Monday , December   10, 2018
Monday , December   10, 2018

കേരളത്തിന് വീണ്ടും സുവർണ കാലം

ഒരു കാലത്ത് ഇന്ത്യൻ അത്‌ലറ്റിക്‌സ് എന്നാൽ കേരളമായിരുന്നു. ടി.സി യോഹന്നാനും സുരേഷ് ബാബുവും പി.ടി. ഉഷയും എം.ഡി വൽസമ്മയും.. രാജ്യം നെഞ്ചിലേറ്റിയ താരങ്ങൾ. ക്രമേണ കേരളം മങ്ങുകയും ഹരിയാനയും പഞ്ചാബും തമിഴ്‌നാടുമൊക്കെ കരുത്തു തെളിയിക്കുകയും ചെയ്തു. ജക്കാർത്ത ഏഷ്യാഡ് കേരളത്തിന്റെ പഴയ പ്രതാപത്തെ ഓർമിപ്പിച്ചു. ജിൻസൻ ജോൺസൺ, മുഹമ്മദ് അനസ്, വി.കെ. വിസ്മയ.. ഒന്നിനൊന്ന് മെച്ചമായിരുന്നു കേരളത്തിന്റെ കുട്ടികൾ. 
രണ്ട് സ്വർണമുൾപ്പെടെ ഒമ്പത് മെഡലുകൾ കേരളം രാജ്യത്തിന് സംഭാവന ചെയ്തു. എങ്കിലും കേരളത്തെക്കാൾ മുന്നിലാണ് പല സംസ്ഥാനങ്ങളും. ഹരിയാനയെന്ന കൊച്ചു സംസ്ഥാനം ബഹുദൂരം മുന്നിലാണ്. തമിഴ്‌നാട് പോലും 12 മെഡലുകൾ നേടി. 
കേരളാ താരങ്ങളുടെ ചില പ്രകടനങ്ങൾ അദ്ഭുതകരമാണ്. ജിൻസൻ ജോൺസൺ 1500 മീറ്ററിൽ സ്വർണം നേടിയത് 2016 ലെ റിയൊ ഒളിംപിക്‌സിൽ അമേരിക്കയുടെ മാത്യു സെൻട്രോവിറ്റ്‌സ് ഈയിനത്തിൽ ജയിച്ചതിനെക്കാൾ മികച്ച സമയത്തിലാണ്. ഇഷ്ട ഇനമായ 800 മീറ്ററിൽ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിക്ക് സ്വർണം നഷ്ടപ്പെട്ടത് തലനാരിഴക്കാണ്. കൊല്ലം നിലമേൽ സ്വദേശി അനസ് മൂന്ന് വെള്ളി സ്വന്തമാക്കി. 1500 മീറ്ററിൽ പി.യു ചിത്രയും ലോംഗ്ജമ്പിൽ വി. നീനയും വെങ്കലം നേടി. 
ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ആസൂത്രണത്തോടെയുള്ള പദ്ധതികളാണ് ഗുണം ചെയ്തതെന്ന് ഒളിംപ്യൻ അഞ്ജു ബോബി ജോർജ് കരുതുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും മലയാളികൾ അത്‌ലറ്റിക്‌സിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതിന് ശേഷമാണ് മങ്ങിയത്. ഗലീന ബുഖാരിനക്കു കീഴിലുള്ള തീവ്രപരിശീലനം താരങ്ങൾക്ക് ഗുണം ചെയ്തുവെന്നാണ് അഞ്ജുവിന്റെ നിലപാട്. 
ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും വനിതകളുടെ മധ്യദൂര ഓട്ടങ്ങളിൽ ഹിമദാസും ജിൻസൻ ജോൺസണും ഒളിംപിക്‌സിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. 
അടുത്ത രണ്ടു വർഷം ആസൂത്രണത്തോടെ ഒരുങ്ങിയാൽ ജിൻസന് ഒളിംപിക്‌സിൽ സ്വർണം നേടാമെന്നാണ് മുൻ ദേശീയ കോച്ച് പി.ആർ. പുരുഷോത്തമൻ പറയുന്നത്. പി.യു ചിത്ര ഏഷ്യാഡ് അരങ്ങേറ്റത്തിന്റെ പിരിമുറുക്കം കാരണമാണ് വെങ്കലത്തിൽ ഒതുങ്ങിപ്പോയത്. അനസിന്റെ പ്രകടനവും എടുത്തു പറയേണ്ടതുണ്ട്. കേരളാ അത്‌ലറ്റിക്‌സിന്റെ സുവർണകാലം തിരിച്ചുവരികയാണ് -അദ്ദേഹം പറഞ്ഞു. 

Latest News