Friday , February   22, 2019
Friday , February   22, 2019

പരീക്ഷിക്കപ്പെടുന്നത് കമ്യൂണിസ്റ്റ് ആരോഗ്യം

പാർട്ടി എന്ത് നടപടിയെടുത്താലും അത് ഏറ്റുവാങ്ങുന്നതിനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് എം.എൽ.എ പറയുന്നുണ്ടെങ്കിലും സ്വന്തം നിലക്ക് ശക്തി സംഭരിച്ച് പ്രതിരോധം തീർക്കുന്നതിനുള്ള ശ്രമം അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. സ്വാധീനമേഖലകളിൽ, പാർട്ടി കമ്മിറ്റികളിൽ പങ്കെടുത്ത് നിലപാട് വിശദീകരിക്കാനാണ് നീക്കം. മണ്ണാർക്കാട് കുലുക്കിലിയാടുള്ള എം.എൽ.എയുടെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിനെ പ്രതിരോധിക്കാൻ വീട്ടുപടിക്കൽ സി.പി.എം പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. പാർട്ടിയിലെ ശത്രുക്കൾക്കുള്ള താക്കീതായാണ് ആ ശക്തിപ്രകടനം വിലയിരുത്തപ്പെട്ടത്.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസിലെ ഒരു പ്രധാനിക്കെതിരെ ലൈംഗികപീഡനാരോപണം  ഉയർന്ന സമയം. ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്ന് പ്രതിപക്ഷത്തിന്റെ കുന്തമുനയായിരുന്നു. ലൈംഗിക പീഡനക്കേസിൽ ആരോപണമുയർന്നാൽ പരാതി ലഭിക്കുന്നതുവരെ കാത്തു നിൽക്കാതെ പോലീസിന് കേസെടുക്കാമെന്നാണ് അന്ന് അദ്ദേഹം ശക്തമായി വാദിച്ചത്. അങ്ങനെ ചെയ്യാതിരിക്കുന്നത് ധാർമികമായി വലിയ വീഴ്ചയാണെന്നും കോടിയേരി പറഞ്ഞുവെച്ചു. അന്നത്തെ വാക്കുകൾ പാർട്ടിയേയും സംസ്ഥാന സെക്രട്ടറിയേയും തിരിഞ്ഞു കുത്തുന്ന കൗതുകകരമായ കാഴ്ചക്കാണിപ്പോൾ മലയാളി സാക്ഷ്യം വഹിക്കുന്നത്. പാലക്കാട് ജില്ലയിലെ പ്രതാപിയായ എം.എൽ.എ പി.കെ .ശശിയുമായി ബന്ധപ്പെട്ട വിവാദം മുറുകുമ്പോൾ കോടിയേരി സഖാവിന്റെ വാക്കുകളിൽ അത്ര ഉറപ്പുണ്ടോ? ആരോപണവിധേയനായ എം.എൽ.എയുടെ ഭാഷയിൽ പറഞ്ഞാൽ കമ്യൂണിസ്റ്റ് ആരോഗ്യം? ഇല്ലെന്നു പറയേണ്ടി വരും.
മറ്റു രാഷ്ട്രീയപ്പാർട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി.പി.എം കൂടുതൽ യുക്തമായ നിലപാടാണ് എടുക്കുന്നത് എന്ന് തന്നെയാണ് സമീപകാല ചരിത്രം. മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദനുമുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധബുദ്ധി കാണിക്കുന്നവരാണെന്ന് രാഷ്ട്രീയ എതിരാളികൾക്കു പോലും സമ്മതിക്കേണ്ടിവരും. അത് കൊണ്ട് തന്നെ ഷൊർണൂർ എം.എൽ.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് എന്തു നടപടിയാണ് ഉണ്ടാവുന്നതെന്ന കാര്യം കേരളം ഉറ്റുനോക്കുന്നത് സ്വാഭാവികമാണ്. നേതാവ് പറയുന്ന കമ്യൂണിസ്റ്റ് ആരോഗ്യം തന്നെയാണ് പരീക്ഷിക്കപ്പെടുന്നതെന്ന് ചുരുക്കം. 
എം.എൽ.എയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് മുന്നോട്ടുവെക്കുന്ന കാര്യം സാങ്കേതികമായി ശരിയാണ്. പരാതിയില്ലാതെ പോലീസിന് കേസെടുക്കാനോ അന്വേഷണം നടത്താനോ സാധിക്കില്ല. ഇര പ്രായപൂർത്തി എത്താത്ത ആളാണെങ്കിൽ മാത്രമേ പരാതിയില്ലാതെ തന്നെ കേസെടുക്കാനാവൂ. ശശിക്കെതിരായ പരാതി പാർട്ടിക്കു മുമ്പിലാണ് എത്തിയത്. ആ അർത്ഥത്തിൽ പോലീസിന് ഒന്നും ചെയ്യാനില്ല. പോലീസിൽ പരാതി നൽകണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പരാതിക്കാരിയായ ഡി.വൈ.എഫ്.ഐ നേതാവാണ്. പാർട്ടിക്ക് ലഭിച്ച പരാതി പോലീസിന് കൈമാറാനുള്ള ഉത്തരവാദിത്തമൊന്നും നേതൃത്വത്തിനില്ല. പക്ഷേ ചർച്ചാവിഷയം ധാർമ്മികതയാണെങ്കിൽ ഈ വാദങ്ങൾക്കൊന്നും നിലനിൽപ്പില്ല. സി.പി.എമ്മിനകത്ത് വലിയൊരു വിഭാഗം കമ്യൂണിസ്റ്റ് ആരോഗ്യം സംരക്ഷിക്കണം എന്ന് കരുതുന്നവരാണ്. ഇരക്കൊപ്പമെന്ന പ്രഖ്യാപിത നയത്തിൽ ഉറച്ചു നിൽക്കണമെന്ന് വാദിക്കുന്ന അവർ ശശിക്കെതിരേ നടപടി വേണമെന്നു കരുതുന്നവരാണ്. ഇക്കാര്യത്തിൽ പഴയ ഗ്രൂപ്പ് വൈരങ്ങളെല്ലാം മറികടന്നാണ് പാലക്കാട് ജില്ലാ സി.പി.എമ്മിൽ ധ്രുവീകരണം ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
എം.എൽ.എയെ ആർക്കാണ് പേടി? സംശയം ന്യായമായും തോന്നാം. അത് പറയണമെങ്കിൽ അൽപ്പകാലം പുറകോട്ട് പോകേണ്ടി വരും. സി.പി.എമ്മിൽ വിഭാഗീയത കത്തിക്കാളിനിന്ന സമയം. പാർട്ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറം സംസ്ഥാന സമ്മേളനവേള. സമ്മേളനത്തിന് തൊട്ടുമുമ്പായി നടന്ന പാലക്കാട് ജില്ലാ സമ്മേളനത്തിൽ നടന്ന പരസ്യമായ ചേരിപ്പോരാണ് ഒരു കാലത്ത് പാലക്കാട്ടെ പാർട്ടി മുഖമായിരുന്ന എൻ.എൻ. കൃഷ്ണദാസിനെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെടുന്നതിലേക്കൊക്കെ വഴിയൊരുക്കിയത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് മുൻഎം.എൽ.എ എം.ചന്ദ്രൻ പുറത്താവുന്നതും താരോദയമായി എ.കെ. ബാലൻ മാറുന്നതും എല്ലാം കണ്ടു. വി.എസ്.പക്ഷത്തിന്റെ കോട്ടയായിരുന്ന പാലക്കാട് ജില്ലയിൽ പിണറായിക്കു വേണ്ടി ചാവേറായി പൊരുതിനിന്ന നേതാക്കളിലൊരാളാണ് ശശി. വി.എസ്. പക്ഷം അന്ന് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തൽ നടത്തിയപ്പോൾ ആദ്യം ഒഴിവായത് ആ പേരായിരുന്നു. എം.ബി.രാജേഷ് ഉൾപ്പെടെയുള്ളവർ അന്ന് വി.എസ് പക്ഷത്തായിരുന്നു. പാർട്ടിയിൽ പിണറായി പിടിമുറുക്കിയപ്പോൾ നേതാവ് സർവ്വപ്രതാപിയായി തിരിച്ചെത്തി. ജില്ലയിലും പഴയ ഗ്രൂപ്പ് സമവാക്യങ്ങൾക്കൊന്നും പ്രസക്തിയില്ലെങ്കിലും ശശി കൂടുതൽ കരുത്താർജ്ജിക്കുന്നതാണ് കണ്ടത്. സുരക്ഷിതമായ ഷൊർണൂർ സീറ്റിൽ അവസാനനിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്ന വനിതാ നേതാവിനെ മറ്റൊരിടത്തേക്ക് സ്ഥാനാർത്ഥിയാക്കി പറഞ്ഞയച്ച് അവിടെ മൽസരിച്ചത് മണ്ണാർക്കാട്ടുകാരനായ ശശിയുടെ ശക്തി കൊണ്ട് തന്നെയാണ്. എം.എൽ.എമാർ ഭാരിച്ച സംഘടനാ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന പ്രഖ്യാപിത പാർട്ടി നയം അദ്ദേഹത്തിന് ബാധകമായില്ല. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായി തുടരാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചു. ഔദ്യോഗികപക്ഷത്തെ പ്രമുഖനേതാക്കളുമായുള്ള അടുപ്പമാണ് പാലക്കാട്ടെ പാർട്ടിയെ വരുതിയിൽ നിർത്താൻ ശശിയെ സഹായിച്ചത്. 
അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി സംഘടനാ നേതൃത്വത്തിലൂടെ സി.പി.എമ്മിലെത്തിയ പി.കെ .ശശി സ്റ്റാലിനിസ്റ്റ് സംഘടനാ ശൈലിയിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന നേതാവാണ്. എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്വന്തം മണ്ഡലത്തിലുൾപ്പെട്ട നെല്ലായയിലെ സംഘർഷത്തിനിടയിൽ ശശി പോലീസുദ്യോഗസ്ഥർക്കെതിരെ തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. പഴയകാല മാടമ്പി ശൈലിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനം എന്ന വിമർശനമാണ് എതിരാളികൾ പതിവായി ഉയർത്തുന്നത്. പാർട്ടിയിലെ ശത്രുക്കളാണ് തനിക്കെതിരായ പരാതിയുടെ പിറകിലെന്ന എം.എൽ.എയുടെ വാദം മുൻകാലസംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ്. എന്നാൽ പഴയ ശത്രുക്കളെയൊന്നുമല്ല അദ്ദേഹം ഇപ്പോൾ പ്രതിക്കൂട്ടിൽ  നിർത്തുന്നത്. 
പാർട്ടിയിലെ ചർച്ചകളും ചിന്തകളും ഷൊർണൂർ എം.എൽ.എക്ക് ഗുണകരമാവില്ലെന്നാണ് റിപ്പോർട്ട്. പരാതിക്കാരിയുടെ നിലപാടിനെ അനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ ഭാവി. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണക്കമ്മീഷന് ഈ മാസത്തിൽ തന്നെ റിപ്പോർട്ട് നൽകേണ്ടതുണ്ട്. ആരോപണവിധേയനായ നേതാവിനെ സംരക്ഷിക്കാനാണ് സംസ്ഥാനനേതൃത്വം ശ്രമിച്ചത് എന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹം വിഷയം ഉറ്റുനോക്കുകയാണ്. പരാതിയിൽ യുവതി ഉറച്ചുനിന്നാൽ പ്രമുഖരായ ബന്ധുക്കൾക്കൊന്നും എം.എൽ.എയെ രക്ഷിക്കാനാവില്ല. തനിക്ക് നീതി കിട്ടിയില്ലെങ്കിൽ പോലീസിനെ സമീപിക്കുമെന്നാണ് ഒത്തുതീർപ്പു നിർദ്ദേശവുമായി എത്തിയവരോട് നിയമകാര്യത്തിൽ അവഗാഹമുള്ള പരാതിക്കാരി വ്യക്തമാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ യുവനേതാവിനെതിരായ പരാതിയുടെ ഞെട്ടലിൽനിന്ന് ഇനിയും മുക്തി നേടാത്ത സി.പി.എം സംസ്ഥാന നേതൃത്വം അത്തരമൊരു അബദ്ധത്തിന് കളമൊരുക്കാനിടയില്ല. എം.എൽ.എ സ്ഥാനം നിലനിർത്തിക്കൊണ്ട് പാർട്ടി ഭാരവാഹിത്വങ്ങളിൽനിന്നും മാറ്റിനിർത്തുന്ന തരത്തിലുള്ള നടപടിയാണ് നേതാവിനെ കാത്തിരിക്കുന്നത് എന്നാണ് സൂചന. 
പാർട്ടി എന്ത് നടപടിയെടുത്താലും അത് ഏറ്റുവാങ്ങുന്നതിനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് എം.എൽ.എ പറയുന്നുണ്ടെങ്കിലും സ്വന്തം നിലക്ക് ശക്തി സംഭരിച്ച് പ്രതിരോധം തീർക്കുന്നതിനുള്ള ശ്രമം അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. സ്വാധീനമേഖലകളിൽ, പാർട്ടി കമ്മിറ്റികളിൽ പങ്കെടുത്ത് നിലപാട് വിശദീകരിക്കാനാണ് നീക്കം. മണ്ണാർക്കാട് കുലുക്കിലിയാടുള്ള എം.എൽ.എയുടെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിനെ പ്രതിരോധിക്കാൻ വീട്ടുപടിക്കൽ സി.പി.എം പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. പാർട്ടിയിലെ ശത്രുക്കൾക്കുള്ള താക്കീതായാണ് ആ ശക്തിപ്രകടനം വിലയിരുത്തപ്പെട്ടത്. സ്വതവേ പരുക്കൻ ശൈലിയിൽ സംസാരിക്കുന്ന അദ്ദേഹത്തോട് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കും വിധത്തിലുള്ള പ്രതികരണങ്ങൾ ഒഴിവാക്കണമെന്നാണ് സി.പി.എം സംസ്ഥാനകമ്മിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം. 
വനിതാനേതാവിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന പി.കെ.ശ്രീമതിയോ എ.കെ.ബാലനോ ശശിക്ക് അനഭിമതരല്ലെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനുള്ള കണ്ടെത്തലുകൾക്ക് സാധ്യത കുറവാണ്. കണ്ണൂരിലെ പ്രതാപിയായിരുന്ന അഡ്വ.ശശിയുടേയും എറണാകുളത്തെ അമരക്കാരനായിരുന്ന ഗോപി കോട്ടമുറിക്കലിന്റേയും വിധിയാണ് ഷൊർണൂർ എം.എൽ.എയെ കാത്തിരിക്കുന്നത് എന്ന് വിലയിരുത്തുന്നതിൽ തെറ്റില്ല. കടുത്ത എന്തെങ്കിലും നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് വന്നാൽ ഇപ്പോൾ അവകാശപ്പെടും പോലെ കമ്യൂണിസ്റ്റ് ആരോഗ്യത്തോടെ അതിനെ നേരിടുന്നതിനുള്ള പക്വത എം.എൽ.എ കാണിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും. അതുണ്ടായില്ലെങ്കിൽ വില നൽകേണ്ടി വരിക പാർട്ടി തന്നെയായിരിക്കും.