Wednesday , March   20, 2019
Wednesday , March   20, 2019

നോവ് തിന്നുന്ന രാത്രികളിൽ ഉണർന്നിരിക്കാൻ

നിർജീവ സൗഹൃദങ്ങളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി, അതാത് ദിവസങ്ങളിൽ സൗഹൃദപ്പെട്ടവരുടെ പട്ടിക മുഖപുസ്തകം കാണിച്ചു തരുമ്പോൾ അവരുടെ സമയ രേഖകളിൽച്ചെന്ന്, പോസ്റ്റുകൾഎന്തൊക്കെയാണെന്ന് നോക്കും. ആറു മാസത്തിനുള്ളിൽ പോസ്റ്റുകളൊന്നും ഇല്ലാത്തവരാണെങ്കിൽ, അവരെ പരേതരായി പരിഗണിച്ച് നിർദാക്ഷിണ്യം സൗഹൃദപ്പട്ടികയിൽ നിന്ന് പുറത്താക്കുകയെന്നതായിരുന്നു രീതി.

മനസ്സിനെ ധ്യാനനിരതമാക്കണമെന്ന് കരുതുമ്പോഴൊക്കെ, ഒട്ടും നിനച്ചിരിക്കാതെ, മനോവിഷാദങ്ങൾക്ക് വഴിച്ചാലു വെട്ടാൻ പാകത്തിൽ എന്തെങ്കിലുമൊന്ന് ദിനേന വീണു കിട്ടുന്നത് ഈയിടെ പതിവായിരിക്കുന്നു. ജീവിതത്തിൽ നടത്തിയ ചില അഴിച്ചുപണികൾ നിമിത്തം മനസ്സ് പൂർണ അർഥത്തിൽ സ്വസ്ഥമാകാത്തതുകൊണ്ട് വായിക്കാനും എഴുതാനുമൊക്കെയുള്ള മനോഭാവങ്ങൾക്ക് മങ്ങലേറ്റ ദിവസങ്ങളിൽ വാട്‌സാപ്പിലേയും ഫെയ്‌സ്ബുക്കിലേയും അലസസഞ്ചാരങ്ങളിലൂടെയാണ് അനാദിയായ എന്റെ ആധികളെ പരമാവധി ലഘൂകരിക്കാൻ ശ്രമിച്ചത്. ഫെയ്‌സ്ബുക്കിന്റെ പല ഫീച്ചേഴ്‌സും കണ്ടുപിടിച്ച് അത് പിന്തുടരുന്നതിനൊപ്പം, സൗഹൃദപ്പട്ടികയിൽ സജീവമല്ലാത്തവരെ ഒഴിവാക്കി പുതുതായി സൗഹൃദ അപേക്ഷയുമായി വരി നിൽക്കുന്ന ആയിരത്തിലധികം പേരിൽ നിന്ന് പുതിയ ആളുകളെ ചേർക്കുന്ന ദൗത്യം കൂടി ആ ദിവസങ്ങളിലാണ് നിർവഹിച്ചത്. സ്വയാത്മനാ ഏർപ്പെട്ട അത്തരം പ്രവൃത്തികളിലൂടെ മനസ് പതിയെ ഉണർവിന്റെ ചില്ലയിലേക്ക് ചേക്കേറുന്നത് ഞാനറിഞ്ഞു.
നിർജീവ സൗഹൃദങ്ങളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി, അതാത് ദിവസങ്ങളിൽ സൗഹൃദപ്പെട്ടവരുടെ പട്ടിക മുഖപുസ്തകം കാണിച്ചു തരുമ്പോൾ അവരുടെ സമയ രേഖകളിൽച്ചെന്ന്, പോസ്റ്റുകൾ എന്തൊക്കെയാണെന്ന് നോക്കും. ആറു മാസത്തിനുള്ളിൽ പോസ്റ്റുകളൊന്നുമില്ലാത്തവരാണെങ്കിൽ, അവരെ പരേതരായി പരിഗണിച്ച് നിർദാക്ഷിണ്യം സൗഹൃദപ്പട്ടികയിൽ നിന്ന് പുറത്താക്കുകയെന്നതായിരുന്നു രീതി. വെർച്വൽ ലോകമാണെങ്കിൽത്തന്നെയും, പ്രൊമിത്യൂസിനെപ്പോലെ മനസ്സിൽ സ്‌നേഹത്തിന്റെ അണയാത്ത തീക്കനലുള്ള ഒട്ടേറെ ആത്മാർഥ സൗഹൃദങ്ങൾ എനിക്ക് മുഖപുസ്തകത്തിലൂടെ കിട്ടിയിട്ടുണ്ട്. വീണ്ടും ഉള്ളിൽ അഗ്‌നിയുമായി നടക്കാറുള്ള അത്തരക്കാരെ തിരഞ്ഞു പിടിക്കലായിരുന്നു ഉദ്യമം. മഹാരാജാസിലെ വിദ്യാർഥി ജീവിതത്തിനിടയിലാണ് പ്രൊമിത്യൂസ് മനസ്സിൽ നായക പരിവേഷം ചാർത്തിത്തുടങ്ങിയത്. കാമ്പസിന്റെ ഒത്ത നടുക്ക് ഒരു ചെറിയ കുളം പണി കഴിപ്പിച്ചിട്ടുണ്ട്. അതിന്റെ മധ്യത്തിലായി കൈകൾ വിരുത്തി നിൽക്കുന്ന ഒരു പ്രൊമിത്യൂസ് പ്രതിമയുണ്ട്. ചോര വീണ മണ്ണിൽ നിന്ന് നക്ഷത്രങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നതു പോലെ, ഭൂമിയുടെ ഹൃദയത്തിൽ അഗ്‌നി കൊരുത്ത പ്രൊമിത്യൂസിന്റെ സമരജ്വാല മനസ്സിനെ കീഴടക്കാൻ അധിക നാൾ വേണ്ടിവന്നില്ല.
ദേവലോകത്തു നിന്ന് അഗ്‌നി മോഷ്ടിച്ച് ഭൂമിയിൽ മനുഷ്യന് എത്തിച്ചു കൊടുത്തവൻ പ്രൊമിത്യുസ്. എക്കാലത്തേയും ധീരമായ ആ പ്രവൃത്തിയാണ് മനുഷ്യ കുലത്തിന്റെ പുരോഗതിക്ക് വഴിമരുന്നിട്ടത്. അത്രയും നാൾ മനുഷ്യന്, വിദ്യയും വെളിച്ചവും കൊടുക്കാതിരുന്ന സിയൂസ് ദേവൻ, പ്രൊമിത്യൂസിന്റെ പ്രവൃത്തിയിൽ കോപാകുലനാകുകയും അദ്ദേഹത്തെ കാക്കസസ് മലമുകളിൽ തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തു. കഴുകന്മാർ കണ്ണും കാതും കൊത്തി വലിച്ചിട്ടും സീയൂസിനോട് മാപ്പിരക്കാൻ പ്രൊമിത്യൂസ് തയാറായില്ല. കരൾ കൊത്തിപ്പറിക്കാൻ ഓരോ തവണ കഴുകന്മാർ അടുത്തു വരുമ്പോഴും അവറ്റകൾക്ക് മുന്നിൽ സധൈര്യം കിടന്ന് കൊടുക്കുമ്പോഴും അധികാരത്തിന്റെ ഉരുക്കു മുഷ്ടിയിൽ നിന്ന് ജനങ്ങൾക്കവകാശപ്പെട്ടത് അവർക്കെത്തിച്ചു കൊടുക്കാൻ ജീവിതം ഹോമിച്ചതിന്റെ ചാരിതാർഥ്യമായിരുന്നു ആ മുഖത്ത്. ഭൂഗോളത്തിന്റെ വിദൂരതകളിലിരുന്ന് സൗഹൃദത്തിന്റെ വല നെയ്യുമ്പോൾ വളരെ സൂക്ഷ്മതയോടെ തിരഞ്ഞെങ്കിൽ മാത്രമേ മനസ്സിൽ സ്‌നേഹത്തിന്റെ  കാട്ടുതീ പടർത്താൻ കഴിയുന്ന സൗഹൃദങ്ങളെ കണ്ടെത്താനാവൂ. ആ തിരച്ചിലിനിടയിലെപ്പൊഴോ, ഞാനൊരു സമയ രേഖയിൽ ചെന്നു നിന്നു. കൃത്യം ഏഴ് വർഷം മുന്നേ മുഖപുസ്തകത്താളിൽ എന്നോട് സൗഹൃദപ്പെട്ട ഒരു യുവാവ്. ആൾ ആക്ടീവ് ആണോയെന്നറിയാൻ, സ്‌ക്രീൻ താഴോട്ട് സ്‌ക്രോൾ ചെയ്തു. പോസ്റ്റിങ്ങ് ഒന്നും കാണുന്നില്ല. സുഹൃത്തുക്കളുടെ ടാഗിങ്ങ് മാത്രമേയുള്ളൂ. പെട്ടെന്നൊരു തീരുമാനമെടുക്കാതെ, ഞാൻ വീണ്ടും താഴേക്ക് ഊളിയിട്ടു.  17/7/2017 ൽ മൂന്നാം ചരമ വാർഷികം എന്ന പത്രക്കട്ടിങ്ങിൽ, ഉണ്ണിയുടെ ഒരിക്കലും മറക്കാത്ത ഓർമകളുമായി, അച്ഛൻ, അമ്മ, ബന്ധുമിത്രാദികൾ എന്ന കുറിപ്പോടു കൂടി, ആ യുവാവിന്റെ ചിരിക്കുന്ന മുഖം കണ്ട് ഞാൻ ഒരു നിമിഷം ഞെട്ടി. ഇനിയവിടെ നിൽക്കണോ അതോ തിരികെപ്പോണോ എന്ന ഒരു കൊടും സന്ദേഹം എന്നെ പിടിമുറുക്കി. തിരികെപ്പോകാൻ എനിക്കായില്ല. കാരണം, ഞാനറിയാതെ എന്റെ സൗഹൃദ വലയത്തിൽനിന്ന് മരണം വിളിച്ചിറക്കിക്കൊണ്ടുപോയ ആ യുവാവ് ഒരു കവിയായിരുന്നു. കവിത ഹൃദയതാളമാക്കിയവൻ. മനസ്സിൽ ആഴ്ന്നിറങ്ങുന്ന നോവിരമ്പങ്ങളായിരുന്നു അവന്റെ ഓരോ വരിയും. എന്റെയുള്ളിൽ വീണ്ടും സങ്കടത്തിന്റെ ഒരു കാട് കത്തിത്തുടങ്ങി. ആ വ്യസനച്ചുഴിയുടെ ആഴത്തിലമർന്ന്, ആ പ്രൊഫൈലിലെ ഓരോ പോസ്റ്റിലൂടെയും എന്റെ കണ്ണുകൾ ഉഴറി. ഞങ്ങൾക്കിടയിൽ 79 മ്യൂച്വൽ ഫ്രണ്ട്‌സ് ഉണ്ടായിട്ടും, ജോലി ജീവിതം തുടങ്ങിയ തിരക്കുകൾക്കിടയിലും മുഖപുസ്തകത്താളുകളിൽ കണ്ടു മറന്ന പലരും ആ മരണത്തിന്റെ അനുശോചനക്കുറിപ്പെഴുതിയതൊന്നും, എന്തേ ഞാനറിഞ്ഞില്ല, അല്ലെങ്കിൽ എന്റെ ശ്രദ്ധയിൽ പെട്ടില്ല...? ആരെന്നോ എവിടെയെന്നോ അറിയാതെ,  2014 ഇൽ മരിച്ചുപോയ വ്യക്തിക്ക് തുടർ വർഷങ്ങളിലും മുടങ്ങാതെ ജന്മദിനാശംസകളർപ്പിക്കുന്ന വിദൂര സുഹൃത്തുക്കൾ. ഹൃദയമിടിപ്പിന്റെ ഭാഷ വശമില്ലാതെ, മുഖപുസ്തകത്തിന്റെ താളുകളിൽ മരണവാർത്തയറിയാതെ എത്ര പേർ ഇത്തരത്തിൽ ദിനേന ആശംസകൾ അർപ്പിക്കുന്നുണ്ടാവും...?
മരണത്തിലേക്കുള്ള യാത്ര മാത്രമാണ് ജീവിതം. ബഹുവചനങ്ങളെല്ലാം ഏകമാകുന്നതും മരണത്തിൽ മാത്രമാണ്. ഒരു ഉൾവിളിയെന്നോണം പൊടുന്നനെ ഞാൻ ഇൻ ബോക്‌സ് പരതി. പരസ്പരം ഹായ് പറഞ്ഞു കൊണ്ടുള്ള ഒരു പരിചയപ്പെടൽ, ഇടയ്‌ക്കെപ്പോഴോ പങ്കുവെച്ച നൈജീരിയൻ വിശേഷങ്ങൾ... പിന്നെപ്പോഴാണ് അങ്ങനെയൊരു സൗഹൃദം മറവിയുടെ ആഴങ്ങളിലാണ്ടു പോയത്...?

വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി നീയും 
കണക്കാക്കുക 
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക. 

എന്ന് മരണത്തെ മുന്നിൽ കണ്ടതുപോലെ കോറിയിടണമെങ്കിൽ, ആനന്ദപ്രദാനിയായ ഏതോ ഒരു പ്രണയം ആ ചെറുപ്പക്കാരനെ പിന്നീട് നൈരാശ്യപ്പെടുത്തുകയും ഒടുവിൽ, അനാദിയായ നീലക്കടലിന്റെ അങ്ങേയറ്റത്തെ ഏകാന്തത ഒരുപക്ഷേ വിഷാദമായി അവനിൽ നിറഞ്ഞിട്ടുമുണ്ടാവണം. തിരകളുടെ സഞ്ചാര ദൂരമറിയാതെ മരണത്തിന്റെ ബാംസുരി നാദത്തിനായി അവൻ കാതോർത്തിരിക്കാം. ഹൃദയം പകർത്തി വെച്ച കവിതയുടെ ഭാഷ തന്നെ പ്രണയമായിരുന്നു. എന്നിട്ടും, അവസാന അതിഥിയെത്തും വരെ എന്റെ മേശപ്പുറത്തെ പൂക്കൾ വാടില്ല എന്നെഴുതി കീ പാഡിൽ നിന്ന് കയ്യെടുക്കുമ്പോൾ, അവന്റെയുള്ളിൽ മരണമെന്ന അവസാന അതിഥിക്കു വേണ്ടിയുള്ള ഒരു മിടിപ്പ് ബാക്കിയുണ്ടായിരുന്നിരിക്കാം.
കേവലം ബ്രോ വിളികൾക്കും, സഹോ വിളികൾക്കുമപ്പുറം ആത്മാർഥ സൗഹൃദത്തിന്റെ മഴവിൽക്കൂട് മെനയുകയെന്ന ലക്ഷ്യത്തോടെ ഏതാനും സുഹൃത്തുക്കൾ ചേർന്ന്, അക്ഷരങ്ങളിൽ ആത്മാവിനെ അവശേഷിപ്പിച്ച്, അകാലത്തിൽ പിരിഞ്ഞു പോയ സുഹൃത്തിന്റെ, പ്രണയത്തിന്റേയും മരണത്തിന്റേയും മണമുള്ള തൂലികാ രത്‌നങ്ങളെ വിളക്കിച്ചേർത്ത്, വഴികളില്ലാത്ത വീട് എന്ന പേരിൽ ഒരു കാവ്യഹാരം അണിയിച്ചൊരുക്കിയത് കേവലാനന്ദത്തിനും മീതെയൊരു അത്മനിർവൃതിയാണ് എന്നിലേക്ക് പകർന്നത്.
അനിയാ, ഞാനിന്ന്, നിന്റെ സമയ രേഖയിലെ നിത്യ സന്ദർശകയാണ്. കാരണം നീയെനിക്ക് സമ്മാനിച്ച കവിതയുടെ ആകാശം നിറയെ പട്ടുനൂൽക്കിനാവ് നെയ്യുന്ന നക്ഷത്രത്തിളക്കമാണ്. വാക്കിന്റെ തീപ്പൊരി ഊതിയൂതി കവിതയുടെ തീനാളം ജ്വലിപ്പിച്ച നീ, ഞാൻ കണ്ട മറ്റൊരു പ്രൊമിത്യൂസ് ആണ്. മരിച്ചു പോയെന്നാലും, ഒരിക്കലും അൺഫ്രണ്ട് ചെയ്യാതെയും ബ്ലോക്ക് ചെയ്യാതെയും, ആ അദൃശ്യസാന്നിധ്യം എന്റെ സൗഹൃദ നിരയ്ക്കാവശ്യമുണ്ട്. മനസ്സ് വിഷാദത്തിന്റെ കൽപ്പടവിറങ്ങുന്ന യാമങ്ങളിൽ, ഒരഭയം തേടി ഒറ്റയ്ക്ക് ചെന്നിരിക്കാൻ. അവന്റെ തന്നെ വരികൾ കടമെടുത്താൽ, നോവ് തിന്നുന്ന രാത്രികളിൽ ഉണർന്നിരുന്ന്, അവസാനത്തെ നിലാക്കാറ്റണയും വരെ, കത്തുന്ന കനവുകൾക്കു മീതെയൊരു ഹിമത്തണുപ്പാകുവാൻ.