Friday , February   22, 2019
Friday , February   22, 2019

പീഡനത്തിന്റെ ശശികാലം

കയർക്കണ്ട.  പീഡനത്തെ ശരി വെക്കാൻ നോക്കുകയല്ല.  പീഡനത്തിന്റെ പേരിൽ വീണ്ടും വീണ്ടും വെട്ടിലായിക്കൊണ്ടിരിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടിക്കുവേണ്ടി രക്ഷാപ്രവർത്തനത്തിലേർപ്പെടുകയുമല്ല. പീഡനത്തെച്ചൊല്ലി സർവത്ര രോഷധർമം ഉയരുന്ന അവസരത്തിൽ മറന്നുപോകാനോ വിട്ടുകളയാനോ ഇടയുള്ള പ്രാധാന്യം കുറഞ്ഞ ചില ചിന്തകൾ ഉന്നയിക്കുന്നുവെന്നേയുള്ളു.
ഓരോ നാവിൻ തുമ്പിലും കളിയാടുന്ന പദമാണ് 'പീഡനം' എങ്കിലും പീഡനം എന്താണെന്നു ചോദിച്ചാൽ ഉത്തരം ഇടയും, അല്ലെങ്കിൽ ഇടറും.  ആദ്യപാഠങ്ങൾ ആദ്യമേ പറഞ്ഞുവെക്കാം.  തികഞ്ഞ ലിംഗഭേദം പുലർത്തുന്നതാണ് പീഡനം.  സ്ത്രീകളെ പീഡിപ്പിക്കപ്പെടാറുള്ളൂ.  ബാലപീഡയും ആ വിഭാഗത്തിൽ ചേർക്കാം. ഇംഗ്ലിഷിൽ സ്ത്രീയെ ദുർബലപക്ഷമെന്നും സംസ്‌കൃതത്തിൽ അബല എന്നും വിളിച്ചുപോരുന്നതിൽ യുക്തി ഇല്ലാതില്ല. 
അത്രയും പറഞ്ഞതുകൊണ്ട് പീഡിപ്പിക്കപ്പെടുന്നത് എപ്പോഴും സ്ത്രീ ആണെന്നേ അർഥമാകുന്നുള്ളു. പീഡനം എന്താണെന്നറിയാൻ വാക്കുകൾ പിന്നെയും ചിലവാക്കേണ്ടി വരും. ധ്രുവം മുതൽ ധ്രുവം വരെ നീണ്ടു പരന്നു കിടക്കുന്ന പീഡനനിരയിൽപെട്ട പല പല പദങ്ങളും പ്രവൃത്തികളും ഉൾക്കൊള്ളുന്നതാണ് ആ പ്രതികരണം. കേൾക്കുന്നയാൾക്ക് അഹിതമാകുന്ന അശ്ലീലപദം വാരിയെറിയുന്നത് പീഡനമാകാം. അതോടൊപ്പം ആംഗ്യം കൂടിയായാൽ രൂക്ഷത കൂടും.  കിട്ടാവുന്ന ശിക്ഷയും ഏറും. 
'നോക്കി പേടിപ്പിക്കല്ലേ' എന്ന ചൊല്ല് ഞാൻ തിരുവനന്തപുരത്തുനിന്നു മനസിലാക്കിയതാണ്. സ്വതവേ രതിസുഖസാരം ധ്വനിപ്പിക്കാത്ത ആ നോട്ടത്തിൽ പേടിക്കേ ഇടമുള്ളൂ.  അങ്ങനെയായിരുന്നു ധാരണ, ഋഷിരാജ് സിംഗ് എന്ന പോലിസ് മേധാവിയുടെ വ്യാഖ്യാനം കേൾക്കുന്നതു വരെ.  പതിനഞ്ചു സെക്കന്റിൽ കൂടുതൽ നീളുന്ന നോട്ടം പീഡനമായി കണക്കാക്കാം എന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. പോലിസ് മേധാവിയല്ലേ, ശിക്ഷാനിയമവും ക്രിമിനൽ നടപടിച്ചട്ടവും അരച്ചുകലക്കി കുടിച്ചിരിക്കും.  
നോട്ടത്തിന്റെയും ആംഗ്യത്തിന്റെയും അർഥവും അനർഥവും പരിശോധിക്കുന്ന ചില പുസ്തകങ്ങൾ എഴുതിയ ആളാണ് ഡെസ്മണ്ട് മോറിസ്.  ഉദ്ദേശിച്ചോ അല്ലാതെയോ അദ്ദേഹം പുസ്തകത്തിനു കൊടുത്ത പേരും അന്വർഥം തന്നെ: ാമി ംമരേവശിഴ.  അവിടെ പെണ്ണല്ല, ആൺ എന്നത് ശ്രദ്ധിക്കുക.  അത്രയ്‌ക്കൊന്നും പോകണ്ട, നമുക്കു തന്നെയുണ്ടല്ലോ ഹസ്തലക്ഷണദീപിക. കണ്ണിന്റെയും പുരികത്തിന്റെയും പോക്കു നോക്കി എന്തെല്ലാം അറിയാം! 'നേത്രാന്തം നീട്ടിയാലും ദയയുടെ തിരപോൽ ചില്ലിവില്ലാട്ടിയാലും' ഓട്ടൂരിന് അറിയുമാറാകുന്ന ഭാവം പീഡനമോ രതിയോ അല്ലെങ്കിലും നോട്ടത്തിന്റെ സാധ്യതകൾ സൂചിപ്പിക്കുന്നതാണ് ആ ശ്ലോകം.  
നോട്ടത്തിനപ്പുറം പോകുന്ന പീഡനമാണ് മിക്കപ്പോഴും സംസാരവിഷയം. പലപ്പോഴും സംസാരിച്ചുതീരുന്നതായി കാണുന്നെങ്കിലും പോലിസിന്റെയും വക്കീലിന്റെയും ന്യായാധിപന്റെയും ഭാഷ്യത്തിൽ നീണ്ട നാൾ തടവിൽ കഴിയാൻ അവസരമൊരുക്കുന്നതാവും പീഡനം.  ശിക്ഷയില്ലാത്ത പീഡനമില്ല.  ഏതു പീഡനത്തിന് എത്ര ശിക്ഷയാവാം എന്നൊക്കെ തീരുമാനിക്കപ്പെടുന്നത് വ്യാഖ്യാനിക്കപ്പെടുന്ന വകുപ്പും ന്യായഭാവനയും അനുസരിച്ചായിരിക്കും. അഴിക്കുള്ളിൽ ആവുന്നതിനെയും വെറുതെ വിട്ടുപോവുന്നതിനെയും ഇപ്പോൾ നമ്മൾ ഒരേ നിരയിൽ പെടുത്തുന്നു.  ചുരുക്കത്തിൽ, എത്ര ചർച്ച ചെയ്തു മൂർച്ഛിപ്പിച്ചാലും പീഡനം, ബ്രഹ്മത്തെപ്പോലെ, പൂർണമായ നിർവചനത്തിനപ്പുറം എന്തോ ഒന്നായി വർത്തിക്കുന്നു.
സത്യം, പൂർണമായ സത്യം, മറ്റൊന്നുമല്ലാത്ത സത്യം.  അങ്ങനെയാണല്ലോ സത്യവാക്യത്തിന്റെ വഴക്കം.  പക്ഷേ പീഡനത്തിലെത്തുമ്പോൾ സത്യം മുഴുവൻ പറയാറില്ല.  എന്നു തന്നെയല്ല, സർവസമ്മതപ്രകാരം നേരിയൊരു ദുരൂഹത നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഫ്രാൻസ് കാഫ്കയുടെ ഒരു ഉപന്യാസമുണ്ട്, വിചിത്രമായ ഒരു വിചാരണ ചിത്രീകരിക്കുന്നതായിട്ട്.  അറിയാൻ വയ്യാത്ത ഏതോ കുറ്റത്തിന്റെ പേരിൽ ജോസഫ് കെ എന്ന കഥാപാത്രം വിചാരണ നേരിടുന്നു.  ആരാണ് വിസ്തരിക്കുന്നതും വിധി പറയുന്നതും എന്നൊരു പിടിയുമില്ല.  അജ്ഞേയതയുടെ ഭയാനകത്വം ആവിഷ്‌കരിക്കുന്ന ആ രൂപകവുമായി പീഡനത്തിനു ബന്ധമുണ്ടെന്നു തോന്നും.  എല്ലാവരും ഒരേ സ്വരത്തിൽ തള്ളിപ്പറയുകയും ന്യൂസ് അവറിലെ നിയമജ്ഞർ വകുപ്പും വരിയും ഉദ്ധരിച്ച് ശിക്ഷ നിശ്ചയിക്കുകയും ചെയ്യുന്ന പീഡനത്തിൽ, കുറ്റവാളിയെ അറിയാമെങ്കിലും ഇരയെ അറിയില്ല.  കുറ്റത്തിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നയാളുടെ ഊരും പേരും മറച്ചുവെച്ചില്ലെങ്കിൽ അവർക്ക് മാനഹാനിയും വേദനയും ഉണ്ടാകും.  അതുകൊണ്ട്,  ആരാണോ കുറ്റത്തിന് ഇരയായത്, അവരുടെ മുഖം നിയമം അനുസരിച്ചു തന്നെ മറക്കപ്പെടുന്നു.  അനർഹമായ ലാഘവത്തോടെ പറയാം, മർദ്ദകനെ അറിയാം, മർദ്ദിതരൂപം തിരിച്ചറിയാൻ വയ്യ. ദ്രോഹിക്കപ്പെടുന്ന ഇരയുടെ മാനം കാക്കാൻ പീഡനത്തിന്റെ ഒരു വശം മറക്കാൻ നമ്മൾ ബാധ്യസ്ഥരാകുന്നു.  
കത്തോലിക്കാ പൗരോഹിത്യവും കമ്യൂണിസ്റ്റ് നേതൃത്വവുമാണ് ഈ കാലഘട്ടത്തിൽ മുഖ്യമായും പീഡനത്തിൽ മുഴുകുന്നവർ.  അവരാകട്ടെ, പണ്ടേക്കു പണ്ടേ സന്മാർഗ്ഗം ഓതുന്നവരാണു താനും.  സത്യം കഥയായി ഉരുക്കഴിക്കപ്പെടാൻ പോന്ന കാലത്തോളം നീളുന്ന പീഡനം നമുക്കറിയാം.  കോടതികളെയും കാലത്തെയും കവച്ചുവെച്ചുകൊണ്ട് അഭയം നീളുന്നതാണ് കഥ.  മറ്റൊരു തലത്തിൽ, പീഡനത്തിനു പിടിക്കപ്പെടുന്നവർ വിസ്തരിക്കപ്പെടുന്നു, 'പഠന'ത്തിനും സേവനത്തിനും നിയോഗിക്കപ്പെടുന്നു, ഒടുവിൽ മാപ്പു നേടി ഊതിക്കാച്ചിയ പൊന്നു പോലെ തിരിച്ചുവരുന്നു.  അതാണ് വിപ്ലവത്തിന്റെ വഴി.
ഈയിടെയായി നമ്മൾ പീഡനം എന്നു വ്യവഹരിക്കുന്ന പ്രവൃത്തി പണ്ടേക്കു പണ്ടേ നിഷിദ്ധമെന്നു കരുതുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം.  ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കപ്പെടുന്നയാളിൽ മൂന്നു തരം കുറ്റം ചുമത്തിയിരുന്നു.  ഒന്ന്, പാർട്ടിവിരുദ്ധപ്രവർത്തനം എന്നു വിശേഷിപ്പിക്കുന്ന ഭാവപ്രപഞ്ചം.  മറ്റൊന്ന്, മനസ്സിലാക്കാവുന്ന തെറ്റായ പണമിടപാട്.  മൂന്ന്, അസാന്മാർഗികപ്രവർത്തനം.  പാർട്ടിയിൽനിന്നു പുറത്താക്കപ്പെടുന്നയാൾ വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണെന്നു പറഞ്ഞു പരത്തുകയാണ് ഉദ്ദേശം.  അത്ര നിഷിദ്ധമായിരുന്നു പീഡനം, അന്ത കാലത്ത്.  
പത്തു മുപ്പത്തഞ്ചു കൊല്ലം മുമ്പത്തെ ഒരു കഥ പറയാം.  ജില്ലാ കമ്മിറ്റി റിപ്പോർടിൽ അവതരിപ്പിക്കപ്പെട്ട കഥ.  കോഴിക്കോടാണ് അരങ്ങ്.  വിരുദ്ധവിഭാഗങ്ങൾ തമ്മിലടിക്കുന്ന കാലം.  പീഡനത്തിനിരയായ ഒരാൾ ഗർഭിണിയായി.  പാർട്ടി ഇടപെട്ട് അതിനുത്തരവാദിയായ സഖാവിനെ കണ്ടെത്തുകയും ചിലവിനു കൊടുക്കാൻ ഏർപ്പാടാക്കുകയും ചെയ്തു.  പക്ഷേ പീഡകനും ഇരയും രണ്ടു ചേരിയിലായിരുന്നു.  അതുകൊണ്ട് സന്ധിസംഭാഷണത്തിൽ നിശ്ചയിച്ചപോലെയൊന്നും നടന്നില്ല.  
മറ്റൊരു കഥക്കു വേണ്ടി തിരുവനന്തപുരത്തെ ബീമാ പള്ളിയിലേക്കു നീങ്ങാം.  അസാന്മാർഗികത്വം ആരോപിച്ച് ഒരു സ്ത്രീയെ ഊരു വിലക്കിനു ശിക്ഷിച്ചു.  അവർ നിയമനടപടിക്കൊരുങ്ങിയപ്പോൾ ബഹളമായി.  ആ പ്രദേശത്ത് വിപ്ലവം വെട്ടിയിരുത്താൻ ഇറങ്ങിയിരുന്ന ഒരാളും വിപ്ലവബോധമുള്ള ഒരു പോലിസുകാരനുമായിരുന്നു ആരോപകരും ശിക്ഷകരും.  സംഗതി പുറത്തായപ്പോൾ മനസില്ലാമനസ്സോടെ സഖാവിനെ നേതൃത്വം മാറ്റി നിർത്തി.  ശശിമാരുടെ കാര്യത്തിൽ കാണുന്ന മനസില്ലാമനസ്സ് അന്നേ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കാൻ മാത്രമേ ഉദ്ദേശിച്ചുള്ളു.  
പീഡനത്തെപ്പറ്റി പരാതി വന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്കോ കത്തോലിക്കാ പൗരോഹിത്യത്തിനോ അന്വേഷിക്കാൻ എന്തവകാശം എന്ന ചോദ്യം പ്രാലോഭനീയമാകുന്നു.  മോഷണം നടന്നാൽ കള്ളനെ പിടി കൂടി പോലിസിൽ ഏല്പിക്കുകയല്ലേ വേണ്ടത്?  അതേ, ശിക്ഷാനിയമവും ക്രിമിനൽ നടപടിക്രമവും ബാധകമാകുന്ന സന്ദർഭങ്ങളിൽ പോലിസും കോടതിയും തന്നെ അഭയം.  പോലിസിനെ സമീപിച്ചിട്ടും പേടി തീരുകയോ നടപടി ഉണ്ടാകുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം.  ജലന്തർ വരെ കേട്ടു മടുത്തതാണ് ആ മണിമുഴക്കം. 
പോലിസിലും കോടതിയിലും പോകാതെ പാർട്ടിവൃത്തങ്ങളിലോ സമൂഹവൃത്തങ്ങളിലോ പറഞ്ഞൊതുക്കാവുന്ന പീഡനങ്ങൾ ഉണ്ടാകാം.  അതു നിശ്ചയിക്കേണ്ടത് പ്രാഥമികമായും പീഡനത്തിന് ഇരയായ ആൾ തന്നെ.  പീഡകനെ അഴിയെണ്ണീപ്പിക്കണമെന്നില്ലാതെ വരികയും പാർട്ടിയുടെ അപ്രമാദിത്വത്തിൽ വിശ്വാസം നിലനിൽക്കുകയും ചെയ്യുമ്പോൾ, അങ്ങനെയാകാം. പോലിസിനെ കടത്തിക്കൊണ്ടുവരാതെ കഴിക്കാം.  സാമൂഹ്യജീവിതത്തിന്റെ കോടതിവൽക്കരണം എന്നു പറയാവുന്ന വ്യവസ്ഥിതി ഒഴിവാക്കാം.  
എല്ലാ വഴക്കും വക്കാണവും വികൃതിയും കോടതി കയറ്റണമെന്നില്ല.  ഒരു വിധം അപരാധവും അപവാദവും ഒക്കെ പോലിസിൽ പോകാതെ, വക്കീലിനെ ഇറക്കാതെ, കോടതി കയറാതെ തീർപ്പാക്കാൻ ഒരു കാലത്ത് വഴിയുണ്ടായിരുന്നു.  നാട്ടുനേതൃത്വത്തിനു വഴിപ്പെടുന്നതായിരുന്നു അന്നൊക്കെ നാട്ടുകാരും വീട്ടുകാരും.  ഒരു മെഴുകുതിരി കത്തിച്ചോ ഒരു കുരിശു ചുമന്ന് കുന്നു കയറിയോ ഒരു ശയനപ്രദക്ഷിണം അനുഷ്ഠിച്ചോ പ്രായശ്ചിത്തം ചെയ്യാൻ വികൃതി കാട്ടിയവർ തയ്യാറായിരുന്നു.  അവരെ വരുതിയിൽ നിർത്താനും സമൂഹബന്ധങ്ങൾ വീണ്ടെടുക്കാനും പ്രാപ്തിയുള്ള നാട്ടുനേതൃത്വമായിരുന്നു ആ വ്യവസ്ഥിതിയുടെ ബലം.  പാർട്ടി നേതൃത്വവും പൗരോഹിത്യവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന ധാരണ പടരുമ്പോൾ പീഡനം നിർവചിക്കാനും സ്ഥാപിക്കാനും ശിക്ഷിക്കാനും പോലിസും കോടതിയും വേണ്ടിവരുന്നു.  ജീവിതത്തിന്റെ നിരന്തരമായ കോടതിവൽക്കരണം അനിവാര്യമാകുന്നു.