Friday , February   22, 2019
Friday , February   22, 2019

പ്രളയ ദുരന്തം: രാഷ്ട്രീയക്കാരുടെ അത്യാഗ്രഹത്തിന്റെ ഫലമെന്ന് വിദഗ്ധർ

ന്യൂദൽഹി- കേരളത്തിൽ പ്രളയദുരന്തത്തിന് പിന്നിൽ രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് വിദഗ്ധർ. ഇന്ത്യയിലെ വിവിധ പരിസ്ഥിതി പ്രവർത്തകരെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എളുപ്പത്തിൽ പണം നേടാനായി അത്യാഗ്രഹികളും പരിസ്ഥിതി ബോധവുമില്ലാത്ത രാഷ്ട്രീയക്കാരാണ് കേരളത്തെ കൊലക്ക് കൊടുത്തതെന്നും വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 410 പേരുടെ ജീവനാണ് കേരളത്തിന് നഷ്ടമായത്. സംസ്ഥാനത്തെ 44 നദികളും മറ്റ് ജലസ്രോതസുകളുമെല്ലാം നിറഞ്ഞുകവിഞ്ഞു. നിരവധി അത്യപൂർവ്വ സസ്യങ്ങളും മൃഗങ്ങളുമെല്ലാം ചത്തൊടുങ്ങി. നിറഞ്ഞുകവിഞ്ഞ ഡാമുകൾ തുറന്നതോടെ ദുരന്തം വീണ്ടും ഇരട്ടിച്ചു. 
2011-ൽ തന്നെ ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ സമിതി വിദഗ്ധൻ മുരളി തുമ്മാരുകുടിയും പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലും കേരളം നേരിടാൻ പോകുന്ന പരിസ്ഥിതി ദുരന്തത്തെ പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരു ചർച്ച നടത്താൻ പോലും സർക്കാറുകൾ തയ്യാറായില്ല. 
ദേശീയ, സംസ്ഥാന സർക്കാറുകളും കേരളത്തിന്റെ പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഗണിക്കാതെയാണ് വൈദ്യുതി നിലയങ്ങളും നിരവധി കമ്പനികൾക്ക് ഖനനാനുമതിയും നൽകിയത്. ഇതിന് പുറമെ, പരിസ്ഥിതി ലോല പ്രദേശങ്ങളിലടക്കം വൻകിട ഹോട്ടലുകളും മറ്റ് കെട്ടിടങ്ങളും അനുവദിച്ചു. കേരളത്തിൽ വരാനിരിക്കുന്ന ദുരന്തത്തെ പറ്റി 2013-ൽ മുരളി തുമ്മാരുകുടി മുന്നറിയിപ്പ് നൽകിയിരുന്നു. 1924-ലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ആവർത്തനം ഉണ്ടായേക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇത്തരം വെള്ളപ്പൊക്കങ്ങൾ അൻപതോ നൂറോ കൊല്ലത്തിനിടയിൽ ആവർത്തിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പ്രളയത്തെ പറ്റിയുള്ള തന്റെ മുന്നറിയിപ്പ് പുലർന്നതിലും നിരവധി പേർക്ക് ജീവൻ നഷ്ടമായതിലും സങ്കടമുണ്ടെന്നും മുരളി തുമ്മാരുകുടി എ.എഫ്.പിയോട് പറഞ്ഞു. 
2011-ൽ സമർപ്പിച്ച റിപ്പോർട്ടിൽ പുതിയ ഖനനാനുമതികൾ സംസ്ഥാനത്ത് നൽകരുതെന്ന് മാധവ് ഗാഡ്ഗിൽ നിർദ്ദേശിച്ചിരുന്നു. മനുഷ്യനിർമിത ചെയ്തികൾ വൻ ദുരന്തത്തിന് കാരണമാകുമെന്നായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ രാഷ്ട്രീയ നേതൃത്വവും കോർപ്പറേറ്റ് ശക്തികളും തീരദേശത്തും പുഴക്കരകളിലും വൻതോതിൽ നിർമ്മാണങ്ങൾ നടത്തി. കേരള ഗവൺമെന്റ് സ്ഥാപിത താൽപര്യക്കാരുമായി അവിശുദ്ധബന്ധം പുലർത്തുകയും പരിസ്ഥിതി സംരക്ഷണ നിയമങ്ങളൊന്നും പാലിക്കുകയും ചെയ്തില്ല- ഗാഡ്ഗിൽ പറഞ്ഞു. നിയമം പാലിക്കണമെന്ന് ബോധ്യമുള്ള ഒരു സർക്കാർ ഈ കമ്മിറ്റിയുടെ ശുപാർശകൾ പാലിക്കേണ്ടതായിരുന്നു. നിയമത്തിന് പുല്ലുവില നൽകുന്നതും മോശം ഗവേണൻസുമുള്ള ഒരു സംവിധാനമായിപ്പോയി നമ്മുടേത്-ഗാഡ്ഗിൽ കൂട്ടിച്ചേർത്തു. 
മൂന്നാർ മലനിരകളെയും കടലോരവും പുഴകളും തടാകങ്ങളുമെല്ലാം കാണിച്ചാണ് കേരളത്തിലേക്ക് വിദേശവിനോദ സഞ്ചാരികളെ കേരളം ഇക്കഴിഞ്ഞ വർഷങ്ങളിൽ ആകർഷിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി. കഴിഞ്ഞവർഷം പത്തുലക്ഷത്തിലേറെ വിദേശവിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. അതേസമയം തന്നെ തീരദേശ പരിപാലന നിയമം അടക്കമുള്ളവ ഭീകരമായ രീതിയിൽ ലംഘിക്കപ്പെട്ടു. 
അതേസമയം, തങ്ങളൊന്നും ചെയ്തില്ലെന്ന വിമർശനം തെറ്റാണെന്ന് കേരള പരിസ്ഥിതി കാലാവസ്ഥ മാറ്റം വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥ പറഞ്ഞു. ചതുപ്പുനിലങ്ങളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതി സംസ്ഥാനം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക്കുകൾ നിരോധിക്കുകയും ചെയ്തുവെന്നുമായിരുന്നു അവരുടെ മറുപടി. ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും മികച്ചത് ചെയ്തിട്ടുണ്ട്. ഇത് പ്രകൃതി ദുരന്തമാണ്. ആരെയും കുറ്റപ്പെടുത്താനാകില്ല- പേര് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥ വ്യക്തമാക്കി.  
2013-ൽ ഉത്തരാഖണ്ഡിൽ ആറായിരം പേരുടെ മരണത്തിനിടയാക്കിയതിന് സമാപനമായ ദുരന്തമാണ് കേരളത്തിലുമുണ്ടായത്.