള്‍ സൈഫുന്നീസ. മക്കള്‍: മുഹ്‌സിന നസ്‌റിന്‍, ഷിഫാന, അമീന്‍. മരുമകന്‍: ഫിയാസ് പുളിയകുന്നന്‍ (താഴെക്കോട്). കീഴാറ്റൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം സംഘം എന്ന സാധു സംരക്ഷണ സമിതിയുടെ പ്രസിഡന്റാണ് അസ്‌കര്‍.