തലശ്ശേരി-ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കിർമാണി മനോജ് കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ വധുവിനെതിരെ മുൻ ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. വടകര ഡിവൈ.എസ്.പിക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി വടകര സി.ഐക്ക് കൈമാറി. തുടർന്ന് സി.ഐ വടകര സ്വദേശിയായ പരാതിക്കാരനെ വിളിച്ചുവരുത്തി വിശദമായി മൊഴിയെടുത്തു.
മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പ്രവാസി യുവാവാണ് വടകര ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. മൂന്നു മാസം മുമ്പ് വീടുവിട്ടിറങ്ങിയതാണ് ഭാര്യയെന്നും രണ്ടു മക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങൾ നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും നിലവിൽ അവർ തന്റെ ഭാര്യയാണെന്നും യുവാവ് പരാതിയിൽ പറയുന്നു. മറ്റൊരാളുടെ കൂടെ പോയ ഭാര്യയിൽ നിന്നും തനിക്ക് നിയമപരമായ വിടുതൽ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. കൊടും കുറ്റവാളിയായ ഒരാളുടെ സംരക്ഷണത്തിൽ തന്റെ മക്കൾ സുരക്ഷിതരാവില്ലെന്നും പരാതിയിൽ പറയുന്നു.
കിർമാണി മനോജെന്ന മാഹി പന്തലക്കൽ സ്വദേശി മനോജ് കുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് പുതുച്ചേരിയിലെ ക്ഷേത്രത്തിൽ നടന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളിൽ ഇറങ്ങിയാണ് ടി.പിയുടെ നാട്ടുകാരി കൂടിയായ യുവതിയെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കൾ മാത്രമാണ് പുതുച്ചേരി സിന്ധാന്തൻ കോവിലിൽ കല്ല്യാണത്തിൽ പങ്കെടുത്തത്.
ടി.പി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതികളുമായി ബന്ധപ്പെട്ട വാർത്തകൾ മുമ്പും വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മുഖ്യ സൂത്രധാരൻ ടി.പി. കുഞ്ഞനന്തന്റെ പരോൾ മുതൽ, കൊലയാളി സംഘത്തിൽപെട്ട മുഹമ്മദ് ഷാഫിയുടെ വിവാഹ സമയത്ത് തലശേരി എം.എൽ.എ എ.എൻ. ഷംസീർ അടക്കമുള്ള സി.പി.എം നേതാക്കൾ പങ്കെടുത്തതും വിവാദമായിരുന്നു.