Thursday , April   25, 2019
Thursday , April   25, 2019

യെമനിൽ ആർക്കാണ് ഉത്തരവാദിത്തം

യെമനിലെ മനുഷ്യാവകാശ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് ചുമതലപ്പെടുത്തിയ, യു.എന്നിനു കീഴിലെ മനുഷ്യാവകാശ കൗൺസിൽ രൂപീകരിച്ച അന്താരാഷ്ട്ര അന്വേഷണ കമ്മിറ്റി നടത്തിയ പത്രസമ്മേളനം സംബന്ധിച്ച നിരീക്ഷണത്തിന്റെ രണ്ടാം ഭാഗം.

സാക്ഷിമൊഴികളും ഉത്തരവാദിത്തങ്ങളും
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്നും മറ്റിടങ്ങളിൽ നിന്നും മോർട്ടാറുകളും പീരങ്കികളും തോക്കുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളിലാണ് തഇസിൽ ഭൂരിഭാഗം സാധാരണക്കാർക്കും പരിക്കേറ്റതെന്ന് റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും തഇസിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ് എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ട് പറയുന്നു. യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാത്ത സാധാരണക്കാർക്കും വ്യക്തികൾക്കും നേരെ കരുതിക്കൂട്ടി ആക്രമണങ്ങൾ നടത്തുന്നത് യുദ്ധക്കുറ്റവും മാനവികതക്കെതിരായ കുറ്റവുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതി നിയമത്തിലെ എട്ടാം വകുപ്പ് വിശേഷിപ്പിക്കുന്ന കാര്യം കമ്മിറ്റിക്ക് അറിയില്ല എന്നാണ് റിപ്പോർട്ടിലെ ഈ ഭാഗം വായിച്ചാൽ തോന്നുക.
അൽഹുദൈദയിൽനിന്നും മറ്റും പലായനം ചെയ്തവരുടെ വിലപിടിച്ച വസ്തുക്കളെല്ലാം ചെക്ക് പോയിന്റുകളിൽ വെച്ച് ഹൂത്തികൾ തട്ടിയെടുത്തതായി 2015 മാർച്ചിനും 2016 മാർച്ചിനും ഇടയിൽ നടന്ന അവകാശ ലംഘനങ്ങളെ കുറിച്ച് അന്താരാഷ്ട്ര സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിലപിടിച്ച വസ്തുക്കൾ മാത്രമല്ല, മരുന്നും ഭക്ഷ്യവസ്തുക്കളും വരെ സാധാരണക്കാരിൽ നിന്ന് ഹൂത്തികൾ തട്ടിയെടുത്തു. ദുരിതാശ്വാസ വസ്തുക്കൾ വഹിച്ച ട്രക്കുകൾ യെമൻ നഗരങ്ങളിൽ എത്തുന്നത് ഹൂത്തികൾ തടസ്സപ്പെടുത്തി. 
ഹൂത്തികൾ ബാധകമാക്കിയ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തോന്നുന്നു എന്ന പരാമർശം മാത്രമാണ് അന്വേഷണ റിപ്പോർട്ടിൽ കമ്മിറ്റി എഴുതിച്ചേർത്തത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി നിയമം അറിയാത്ത നിയമ വിദഗ്ധരാണ് കമ്മിറ്റി അംഗങ്ങൾ എന്ന് ഇത് തോന്നിപ്പിക്കുന്നു. സായുധ സംഘർഷങ്ങൾക്കിടെ സാധാരണക്കാരെ കൊള്ളയടിക്കുന്നത് യുദ്ധക്കുറ്റവും മാനവികതക്കെതിരായ കുറ്റകൃത്യവുമായി, സായുധ സംഘർഷങ്ങളിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട ജനീവ കൺവെൻഷൻ രണ്ടാം പ്രോട്ടോകോളിലെ നാലാം വകുപ്പ് പറയുന്നു. ഇക്കാര്യവും അന്വേഷണ കമ്മിറ്റി അംഗങ്ങൾക്ക് അറിയാതെ പോയി എന്നാണ് തോന്നുന്നത്. 
അന്യായ തടങ്കലും തട്ടിക്കൊണ്ടുപോകലും പീഡനങ്ങളുമായി ബന്ധപ്പെട്ട ഭാഗത്ത് ഹൂത്തികളുടെയും നിയമാനുസൃത ഭരണകൂടത്തെ എതിർക്കുന്നവരുടെയും അവകാശ വാദങ്ങൾ മാത്രം അവലംബിച്ച്, ഒരുവിധ തെളിവുകളുമില്ലാതെ കമ്മിറ്റി യെമൻ, സൗദി അറേബ്യ, യു.എ.ഇ ഗവൺമെന്റുകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും യുദ്ധക്കുറ്റത്തോളം എത്താവുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് മൂന്നു രാജ്യങ്ങളുമാണ് ഉത്തരവാദികളെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. 
എന്നാൽ ഹൂത്തികളുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ കമ്മിറ്റി മൃദുസമീപനം സ്വീകരിക്കുകയും അന്താരാഷ്ട്ര നിയമത്തിന്റെ തുലാസിൽ യാതൊരു വിലയുമില്ലാത്ത വെറുംവാക്കുകൾ പറയുകയും ചെയ്യുന്നു. അന്വേഷണ കമ്മിറ്റിയുടെ ഭാഗത്തുള്ള വീഴ്ചകൾ മറച്ചുവെക്കുന്നതിനും തങ്ങൾ പക്ഷപാതിത്വം കാണിച്ചു എന്ന ആരോപണം ഉയരാതിരിക്കുന്നതിനും വേണ്ടിയാണ് കഴമ്പില്ലാത്ത ഈ പരാമർശങ്ങൾ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്ന് ഞാൻ ഭയക്കുന്നു. 

അസ്ഥാനത്തുള്ള സമത്വം
അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്ത് എല്ലാ കക്ഷികൾക്കും നേരെ കണ്ണടച്ച് ആരോപണങ്ങൾ ഉന്നയിക്കുകയാണ് കമ്മിറ്റി ചെയ്തത്. 
യെമനിലെ സിവിൽ സൊസൈറ്റികളും അന്വേഷണ കമ്മിറ്റിയും രേഖപ്പെടുത്തിയ ഹൂത്തികളുടെ കുറ്റകൃത്യങ്ങളെയും, പരിമിതമായ സ്ഥലങ്ങളിൽ സഖ്യസേനയിൽ പെട്ട ചിലരുടെ ഭാഗത്തുണ്ടായി എന്ന് വാദിക്കപ്പെടുന്ന നിയമ ലംഘനങ്ങളെയും റിപ്പോർട്ട് വേർതിരിച്ച് കാണുന്നില്ല. 
ലോകത്ത് എല്ലാ രാജ്യങ്ങളിലും നിലവിലുള്ളതു പോലെ നിയമാനുസൃത യെമൻ ഭരണകൂടം മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനെയും ഹൂത്തികൾ നടത്തുന്ന നഗ്നമായ നിയമ ലംഘനങ്ങളെയും കമ്മിറ്റി ഒരുപോലെ കാണുന്നു. തങ്ങളെ വിമർശിക്കുന്നവരെ ഹൂത്തികൾ അന്യായമായി കസ്റ്റഡിയിലെടുക്കുകയും പീഡിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ചെയ്തതായും സൻആയിലെ മാധ്യമങ്ങൾ റെയ്ഡ് ചെയ്തതായും പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കിയതായും വാർത്താ സൈറ്റുകൾ ബ്ലോക്ക് ചെയ്തതായും ചാനലുകൾ നിരീക്ഷിക്കുന്നതായും നിരവധി സിവിൽ സൊസൈറ്റി ആസ്ഥാനങ്ങൾ അടച്ചുപൂട്ടിയതായും പറയുന്ന റിപ്പോർട്ട് നിയമാനുസൃത ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങളെയും ഹൂത്തികളുടെ അടിച്ചമർത്തലുകളെയും ഒരേപോലെ കാണുന്നു. ഹൂത്തികൾക്ക് അനുകൂലമായ, നഗ്നമായ പക്ഷപാതിത്വമാണിത്. കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ വസ്തുനിഷ്ഠതയും വിശ്വാസ്യതയും ഇത് ചോർത്തിക്കളയുന്നു. നിയമാനുസൃത ഭരണകൂടത്തിനു കീഴിലെ സുരക്ഷാ വകുപ്പുകളും സഖ്യസേനയിൽ പെട്ടവരും ബലാത്സംഗങ്ങളും ലൈംഗിക പീഡനങ്ങളും നടത്തിയതായും ഇക്കാര്യത്തിൽ യെമനും മറ്റു രാജ്യങ്ങളും ഉത്തരവാദിത്തം ഏൽക്കേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഹൂത്തികൾ നടത്തിയ ലൈംഗിക അതിക്രമങ്ങളെയും പീഡങ്ങളെയും കുറിച്ച് റിപ്പോർട്ടിൽ കാര്യമായ പരാമർശങ്ങളില്ല. പകരം ലൈംഗിക അതിക്രമ സംഭവങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് മാത്രമാണ് റിപ്പോർട്ട് പറയുന്നത്. 
അന്വേഷണം പൂർത്തിയാക്കുന്നതിനു മുമ്പു തന്നെ യെമനിൽ സംഘർഷത്തിൽ ഏർപ്പെട്ട ഏതെങ്കിലും കക്ഷിക്കെതിരെ ധിറുതി പിടിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രൊഫഷനലിസമല്ല. യു.എൻ മനുഷ്യാവകാശ കൗൺസിൽ ഏൽപിക്കപ്പെട്ട മഹത്തായ ഒരു കർത്തവ്യം നിർവഹിക്കുന്നതിൽ കമ്മിറ്റി മിനിമം നിഷ്പക്ഷതയും പ്രൊഫഷനിലസവും പാലിച്ചില്ല എന്നത് ലജ്ജാകരമാണ്. മനുഷ്യാവകാശ കൗൺസിൽ ഇക്കാര്യം മനസ്സിലാക്കി റിപ്പോർട്ട് അപ്പാടെ തള്ളിക്കളയുകയും കൂടുതൽ നിഷ്പക്ഷരും നീതി പാലിക്കുന്നതിന് ആഗ്രഹിക്കുന്നവരും പ്രൊഫഷനലുകളുമായ അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 

(ഭരണഘടനാ നിയമങ്ങളിലും മനുഷ്യാവകാശങ്ങളിലും വിദഗ്ധനായ അഭിഭാഷകനും ഇന്റർനാഷണൽ ജസ്റ്റിസ് ഓർഗനൈസേഷൻ പ്രസിഡന്റുമാണ് ലേഖകൻ)
പരിഭാഷ: ബഷീർ ചുള്ളിയോട്