Monday , February   18, 2019
Monday , February   18, 2019

വിസ്മയത്തുമ്പത്ത്

4-400 റിലേ സ്വർണ്ണം നേടിയ സരിത, വിസ്മയ, ഹിമദാസ്, പൂവമ്മ  എന്നിവർ 

ഏഷ്യാഡിന്റെ അത്‌ലറ്റിക്‌സിൽ ഏഴ് മലയാളികൾക്ക് മെഡൽ ലഭിച്ചു. അതിൽ കണ്ണൂർക്കാരി വി.കെ. വിസ്മയയുടെ ഏഷ്യാഡ് യാത്ര സ്വപ്‌നം പോലെ സുന്ദരമാണ്. വിസ്മയയുടെ ആദ്യ സീനിയർ മീറ്റാണ് ഇത്. ഇന്ത്യൻ സംഘം ജക്കാർത്തയിലെത്തിയ ശേഷം നടത്തിയ ട്രയൽസിലാണ് ഇരുപത്തിരണ്ടുകാരി റിലേ ടീമിലെ അവസാന അംഗമായത്. 
വെറും ആറ് വർഷമേ ആയിട്ടുള്ളൂ വിസ്മയ അത്‌ലറ്റിക്‌സിൽ പരിശീലനം തുടങ്ങിയിട്ട്. അതും പത്താം ക്ലാസ് കഴിഞ്ഞ ശേഷം. വിസ്മയയുടെ മാതാവ് കോതമംഗലം സെയ്ന്റ് ജോർജ് സ്‌കൂളിലെ ഹോസ്റ്റൽ വാർഡനായിരുന്നു. പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് കിട്ടിയപ്പോൾ മകളെ കോതമംഗലത്ത് കംപ്യൂട്ടർ സയൻസിന് ചേർത്തു. വളരെ യാദൃഛികമായി അത്‌ലറ്റിക്‌സിൽ പരിശീലനവും തുടങ്ങി. പ്ലസ് ടു ആവുമ്പോഴേക്കും വിസ്മയ വല്ലാതെ മെച്ചപ്പെട്ടു. പ്ലസ്ടു കഴിഞ്ഞ് വിസ്മയ അസംപ്ഷൻ കോളേജിൽ ചേർന്നു. അന്തർ യൂനിവേഴ്‌സിറ്റി മത്സരത്തിലെ പ്രകടനമാണ് വിസ്മയ ശ്രദ്ധിക്കപ്പെടാൻ കാരണം. 
വെറും നാലു മാസം മുമ്പാണ് വിസ്മയയെ ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സ്‌കൗടുകൾ നോട്ടമിടുന്നത്. അങ്ങനെ പട്യാല ദേശീയ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടു. അവിടെ എഴുപത്തിരണ്ടുകാരി കോച്ച് ഗലീന ബുഖാരിന ചുരുങ്ങിയ സമയം കൊണ്ട് ഈ മുത്തിനെ മിനുക്കിയെടുത്തു. 
എന്നിട്ടും ഏഷ്യാഡ് ടീമിൽ സ്ഥാനമുറപ്പായിരുന്നില്ല. ജക്കാർത്തയിലെത്തിയ ശേഷം നടത്തിയ ട്രയൽസിലാണ് വിസ്മയ 4-400 റിലേ ടീമിൽ അവസാന അംഗമായി സ്ഥാനം പിടിച്ചത്. പി.ടി. ഉഷയുടെ ശിഷ്യ ജിസ്‌ന മാത്യുവിനെയാണ് ട്രയൽസിൽ വിസ്മയ തോൽപിച്ചത്. ജിസ്‌നയെ പരിശീലിപ്പിക്കാനായി മാത്രം ഉഷ ഏഷ്യാഡ് സംഘത്തിലുണ്ടായിരുന്നു. എന്നാൽ വിസ്മയ ജില്ലാ തലത്തിൽ പോലും ഇതുവെ സീനിയർ തലത്തിൽ മത്സരിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും ജക്കാർത്തയിലെ 4-400 റിലേ ഫൈനലിൽ അവസാന ലാപ്പിൽ ഓടാൻ വിസ്മയ നിയോഗിക്കപ്പെട്ടു. 
ഉജ്വലമായി കുതിച്ച് ഇന്ത്യയെ സ്വർണമണിയിച്ചു. തലനാരിഴക്കാണ് ഇന്ത്യക്ക് റെക്കോർഡ് നഷ്ടപ്പെട്ടത്. ആ ടീമിന് മറ്റൊരു പ്രത്യേകതയുണ്ട്. 4-400 റിലേയിൽ തുടർച്ചയായി അഞ്ചാം തവണയാണ് ഇന്ത്യ സ്വർണം നേടിയത്. എന്നാൽ ഇത്തവണ എം.ആർ. പൂവമ്മ ഒഴികെ എല്ലാം പുതുമുഖങ്ങളായിരുന്നു. വിസ്മയയെ കൂടാതെ സരിതബെൻ ഗെയ്കവാദും ഹിമദാസുമായിരുന്നു ടീമിൽ.
വിസ്മയ. ദേശീയ കോച്ച് ഗലീന ബുഖാരിനക്കു കീഴിൽ വിസ്മയ എത്തിയിട്ട് വെറും നാലു മാസമേ ആയിട്ടുള്ളൂ എന്നതാണ് വിസ്മയം.
ദേശീയ മത്സരങ്ങളിലോ ഫെഡറേഷൻ കപ്പിലോ അന്തർ സംസ്ഥാന മീറ്റിലോ ഒന്നും ഇതുവരെ ഈ പെൺകുട്ടി പങ്കെടുത്തിട്ടില്ല. ദേശീയ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടതോടെയാണ് വിസ്മയയുടെ വഴി തെളിയുന്നത്. വിജയവാഡയിൽ നടന്ന ഇന്റർ യൂനിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ വിസ്മയയുടെ പ്രതിഭ മനസ്സിലാക്കിയ അത്‌ലറ്റിക് ഫെഡറേഷന്റെ സ്‌കൗടുകൾ ഈ പെൺകുട്ടിയെ ദേശീയ ക്യാമ്പിലേക്ക് നിർദേശിക്കുകയായിരുന്നു. കേരളത്തിലെ ആരും തന്റെ കഴിവ് മനസ്സിലാക്കിയിട്ടില്ലെന്ന് വിസ്മയ പറയുന്നു.
 

Latest News