Sunday , November   18, 2018
Sunday , November   18, 2018

മരുക്കാട്ടിലെ പക്ഷിക്കൂട്

ഉയർന്ന താപനില അനുഭവപ്പെടുന്ന മരുഭൂകാലാവസ്ഥയിലും ബുറൈദയിലെ തന്റെ വീട് പക്ഷി സങ്കേതമാക്കി മാറ്റിയിരിക്കുകയാണ് സൗദി യുവാവ് അബ്ദുറഹ്മാൻ അൽസുബൈഇ. മുപ്പത്തിയേഴ് ഇനങ്ങളിൽ പെട്ട 700 പക്ഷികൾ യുവാവിന്റെ സങ്കേതത്തിലുണ്ട്. പക്ഷികളും മനുഷ്യനും തമ്മിലുള്ള ഇണക്കത്തിന്റെ കഥകൾ പറയുന്ന സങ്കേതം കാണുന്നതിന് നിരവധി സന്ദർശകരും എത്തുന്നു. 
പക്ഷികളോടുള്ള ഇഷ്ടം മൂത്തും അവയെ വളർത്തുന്നതിലുള്ള നൈപുണ്യം പ്രയോജനപ്പെടുത്തിയും പക്ഷി സങ്കേതം തുറക്കുന്നതിന് താൻ തീരുമാനിക്കുകയായിരുന്നെന്ന് അബ്ദുറഹ്മാൻ അൽസുബൈഇ പറഞ്ഞു. ഓരോ ഇനം പക്ഷികൾക്കും അനുയോജ്യമായ രീതിയിലാണ് സങ്കേതം രൂപകൽപന ചെയ്ത് സജ്ജീകരിച്ചിരിക്കുന്നത്. പക്ഷികൾക്ക് സൂര്യകാന്തി കുരുകളാണ് തീറ്റ നൽകുന്നത്. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ ചെറിയ സംരംഭം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ ആദ്യ പക്ഷി സങ്കേതകളിലൊന്നാണ് തന്റെത്. 
സൗദിയുടെ എല്ലാ ഭാഗത്തു നിന്നുമുള്ള പക്ഷി പ്രേമികൾ തന്റെ സങ്കേതം കാണുന്നതിന് എത്തുന്നുണ്ട്. സന്ദർശകർക്കിടയിലൂടെ പാറിക്കളിക്കുന്ന പക്ഷികൾ അവരുടെ ചുമലുകളിൽ ഇരിക്കുകയും ചെയ്യുന്നു. പക്ഷിവളർത്തൽ ഹോബി സൗദിയിൽ പ്രചാരം നേടിവരികയാണെന്നും അബ്ദുറഹ്മാൻ അൽസുബൈഇ പറഞ്ഞു. സ്വകാര്യ പാർക്ക് സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് വിനോദ സഞ്ചാര കേന്ദ്രം എന്നോണം പക്ഷി സങ്കേതമാക്കി മാറ്റി വിപുലീകരിച്ചത്. കാലക്രമേണ ലോകത്തെ എല്ലായിടങ്ങളിൽ നിന്നും സന്ദർശകർ തന്റെ പക്ഷി സങ്കേതത്തിൽ എത്തുന്നതിന് തുടങ്ങി. പക്ഷി സങ്കേതം നാലു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഫാമിലികൾക്ക് പക്ഷികൾക്കൊപ്പം ദീർഘ സമയം ചെലവഴിക്കുന്നതിനും പക്ഷികൾക്ക് തീറ്റ നൽകുന്നതിനും സാധിക്കുമെന്നത് തന്റെ പക്ഷി സങ്കേതത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. സന്ദർശകരുടെ എണ്ണം വർധിച്ചുവരുന്നത് കണക്കിലെടുത്ത് പാർക്ക് വിപുലീകരിക്കുന്നതിന് ശ്രമിച്ചുവരികയാണ്. ഇത് പൂർത്തിയാകുന്നതോടെ പാർക്കിന്റെ വിസ്തീർണം ഏഴായിരം ചതുരശ്രമീറ്ററായി വർധിക്കുമെന്നും അബ്ദുറഹ്മാൻ അൽസുബൈഇ പറഞ്ഞു. അൽബാഹയിലും തായിഫിലും ഹായിലിലും കുവൈത്തിലും നാലു പക്ഷി സങ്കേതങ്ങൾ സ്ഥാപിക്കുന്നതിനും യുവാവ് സഹായം നൽകിയിട്ടുണ്ട്.