ന്യൂദൽഹി- അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി സിനിമാതാരങ്ങളായ മോഹൻ ലാൽ, അക്ഷയ്കുമാർ, മാധുരി ദീക്ഷിത്, സണ്ണി ഡിയോൾ, ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് എന്നിവർ മത്സരിക്കാനെത്തുമെന്ന് റിപോർട്ട്. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്. മുതിർന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ചാണ് റിപോർട്ട്. ഇവരടക്കം എഴുപതോളം പ്രൊഫഷണലുകളെ മത്സരരംഗത്തിറക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. 2019-ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ അടിമുടി മാറ്റങ്ങളോടെയായിരിക്കും ബി.ജെ.പി ജനങ്ങളെ സമീപിക്കുക എന്നാണ് റിപ്പോർട്ട്. മോശം ഭരണത്തെ തുടർന്ന് പ്രതിച്ഛായ നഷ്ടപ്പെട്ട സർക്കാറിന് തിരിച്ചുവരണമെങ്കിൽ പുതിയ തന്ത്രം ആവിഷ്‌കരിക്കണമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. സിനിമ, കല, സംസ്‌കാരം, സ്‌പോർട്‌സ്, മാധ്യമമേഖല, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയാണ് രംഗത്തിറക്കുന്നത് എന്നാണ് പത്രം റിപോർട്ട് ചെയ്യുന്നത്.
അക്ഷയ് കുമാറിനെ ന്യൂദൽഹി ലോക്‌സഭ മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കും. സണ്ണി ഡിയോളിനെ ഗുർദാസ്പൂരിലുും മാധുരി ദീക്ഷിതിനെ മുംബൈയിലും മോഹൻലാലിനെ തിരുവനന്തപുരത്തും മത്സരിപ്പിക്കാനാണ് പദ്ധതി. പ്രൊഫഷണലുകളെ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കാനാണ് പ്രധാനമന്ത്രി മോഡിയും ബി.ജെ.പിയും ലക്ഷ്യമിടുന്നത്. നിലവിലുള്ള എം.പിമാരിൽ പലരെയും രംഗത്തിറക്കിയാൽ ഭരണവിരുദ്ധ വികാരം വിനയാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. അതുകൊണ്ടാണ് പുതിയ മുഖങ്ങളെ രംഗത്തിറക്കാൻ തീരുമാനിച്ചത്. ഇതേവരെ സിനിമാതാരങ്ങളെ മാത്രമാണ് ബി.ജെ.പി പാർട്ടിക്ക്് പുറത്തുനിന്നുള്ള സ്ഥാനാർഥികളായി പരിഗണിച്ചിരുന്നത്.
അതേസമയം, അക്ഷയ് കുമാറിന് ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുമോ എന്ന കാര്യം സംശയമാണ്. അദ്ദേഹത്തിന് നിലവില്‍ കനേഡിയന്‍ പൌരത്വമുണ്ട്. മറ്റൊരു രാജ്യത്തിന്‍റെ പൌരത്വം നേടിയാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ബി.ജെ.പി തൊടുത്തുവിടുന്ന ഇമേജ് മെയ്ക്കിംഗ് രീതിയാണ് ഇവിടെയും തുടരുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.