Friday , February   22, 2019
Friday , February   22, 2019

റഹീം മേച്ചേരി: മറക്കാനാവാത്ത എഴുത്തുകാരൻ

വിലപ്പെട്ട ലേഖനങ്ങളാലും കനപ്പെട്ട ഗ്രന്ഥങ്ങൾകൊണ്ടും ഒരുകാലത്ത് അക്ഷരകൈരളിയെ സമ്പുഷ്ടമാക്കിയ എഴുത്തുകാരൻ റഹീം മേച്ചേരി ഓർമ്മയായിട്ട്  പതിനാല് വർഷങ്ങൾ പിന്നിടുന്നു. രണ്ടായിരത്തി  നാല്  ഓഗസ്റ്റ്  ഇരുപത്തിയൊന്നിന് പുലർച്ചെയാണ് അദ്ദേഹം അക്ഷരലോകത്തുനിന്ന്  യാത്രയാവുന്നത്. താൻ  പത്രാധിപനായ ചന്ദ്രികയിലെ ജോലി കഴിഞ്ഞ് സ്ഥിരമായി പോവാറുള്ള പോലെ പത്രക്കെട്ടുകൾ  കൊണ്ടുപോവുന്ന വാഹനത്തിൽ  വീട്ടിലേക്ക്  മടങ്ങവേ രാമനാട്ടുകര  ബൈപാസിലുണ്ടായ അപകടത്തിലാണ്  റഹീം മേച്ചേരി  വിടപറയുന്നത്.
1947  മെയ് 10 ന്   മലപ്പുറം  ജില്ലയിലെ  കൊണ്ടോട്ടിക്കടുത്ത  ഒളവട്ടൂർ എന്ന കുഗ്രാമത്തിലാണ് മേച്ചേരിയുടെ  ജനനം. സ്‌കൂൾ പഠന കാലത്തു തന്നെ കഥയും കവിതയും എഴുതി തുടങ്ങിയ മേച്ചേരി പിന്നീട്   ഗദ്യസാഹിത്യത്തിലും മാനവികതയുടെയും മനുഷ്യാവകാശത്തിന്റെയും  മുദ്രകൾ ചാർത്തിയ കിടയറ്റ എഴുത്തുകൾക്കുടമയാവുകയായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം പ്രഭാഷകൻ, കോളമിസ്റ്റ്, പത്രപ്രവർത്തകൻ ഓർമ്മയിലും നിരീക്ഷണത്തിലും കൃത്യതയുളള കേരളത്തിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയ ലേഖകൻ എന്നീ നിലകളിൽ കഴിവുകൾ തെളിയിച്ചു. കാഴ്ചപ്പാടിലെ വ്യത്യസ്ഥതയും ആദർശബന്ധുരമായ നിലപാടുകളുമായിരുന്നു അദ്ദേഹത്തെ പത്രപ്രവർത്തന ലോകത്ത് ശ്രദ്ധേയനാക്കിയത്. അധികാരരാഷ്ട്രീയത്തിന്റെ  ഇടനാഴികയിലേക്ക് ഒരിക്കൽ പോലും എത്തി നോക്കാൻ  താൽപര്യം കാണിക്കാതെ തന്റെ അറിവുകളും ചിന്തകളും രാഷ്ട്രീയ ബോധവുമെല്ലാം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് വേണ്ടി സമർപ്പിച്ച മേച്ചേരി, ലീഗിന്റെ നിലപാടുകളെ സമകാലിക രാഷ്ട്രീയപശ്ചാത്തലത്തിൽ ന്യൂനപക്ഷ താത്പര്യങ്ങൾക്ക് ഗുണകരമാണെന്ന് സമർഥിക്കുകയും തെളിയിക്കുകയുമായിരുന്നു പ്രസംഗങ്ങളിലൂടെയയും രചനകളിലൂടെയും.ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനും മുസ്‌ലിം ലീഗിനെ അവരുടെ അവകാശ മുന്നണിയായി വളർത്തിയെടുക്കാനും മേച്ചേരിയുടെ നാവും തൂലികയും വഹിച്ച പങ്ക് അനിഷേധ്യമാണ്. വിനയവും കുലീനമായ പെരുമാറ്റ രീതികളും ഒത്തുചേർന്ന റഹീം മേച്ചേരിയെന്ന അതുല്യ വ്യക്തിത്യം മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രതിയോഗികളെ എഴുത്തിലൂടെ പ്രതിരോധിച്ചു.  കലാലയ ജീവിതത്തിനു ശേഷം ചന്ദ്രികയിലെത്തിയ മേച്ചേരി സി.എച്ച് മുഹമ്മദ് കോയ, യു.എ  ബീരാൻ,ഇ.അഹമ്മദ് തുടങ്ങിയ പ്രഗത്ഭരുടെ കീഴിലാണ് പത്ര പ്രവർത്തനം ആരംഭിച്ചത്. ഇടക്ക് വളരെ കുറഞ്ഞ കാലം പ്രവാസിയായെങ്കിലും  എഴുത്തിനെയും പ്രസംഗത്തെയും പിരിഞ്ഞിരിക്കാൻ സാധിക്കാത്ത മേച്ചേരി വീണ്ടും ചന്ദ്രികയിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. 
വലിയ നേതാവാകാൻ ഒരിക്കലും ആഗ്രഹിക്കാത്തയാളായിരുന്നു മേച്ചേരി.  എതിരാളികളുടെ വാക്കും നാവും നിഷ്പ്രഭമാക്കാൻ  അദ്ദേഹത്തിന്റെ തൂലികക്ക് മൂർച്ചയുണ്ടായിരുന്നു. ലീഗ് ചരിത്രത്തെയും ദേശീയ രാഷ്ട്രീയത്തെയുംപറ്റി നല്ല ധാരണയുള്ള വ്യക്തി, തികഞ്ഞ പാർട്ടി കൂറുള്ളയാൾ എന്ന നിലക്കെല്ലാം ലീഗിന്റെ സ്പന്ദനം കൂടിയായിരുന്നു മേച്ചേരി. ലീഗിനും സമുദായത്തിനും വേണ്ടി നിരന്തരം എഴുതാനായിരുന്നു  മേച്ചേരിയുടെ നിയോഗം. എന്നാൽ ലീഗിനെയും ലീഗിന് നേരെ വരുന്ന വിമർശനങ്ങളെയുംഇത്രയധികം പ്രതിരോധിച്ച മേച്ചേരിക്ക്  പാർട്ടി തിരിച്ചെന്തെങ്കിലും നൽകിയോ എന്നചോദ്യത്തിന്  ഇല്ല എന്ന് തന്നെയാണ് ഉത്തരം .
റഹീം മേച്ചേരിയുടെ സ്മരണ നില നിർത്താൻ കഴിഞ്ഞ  പന്ത്രണ്ട്  വർഷമായി  ജിദ്ദ  കൊണ്ടോട്ടി  മണ്ഡലം  കെ.എം.സി.സി അദ്ദേഹത്തിന്റെ പേരിൽ  ന്യൂനപക്ഷ  രാഷ്ട്രീയ ശാക്തീകരണ രംഗത്ത് സമഗ്ര സംഭാവന  ചെയ്ത വ്യക്തികൾക്ക് റഹീം മേച്ചേരി  പുരസ്‌കാരം നൽകി വരുന്നു. ലീഗ്  അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ഇന്ത്യൻ പാർലിമെന്റ് അംഗവുമായ  ഇ.ടി മുഹമ്മദ് ബഷീർ ചെയർമാനായ നാലംഗ സമിതിയാണ്  അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത്  കാസർകോട് സ്വദേശിയും മേച്ചേരിയുടെ സന്തത സഹചാരിയുമായിരുന്ന റഹ്മാൻ  തായലങ്ങാടിയെയാണ്. മാധ്യമ പ്രവർത്തകൻ,പ്രഭാഷകൻ ,കോളമിസ്റ്റ്,കവി,സാംസ്‌കാരിക പ്രവർത്തകൻ  തുടങ്ങിയ മേഖലകളിലെ സേവനം പരിഗണിച്ചാണ് റഹ്മാൻ  തായലങ്ങാടിയെ  പുരസ്‌കാരത്തിന്  തിരഞ്ഞെടുത്തത്.