മിന - അനുമതി പത്രമില്ലാതെ ഹജ് നിര്‍വഹിച്ചവരെ കണ്ടെത്താന്‍ സുരക്ഷാ ഭടന്മാര്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകരുടെ വിരലടയാളങ്ങള്‍ പരിശോധിക്കുന്നു. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച മൊബൈല്‍ ഉപകരണം വഴിയാണ് വിരലടയാളങ്ങള്‍ പരിശോധിക്കുന്നത്.
ഹജ് അനുമതി പത്രമില്ലെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നു. നിയമാനുസൃത ഇഖാമയില്ലാത്തവരെ നാടുകടത്താന്‍ ശുമൈസി ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റുന്നുമുണ്ട്. ഇഖാമയുള്ളവരെ ശിക്ഷാ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.
ഹജ് അനുമതി പത്രമില്ലാത്തവര്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിന് പുണ്യസ്ഥലങ്ങള്‍ക്കു ചുറ്റും സുരക്ഷാ കവചം തീര്‍ത്തിരുന്നു. പുണ്യസ്ഥലങ്ങള്‍ക്കു ചുറ്റും 37 ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിരുന്നതായി മക്ക പോലീസ് മേധാവി മേജര്‍ ജനറല്‍ ഡോ. ഫഹദ് അല്‍ഉസൈമി പറഞ്ഞു.
ഹജ് നിയമങ്ങള്‍ ലംഘിച്ച 5,45,907 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയതായി മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രത്യേക പെര്‍മിറ്റില്ലാതെ മക്കയിലേക്ക് കടക്കുന്നതിന് ശ്രമിച്ച 2,31,911 വാഹനങ്ങളും കസ്റ്റഡിയിലെടുത്തതായി മക്ക ഗവര്‍ണര്‍ അറിയിച്ചു.
ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച നിരവധി പേരെ മക്കക്കു സമീപമുള്ള ചെക്ക്‌പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് തടവും പിഴയും നാടുകടത്തലും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.