Friday , February   22, 2019
Friday , February   22, 2019

പ്രളയത്തിൽ മുങ്ങി താഴ്ന്നത് കുമരകത്തിന്റെ ടൂറിസം

കോട്ടയം- പ്രളയത്തിൽ മുങ്ങി താഴ്ന്നത് കുമരകത്തിന്റെ ടൂറിസം. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയജലം മെല്ലെപിൻവാങ്ങുമ്പോൾ കുമരകമെന്ന ഗ്രാമം ഏറെക്കുറെ ശൂന്യമാണ്. ഇവിടെ നിന്നും 23,000 പേരാണ് പലായനം ചെയ്തത്്. ബോട്ട് ജെട്ടി മുതൽ കൈപ്പുഴമുട്ട് വരെയുളള സ്ഥലത്ത്്് വെള്ളത്തിൽ മുങ്ങിനിവരാത്ത പ്രദേശമില്ല. കായലോരത്തും ജലനിരപ്പ് ഉയർന്നതോടെ ജനം ടിപ്പറും ടോറസും വരുത്തി നാടുവിട്ടു. പല വീടുകളെയും പ്രളയം പൂർണമായി തന്നെ മുക്കി. പ്രളയം കുമരകത്തിന്റെ വിനോദസഞ്ചാര മേഖലയ്്ക്കും മങ്ങലേൽപ്പിച്ചു. ഹോട്ടലുകളിൽ ഒരാഴ്ച്ചയോളമുളള ബുക്കിംഗ് റദ്ദായി. വന്നവരാകട്ടെ സമയത്ത് തിരിച്ചുപോകാനാവാതെ കുടുങ്ങി. നെടുമ്പാശേരിയിലേക്കുളള വിമാന സർവീസ് കൂടി നിലച്ചതോടെ കുമരകം തീർത്തും സ്തംഭിച്ചു. ഇതുവഴിയുളള ബസ് ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. കുമരകം മുതൽ വൈക്കം വരെയുളള പ്രദേശത്തെ കായലോരം മുഴുവൻ വെള്ളത്തിലായി. പെരുവെള്ളപ്പാച്ചിൽ കായൽ വലിച്ചെടുക്കാതെ വന്നതോടെയാണ് നിരപ്പ് ഉയർന്നത്്. ആദ്യം ഇത് നാട്ടുകാരെ ഭയപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി. ഇല്ലിക്കൽ മുതൽ കുമരകം ആറ്റാമംഗലം പള്ളിവരെയുളള റോഡിൽ പലയിടത്തും വൻ വെള്ളക്കെട്ടായിരുന്നു. കുമരകത്തെ പല ക്യാമ്പുകളും തീർത്തും ഒറ്റപ്പെട്ടു. വള്ളത്തിലാണ് പലയിടത്തും ഭക്ഷണവും വസ്ത്രവും എത്തിച്ചത്്.
അതിനിടെ പടിഞ്ഞാറൻ മേഖലയിൽ നിന്നും വെള്ളമിറങ്ങിത്തുടങ്ങിയതോടെ ആളുകൾ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വീട്ടിലെത്തുമ്പോൾ എല്ലാം നശിച്ച ആവസ്ഥയാണ് പല കുടുംബങ്ങൾക്കും കാണാനാകുന്നത്. ചെളിയും മാലിന്യങ്ങളും നീക്കി വീടുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് പല കുടുംബങ്ങളും. 
മൂന്നാം ദിനവും മഴ മാറി നിന്നത് ആശ്വാസമായി. വീടുകളിലേക്ക് മടങ്ങിയെത്തുമ്പോൾ സർവ്വവും വെള്ളത്തിൽ കുതിർന്ന് നശിച്ച സ്ഥിതിയാണ് പല കുടുംബങ്ങൾക്കും കാണാൻ കഴിയുന്നത്. ഗൃഹോപകരണങ്ങളും രേഖകളും വീട്ടിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യ വസ്തുക്കളുമെല്ലാം വെള്ളത്തിൽ മുങ്ങി നശിച്ചു. വീടിനു ചുറ്റുപാടുമുണ്ടായിരുന്ന പലതും നശിച്ചുപോയി. അസ്ഥിപഞ്ജരമായി വീടും അതിനുള്ളിൽ അവിടവിടെ ചിതറിക്കിടക്കുന്ന സാധന സാമഗ്രികളും. വെള്ളക്കെട്ടിനെ തുടർന്ന് പല വീടുകൾക്കും വലിയ നാശനഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. 
ആദ്യഘട്ടമായി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പല വീടുകളുടെയും ഉള്ളിലും പരിസരത്തുമെല്ലാം വലിയ തോതിൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞിട്ടുണ്ട്. വെള്ളത്തിൽ കുതിർവയിൽ വീണ്ടും ഉപയോഗിക്കാൻ കഴിയുന്നവ പെറുക്കിയെടുത്ത് വൃത്തിയാക്കിയെടുക്കുകയും ഉപയോഗശൂന്യമായവ വീടിന് പുറത്ത് ഒതുക്കിവയ്ക്കുകയുമാണ്. വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ വെള്ളത്തിലെത്തിയ ഇഴജന്തുക്കളെ ജീവനോടെയും അല്ലാതെയും വീടിനകത്തും പുറത്തുമൊക്കെ കാണുന്നുണ്ട്്. പല കുടുംബങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങൾ ലക്ഷങ്ങളുടേതാണ്. സോഫയും കസേരയും കട്ടിലും ബെഡും ഇലക്ട്രോണികസ് ഉപകരണങ്ങളും ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളും വിലപ്പെട്ട രേഖകളുമെല്ലാം വെള്ളത്തിലായി. 

അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ ജില്ലയുടെ അകത്തും പുറത്തും നിന്നായി പതിനായിരങ്ങൾ വീടുകളിൽ നിന്നും വെള്ളമിറങ്ങാൻ കാത്തു കഴിയുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. പ്രളയക്കെടുതികൾ ആറാംദിനം പിന്നിടുമ്പോൾ ജില്ലയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഏകദേശം 90 ശതമാനത്തോളം പുനഃസ്ഥാപിച്ചു. കൂടുതൽ മേഖലകളിൽ വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചു. ചരക്കു ലോറികൾ എത്തിത്തുടങ്ങിയതോടെ വ്യാപാര സ്ഥാപനങ്ങളിൽ പച്ചക്കറികളും പലചരക്കും ധാരാളമായി എത്തി. ഇന്ധന ക്ഷാമവും പരിഹരിച്ചു. അതേസമയം കുമരകം, തിരുവാർപ്പ് അടക്കമുള്ള മേഖലകളിൽ ഇപ്പോഴും ജലനിരപ്പിൽ വലിയ വ്യതിയാനം ഉണ്ടായിട്ടില്ല. അയ്മനം, തിരുവാർപ്പ് പഞ്ചായത്തുകളിലും നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. ഈ മേഖലകളിൽ ശുചീകരണ പരിപാടികൾ ആരംഭിക്കാൻ പോലും ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. 

ജില്ലയിൽ ആകെ 443 ക്യാമ്പുകളിലായി 40143 കുടുംബങ്ങളിലെ  139561 പേരാണുളളത്.  ഇതിൽ 56032 പേർ പുരുഷൻമാരും 66084 പേർ സ്ത്രീകളും 17445 പേർ കുട്ടികളുമാണ്. കോട്ടയം താലൂക്കിൽ മാത്രം 218 ക്യാമ്പുകളുണ്ട്. 8642 കുടുംബങ്ങളിലായി 30185 പേരുണ്ട്. ഇതിൽ 11823 പേർ പുരുഷൻമാരും 13917 പേർ സ്ത്രീകളും 4445 പേർ കുട്ടികളുമാണ്. വൈക്കം താലൂക്കിൽ 102 ക്യാമ്പുകളിലായി 23196 കുടുംബങ്ങളിലായി  79033 പേരാണുള്ളത്. ഇതിൽ 32217 പേർ പുരുഷൻമാരും 38855 പേർ സ്ത്രീകളും 7961 പേർ കുട്ടികളുമാണ്. ചങ്ങനാശ്ശേരി താലൂക്കിൽ  112 ക്യാമ്പുകളിലായി 8114 കുടുംബങ്ങ ളിലായി 29625 പേരാണുള്ളത്. ഇതിൽ 11699 പേർ പുരുഷൻമാരും 13058 പേർ സ്ത്രീകളും 4868പേർ കുട്ടികളുമാണ്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 4 ക്യാമ്പുകളിലായി 126 കുടുംബങ്ങളിലായി 480 പേരുണ്ട്. ഇതിൽ 207 പേർ പുരുഷൻമാരും 152 പേർ സ്ത്രീകളും 121 പേർ കുട്ടികളുമാണ്. മീനച്ചിൽ താലൂക്കിൽ 7 ക്യാമ്പുകളിലായി 65 കുടുംബങ്ങളിലായി 238 പേരുണ്ട്. ഇതിൽ 86 പേർ പുരുഷൻമാരും 102 പേർ സ്ത്രീകളും 50 പേർ കുട്ടികളുമാണ്.