Monday , February   18, 2019
Monday , February   18, 2019

സ്വർണം ഹരിയാനക്ക്

ഏഷ്യൻ ഗെയിംസിലെ ഓരോ മെഡലിനും ഓരോ കഥ പറയാനുണ്ടാവും. കാലികളെ മേയ്ചു നടന്ന മഞ്ജിത്തിന് മുതൽ കാൻസർ ബാധിച്ചു കിടക്കുന്ന പിതാവിന്റെ ഓർമയിൽ പൊരുതുകയും തിരിച്ചെത്തും മുമ്പെ പിതാവിന്റെ മരണ വാർത്ത അറിയുകയും ചെയ്ത തേജീന്ദർപാൽ തൂറിന്റേതു വരെ. ഇരു കാലുകളിലും ആറ് വിരലുമായി ജനിച്ച സ്വപ്‌ന ബർമന്റെ വേദന പലതലങ്ങളിലാണ്. സാധാരണ ഷൂ ധരിക്കുമ്പോഴുള്ള വേദന വരെ അതിൽ ഉൾപ്പെടും. ഇത്തവണ രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള അത്‌ലറ്റുകൾ ഏഷ്യാഡിൽ വീരഗാഥ രചിച്ചു. 
69 മെഡലുകളാണ് ഇത്തവണ ഏഷ്യാഡിൽ ഇന്ത്യ നേടിയത്. കൂടുതൽ സംസ്ഥാനങ്ങൾ മെഡൽ ജേതാക്കളെ സൃഷ്ടിച്ചു. ഇതുവരെ സ്‌പോർട്‌സിന്റെ പേരിൽ അറിയപ്പെടാത്ത ചില സംസ്ഥാനങ്ങൾ കരുത്തു കാട്ടി. 
1982 ലാണ് അവസാനമായി ഇന്ത്യ ഇത്രയധികം സ്വർണം നേടിയത്. അന്ന് മഹാരാഷ്ട്രയാണ് കൂടുതൽ മെഡൽ ജേതാക്കളെ സമ്മാനിച്ചത്. രണ്ടാം സ്ഥാനത്ത് പഞ്ചാബും മൂന്നാമത് രാജസ്ഥാനുമായിരുന്നു. ഇത്തവണ ഇത്തവണ 21 സംസ്ഥാനങ്ങളിൽ നിന്ന് മെഡൽ ജേതാക്കളുണ്ട്. ഹരിയാനയിൽ നിന്നാണ് കൂടുതൽ മെഡൽ ജേതാക്കൾ. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവും അവർ സമ്മാനിച്ചു. മൊത്തം 18 മെഡൽ. രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ്. 12 മെഡൽ. അഞ്ച് വെള്ളിയും ഏഴ് വെങ്കലവും. ഉത്തർപ്രദേശ്, കേരളം, ദൽഹി സംസ്ഥാനങ്ങൾ ഒമ്പത് മെഡലുകൾ വീതം സമ്മാനിച്ചു. 
മഹാരാഷ്ട്ര (7), കർണാടക (6), പഞ്ചാബ് (5) എന്നിവയാണ് തൊട്ടുപിന്നിൽ. ഇന്ത്യയുടെ വെറും രണ്ട് ശതമാനം ജനസംഖ്യയുള്ള ഹരിയാനയിൽ നിന്നാണ് ഏഷ്യാഡ് സംഘത്തിലെ 220 ശതമാനം പേരും. 
അത്‌ലറ്റിക്‌സിൽ സ്വർണം നേടിയ സരിത ഗെയ്കവാദും ഹെപ്റ്റാത്തലൺ ചാമ്പ്യനായ സ്വപ്‌ന ബർമനും ആദിവാസി വിഭാഗക്കാരാണ്. ഗുജറാത്തിലെ ആദിവാസി ജില്ലയായ ഡാംഗിലെ കുഗ്രാമത്തിലാണ് സരിത.
184 പേർ ചേർന്നാണ് 69 മെഡൽ നേടിയത്. ചിലത് ടീം ഗെയിമുകളിലാണെന്നതാണ് കാരണം. 1982 ൽ 13 സ്വർണവും 19 വെള്ളിയും 25 വെങ്കലവുമായി ഇന്ത്യ 57 മെഡലുകൾ സ്വന്തമാക്കിയിരുന്നു. 130 പേർ ചേർന്നാണ് ആ മെഡലുകൾ നേടിയത്. 
ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്ര, ഏഷ്യാഡ് ചരിത്രത്തിലെ ഇന്ത്യയുടെ പ്രഥമ ഗുസ്തി ചാമ്പ്യൻ വിനേശ് ഫോഗട്, 800 മീറ്ററിൽ അപ്രതീക്ഷിതമായി സ്വർണത്തിലേക്ക് കുതിച്ച മഞ്ജിത് സിംഗ്, ഷൂട്ടിംഗിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സംയമനം കാത്ത് കിരീടം നേടിയ രാഹു സർണോബത്, ട്രിപ്പിൾജമ്പിൽ സ്വർണത്തിലേക്ക് കുതിച്ച അർപീന്ദർ സിംഗ്, ബോക്‌സിംഗിൽ ഒളിംപിക് ചാമ്പ്യനെ അട്ടിമറിച്ച അമിത് പംഗൽ എന്നിവരെല്ലാം ഹരിയാനക്കാരാണ്. 
ഇന്ത്യയുടെ 69 മെഡലുകളിൽ പതിനെട്ടെണ്ണം ഹരിയാനക്കാരുടെ സംഭാവനയാണ്. കോമൺവെൽത്ത് ഗെയിംസിൽ 22 മെഡലുകൾ ഹരിയാനക്കാർ സമ്മാനിച്ചിരുന്നു. 

Latest News