Friday , February   22, 2019
Friday , February   22, 2019

ആഗോള സാമ്പത്തികവും കടക്കെണിയും

ലോകം കടക്കെണിയിൽപ്പെട്ട് ഉഴലുകയാണ്. എന്നിട്ടും ഇതൊരു പരാജയപ്പെട്ട ഇടപാടു സംവിധാനമാണെന്ന് വിമർശിക്കാൻ ആരും മുതിരുന്നില്ല. കടക്കെണിയിലായ ആൾ ശരിക്കും ഒരു അടിമയാണെന്ന് അമേരിക്കൻ എഴുത്തുകാരനായ റാൽഫ് വാൽഡോ എമേഴ്‌സൺ ഒരിക്കൽ എഴുതിയിട്ടുണ്ട്. ഈ യുക്തി അനുസരിച്ച്, ലോകത്തെ ഒന്നടങ്കം അടിമപ്പെടുത്തുന്ന നിലവിലെ സാമ്പത്തിക ക്രയവിക്രയ സംവിധാനം സുസ്ഥിരമല്ലെന്നും ഒരു വൻപരാജയത്തിലേക്കാണ് നീങ്ങുന്നതെന്നും പറയാൻ എനിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഒരു കോളെജ് ബിരുദം പോലും വേണ്ടതില്ല.  ഈ വർഷം മാർച്ചോടെ ആഗോള കടം 247.2 ട്രില്യൺ യു.എസ് ഡോളറിലെത്തിയിരിക്കുന്നുവെന്നാണ് വാഷിങ്ടണിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ് പ്രസിദ്ധീകരിച്ച പുതിയ കണക്കുകൾ പറയുന്നത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.1 ശതമാനത്തിന്റെ വളർച്ച. ലളിതമായി പറഞ്ഞാൽ ഈ വർഷാരംഭം മുതൽ മാത്രം വെറും മൂന്നു നാല് മാസത്തിനിടെ ആഗോള കടത്തിലുണ്ടായ വർധന എട്ടു ട്രില്യൺ യു.എസ് ഡോളറിന്റേതാണ്.
2016ൽ ആഗോള കടം 164 ട്രില്യൺ ഡോളറിലായിരുന്നു. ഇത് ആഗോള ജി.ഡി.പിയുടെ 225 ശതമാനമായിരുന്നു. 2016-ന്റെ മൂന്നാം പാദം മുതൽ ഉണ്ടായ ഉയർച്ചയെ തുടർന്ന് ആഗോള കടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതം ഇപ്പോൾ 318 ശതമാനം കവിഞ്ഞിരിക്കുന്നു. 
യു.എസിന്റെ കടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതം പോലും 100 ശതമാനം കടന്നിട്ടുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യകാലത്തിനു ശേഷം 2009ലെ സ്ഥിതിയേക്കാൾ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 12 ശതമാനം ഉയർന്നിരിക്കുന്നു. 1980കളിൽ പോലും ഉണ്ടാകാത്ത ഒരു തലത്തിലാണ് നാമിപ്പോൾ ഉള്ളത്. മാത്രവുമല്ല ഇത് ഇനിയും മുകളിലേക്കു തന്നെ പോകുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്ന് രാജ്യാന്തര നാണ്യ നിധി (ഐ.എം.എഫ്) പോലും പറയുന്നു.
നടപ്പു സാമ്പത്തിക വർഷത്തെ ഈ പാദത്തിലെ വായ്പാ വർധനയുടെ വേഗം ഒരു ആശങ്കയാണെന്ന് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ് (ഐ.ഐ.എഫ്) പറയുന്നു. വായ്പയുടെ ഗുണവും കുറഞ്ഞിരിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. ഇതൊക്കെ മനസ്സിലാക്കാൻ എനിക്ക് ഒരു പക്ഷേ സാമ്പത്തിക ശാസ്ത്ര ബിരുദം വേണ്ടി വരും. കാരണം വിവിധ വായ്പകളുടെ ഗുണം ഏതൊക്കെ മാനകങ്ങൾ വച്ചാണ് അളക്കുക എന്ന് എനിക്കറിയില്ല. ഏതായാലും വായ്പ എന്നത് കടം തന്നെയാണ്. ലോകം മൊത്തം ഇതിൽ മുങ്ങുകയുമാണ്.
ഈ റിപോർട്ട് പറയുന്നത് ബ്രസീൽ, നൈജീരിയ, അർജന്റീന എന്നീ രാജ്യങ്ങളിലെ സർക്കാർ വായ്പകൾ കുത്തനെ ഉയർന്നിട്ടുണ്ടെന്നാണ്. വികസ്വര വിപണികളായ നൈജീരിയിലും അർജന്റീനയിലും നാലിൽ മൂന്നു ഭാഗം വായ്പകളും കൊടുത്തു തീർക്കേണ്ടത് ഡോളറിലാണ്. ഇവരുടെ 900 ബില്യൺ ഡോളർ വായ്പയും 2020ൽ കാലാവധി പൂർത്തിയാകാനിരിക്കുന്ന യുഎസ് കടപത്രങ്ങളിലാണ്. മറ്റൊരു ആശ്ചര്യം നിക്ഷേപകരെല്ലാം സൗദി വായ്പയ്ക്കു വേണ്ടി കാത്തിരിക്കുന്നു എന്നതാണ്. ആദ്യമായി ഒരു വൻ രാജ്യാന്തര വായ്പാ വിതരണത്തിനൊരുങ്ങുകയാണ് സൗദി അറേബ്യ. വായ്പ എന്നത് ഒരു വൻ വ്യവസായം തന്നെ. അത് ചിലർക്ക് ലാഭകരവുമാണ്. 
ഐ.എം.എഫ് കണക്കുകൾ പറയുന്നത് 2016ൽ ഏറ്റവും വലിയ കടബാധ്യതയുള്ള രാജ്യങ്ങൾ യു.എസ് (48.1 ട്രില്യൻ ഡോളറിലേറെ), ചൈന (25.5 ട്രില്യൻ ഡോളറിലേറെ), ജപാൻ (18.2 ട്രില്യൻ ഡോളറിലേറെ) എന്നിവയാണ്. വികസിത സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങൾ തങ്ങളുടെ വായ്പാ ബാധ്യതയിൽ 64.1 ട്രില്യൻ ഡോളറിന്റെ വളർച്ചയാണ് 2001നും 2016നുമിടയിൽ കണ്ടത്. വികസ്വര സമ്പദ് വ്യവസ്ഥകളിലും ഏതാണ്ട് ആശങ്കപ്പെടുത്തുന്ന നിലയിൽ 37.5 ട്രില്യൻ ഡോളറിന്റെ വളർച്ച ഇതേ കാലയളവിൽ ഉണ്ടായി.
യുദ്ധത്തിനു വേണ്ടി യു.എസ് ഇത്രയേറെ പണമിറക്കുന്നത് തീർച്ചയായും ഒരു കാരണമുണ്ട്. ധനക്കമ്മി വർധിച്ചു വരികയാണെങ്കിലും യുഎസിന് കൊടുത്തു തീർക്കാൻ ഇനിയുമേറെ പണം ആവശ്യമാണ്. വായ്പകൾ കടമായി ഒരു വശത്ത്. എന്നാൽ ഈ വായ്പകൾക്കൊപ്പം വരുന്ന പലിശ അടവുകളും നാം പരിഗണിക്കണം. ഈ പ്രവണത തുടരുകയാണെങ്കിൽ യുഎസിന്റെ പലിശ അടവുകൾ 2028ഓടെ 1.05 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് ചില കണക്കുകൾ പറയുന്നത്. അതായത് പലിശ അടവ് യുഎസിന്റെ പ്രതിരോധ ചെലവ് പോലുള്ള വൻ പണച്ചെലവുകളെ വരെ മറികടന്നേക്കും എന്നാണ് കരുതപ്പെടുന്നത്.
വിപണിയിലുള്ള പണത്തേക്കാൾ ഏറെ കടബാധ്യത ഉണ്ടെന്ന് ഉറപ്പു വരുത്തകയാണ് പലിശ സംവിധാനം ചെയ്യുന്നത്. ഈ വസ്തുതയിലേക്ക് അന്താരാഷ്ട്ര പൊതുസമൂഹം കണ്ണുതുറക്കേണ്ടതാണ്. ഈ വായ്പ എത്തിപ്പിടിക്കാനാവാത്ത തലത്തിലേക്ക് ഉയരുകയാണെന്നതാണ് വസ്തുത. ഇതൊരു ദുരന്തത്തിൽ കലാശിക്കാനിരിക്കുകയാണ്. 
കുമിഞ്ഞു കൂടുന്ന ഈ വായ്പാ കെണിയിൽ നിന്ന് എങ്ങനെ പുറത്തു കടക്കാമെന്ന് രാജ്യങ്ങൾ തലപുകഞ്ഞ് ആലോചിക്കുന്ന ഒരു കാലമാണിത്. വീണ്ടുമൊരു വൻ മാന്ദ്യം തടയുന്നതിന് ഉത്തേജനം ആവശ്യമാണെന്ന് ഒരു പക്ഷേ നിങ്ങൾ എവിടെ എങ്കിലും വായിച്ചേക്കാം. യു.എസിന്റെ സാമ്പത്തിക വളർച്ച കരുത്തോടെ തുടരുന്നെന്നും കഴിഞ്ഞ പാദത്തിൽ മാത്രം 4.1 ശതമാനം വളർച്ച നേടിയെന്നുമുള്ള റിപോർട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം. അതുകൊണ്ടു തന്നെ യുഎസിനെ പോലുളള രാജ്യങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് വായപാ തീറ്റ കുറക്കുക, കഴിയുമെങ്കിൽ അനന്തമായ ഈ വായ്പാ അടിമത്വത്തിൽ നിന്ന് ഒരു ഇടവേള എടുക്കുക എന്നതാണ്. 247.2 ട്രില്യൻ കടവുമായി ആരെയാണ് നാം വിഡ്ഢിയാക്കുന്നത്?. ഈ സംവിധാനത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ ഉതകുന്ന ഒരു സാമ്പത്തിക ശാസ്ത്ര അത്ഭുതങ്ങളും ഇവിടെ ഇല്ല. ഇതിന് ഈ ലോകത്തിന്റെ ആയുസ്സിനേക്കാൾ നീണ്ട കാലത്തേക്ക് അനന്തമായ സാമ്പത്തിക വളർച്ച ആവശ്യമാണ്. ജർമനി ഒരു ഉദാഹരണമായി എടുക്കാം. ജർമനി വാഗ്ദാനം ചെയ്ത ആരോഗ്യ രക്ഷാ, പെൻഷൻ പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ അവർക്ക് 30 വർഷത്തിനകം ജിഡിപിയുടെ 80 ശതമാനത്തോളം പിരിച്ചെടുക്കണം. ഇതിനു കഴിഞ്ഞില്ലെങ്കിൽ എന്തു സംഭവിക്കും? കോർപറേറ്റ് മാധ്യമങ്ങൾ ഇതു തുറന്നു സമ്മതിക്കുന്നില്ലെങ്കിലും ഉണ്ടെങ്കിലും ലോകമൊട്ടാകെ ഈ അനിവാര്യതയ്ക്കായി തയാറെടുക്കുകയാണ്. ഇതറിയണമെങ്കിൽ ലോകത്തെ ചില വൻ ശക്തികൾ പിന്നാമ്പുറത്ത് ചെയ്തു കൊണ്ടിരിക്കുന്നത് എന്താണെന്ന് പരിശോധിച്ചാൽ മതി. റഷ്യയും ചൈനയും വർഷങ്ങളായി സ്വർണം കുന്നുകൂട്ടിക്കൊണ്ടിരിക്കുന്നത് വെറും യാദൃഛികമാണോ?  ഈ വർഷം ജൂണിൽ യുഎസ് ട്രഷറികളിലെ ബോണ്ടുകളിൽ നിക്ഷേപിച്ച 96.1 ബില്യൺ ഡോളറിൽ 47.4 ബില്യണും റഷ്യൻ പിൻവലിച്ചത് ഒന്നും കാണാതെയാണോ?  തുർക്കി, ഇന്ത്യ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങൾ പോലും സ്വർണം വാങ്ങിക്കൂട്ടി കരുതൽ ശേഖരം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.
ആഗോള വ്യാപാര രംഗത്ത് കാലക്രമേണ യു.എസ് ഡോളറിന്റെ ഉപയോഗം കുറയുമെന്ന് ഈയിടെ യു.എസും നാറ്റോ സഖ്യമായ തുർക്കിയും തമ്മിലുള്ള തർക്കം ചൂണ്ടിക്കാട്ടി റഷ്യൻ വിദേശകാര്യ മന്ത്രി സർഗെയ് ലവ്‌റോവ് പറഞ്ഞിരുന്നു. തുർക്കി, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകൾക്ക് ദേശീയ കറൻസി ഉപയോഗിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 
വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ വിദേശ കറൻസി ഇടപാടുകളുടെ 80 ശതമാനത്തോളം യു.എസ് ഡോളറിലാണ് നടക്കുന്നത്. ഡോളറിന്റെ തകർച്ച നിലവിലെ ആഗോള സാമ്പത്തി സംവിധാനത്തിന്റെ തകർച്ചയുമായി കെട്ടിപ്പിണഞ്ഞിരിക്കുന്നു. എന്നാൽ ഈ കെണിയിൽ നിന്നും ലോകത്തെ രക്ഷിക്കാൻ യാഥാർത്ഥ്യ ബോധ്യത്തോടെ കൂടതൽ വ്യക്തതയുള്ള ഒരു പദ്ധതി ആരുടെ പക്കലുമില്ലെന്ന സ്ഥിതിയാണ്. വികസ്വര രാജ്യങ്ങൾ ഇപ്പോൾ തന്നെ അപകടാവസ്ഥയിലാണ്. എന്നിട്ടും നിലവിലെ ഈ വക്രഗതിയോട് ഗൗരവതരത്തിലുള്ള ഒരു പ്രതികരണമുണ്ടായിട്ടില്ല. യു.എസ് ഡോളർ രാജ്യാന്തര തലത്തിൽ തകർച്ച തുടർന്നാൽ ഡോളറിനെ ആശ്രയിക്കുന്ന നിരവധി യു.എസ് ഇതര ശക്തികൾക്ക് കാര്യങ്ങൾ കടുപ്പമാകും.
ഈ സാഹചര്യത്തിൽ ഡോണൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം തീർച്ചയായും തിരിച്ചടിക്കും. തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ട്രംപ് നടപ്പിലാക്കുകയാണെന്നും പറയാൻ പറ്റില്ല. ഈ വാദം ആഭ്യന്തര തലത്തിൽ പോലും ചെലവാകില്ല. രാജ്യാന്തര തലത്തിൽ അദ്ദേഹത്തിന്റെ വ്യാപാര യുദ്ധത്തിന്റെ കാര്യമെടുത്താൽ ആത്മഹത്യാ പരം എന്നെ പറയാനൊക്കൂ. 
ഈ വായ്പാ വണ്ടി ഒരു മഹാ കൂട്ടിയിടിയിലേക്കും അപ്രതീക്ഷിത തലത്തിലുള്ള വീഴ്ചയിലേക്കും നീങ്ങുകയാണ്. 2020ന്റെ തുടക്കത്തോടെ ആഗോള കടം 300 ട്രില്യൻ ഡോളറായി ഉയരും. ഈ ലേഖനത്തിൽ പറയുന്ന കൂറ്റൻ സഖ്യകളുമായി പൊരുത്തപ്പെടാൻ നമ്മുടെ തലച്ചോർ പാകപ്പെട്ടിട്ടില്ല. ഇനിയും ഈ പ്രശ്‌നം മനസ്സിലാകാത്തവർക്കു വേഗത്തിൽ തിരിച്ചറിയാൻ ഈ കാര്യങ്ങൾ മറ്റൊരു തരത്തിൽ പറയാം. ഒരു മില്യൺ സെക്കൻഡുകൾ എന്നു പറഞ്ഞാൽ 227.76 മണിക്കൂറുകളാണ്, അതേസമയം ഒരു ബില്യൺ സെക്കന്റുകൾ എന്നു പറഞ്ഞാൽ 31.69 വർഷങ്ങളുമാണ്. അതേ പ്രകാരം ഒരു ട്രില്യൻ സെക്കൻഡുകൾ ഒരിക്കലും 31,709.8 വർഷങ്ങളിൽ കുറയില്ല. ഈ കണക്കുകൾ മനസ്സിലായെങ്കിൽ, നിങ്ങൾ ഞെട്ടില്ലെന്ന് ഉറപ്പാണെങ്കിൽ ഇതിനെ 247.2 കൊണ്ട് ഗുണിക്കുക. ഇത്രത്തോളം വലിയ ബാധ്യതകൾ കൊടുത്തു തീർക്കാനുള്ള വിഭവങ്ങൾ ഇവിടെ ഉണ്ടെന്നാണ് നിങ്ങൾ കരുതുന്നുതെങ്കിൽ നിങ്ങൾ സ്വയം വിഡ്ഢി ചമയുകയാണ്. ഈ ഒരു ഘട്ടത്തിൽ എന്തു ചെയ്യണമെന്ന് നാം ചർച്ച ചെയ്യുമ്പോഴും ആഗോള കടം ഇനിയും ഉയർന്നു കൊണ്ടിരിക്കുമെന്നും ആ വിഭവങ്ങളുടെ നിലനിൽപ്പ് എവിടേയും കാണാൻ പറ്റില്ലെന്നും നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ, ഒരു പക്ഷേ ഇപ്പോഴായിരിക്കും ഉണരാനുള്ള സമയം.