തിരുവനന്തപുരം- പ്രളയദുരിതത്തിലായ കേരളത്തിന് 700 കോടി രൂപ യു.എ.ഇ സർക്കാർ സഹായവാഗ്ദാനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ സർക്കാറിന് നന്ദി അറിയിക്കുന്നതായും പിണറായി വ്യക്തമാക്കി. പുനരധിവാസമെന്നാൽ പ്രളയത്തിൽ നഷ്ടപ്പെട്ടതെല്ലാം അതേപ്പടി പുനസ്ഥാപിക്കലല്ല ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ തരത്തിലുള്ള നവകേരളമായിരിക്കും സൃഷ്ടിക്കുക. പതിനായിരം കോടി രൂപയുടെ അധികവായ്പ കേരളം സമാഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദീർഘകാല പദ്ധതികൾക്ക് നബാർഡിന്റെ സഹായം തേടും. തൊഴിലുറപ്പ് പദ്ധതിക്ക് അടക്ക 2,600 കോടിയുടെ പാക്കേജ് വേണം. ഇതിനാവശ്യമായ പ്രത്യേക പാക്കേജ് കേന്ദ്രത്തിന് സമർപ്പിക്കും.
പുനരധിവാസ പാക്കേജ് സംബന്ധിച്ച് മുഴുവൻ വകുപ്പുകളോടും ആക്ഷൻ പ്ലാനുണ്ടാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.ടിയിൽ പത്ത് ശതമാനം സെസ് ഏർപ്പെടുത്തും. ഈ തുക ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പ്രളയദുരിതത്തിൽ യു.എ.ഇ സർക്കാർ നേരത്തെ തന്നെ മികച്ച സഹായമാണ് നൽകുന്നത്. ഔദ്യോഗിക വീഡിയോ പുറത്തിറക്കി കേരളത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് നിലവിൽ 700 കോടിയുടെ അധികസഹായം കൂടി വാഗ്ദാനം ചെയ്തത്.