Friday , February   22, 2019
Friday , February   22, 2019

ഓടക്കയത്ത് വീണ്ടും ഉരുൾപൊട്ടലിനു സാധ്യത; ചെക്കുന്നുമലയിലെ വിള്ളൽ ഭീഷണിയാകുന്നു

അരീക്കോട്- ഏഴുപേരുടെ ജീവനെടുത്ത വലിയ ദുരന്തത്തിന്റെ ഭീതി വിട്ടൊഴിയും മുമ്പേ ഊർങ്ങാട്ടിരി  പഞ്ചായത്തിലെ ഓടക്കയത്ത് വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നു ജിയോളജി വകുപ്പ് അധികൃതർ. ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വിവിധ കോളനികളിൽ ഉരുൾപൊട്ടലിന് ഇപ്പാഴും സാധ്യതയുണ്ടെന്ന വിലയിരുത്തൽ.  ഇന്നു നടക്കുന്ന വിശദമായ പരിശോധനയിൽ ഉരുൾപൊട്ടൽ സാധ്യത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.  ഉരുൾപൊട്ടലിനു  സാധ്യതയുള്ളതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ  വീടുകളിലേക്കു പോകരുതെന്നു നിർദേശമുണ്ട്. ക്യാമ്പുകളിൽ നിന്നു ചിലർ കന്നുകാലികൾക്കു  ഭക്ഷണം നൽകാനും മറ്റും വീടുകളിലേക്ക് പോകുന്നതു ശ്രദ്ധയിൽപെട്ടതോടെയാണ് അധികൃതർ കർശന നിർദേശം നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെക്ക് ഉണ്ടായ ഉരുൾപൊട്ടലിൽ നെല്ലിയായി കോളനിയിലെ ഏഴു പേരാണ് മരിച്ചത്. നാലു വീടുകൾ പൂർണമായും ഒലിച്ചുപോയി. 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലായതിനാൽ ഇനിയും  ഉരുൾപൊട്ടലുണ്ടാകാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. ഈ ഭാഗങ്ങളിൽ നിന്നും മഴ പൂർണമായും മാറിയിട്ടില്ല. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കരുതൽ നടപടി സ്വീകരിക്കും. 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കാണണം. 
വെറ്റിലപ്പാറ വില്ലേജ് പരിധിയിൽ വരുന്ന ഓടക്കയം വാർഡിൽ വാർഡിൽ മാത്രം ഒരുദിവസം 33 തവണയാണ് ഉരുൾപൊട്ടലുണ്ടായത്. ഓടക്കയം, നെല്ലിയായി, ആലാപ്പാറ, കുരൂരി, കൊടുമ്പുഴ, വെണ്ടേക്കുംപൊയിൽ, ഈന്തുമ്പാലി കോളനികളിലും ചെക്കുന്ന് മലയിലെ ചാത്തല്ലൂർ ഉൾപ്പെടെ ഒമ്പതിടങ്ങളിലുമാണ് ഉരുൾപൊട്ടലുണ്ടായത്. ആലാപ്പാറയിലും ഓടക്കയം നെല്ലിയായിലുമാണ്  വൻതോതിൽ ഉരുൾപ്പൊട്ടലുണ്ടായത്. ഇതോടെ വീടിനു പുറമെ  ഹെക്ടർ കണക്കിന് കൃഷിയിടങ്ങളാണ് പൂർണമായും നശിച്ചത്.  ജാഗ്രതാ നിർദേശത്തെ തുടർന്നു ഇവിടങ്ങളിൽ നിന്ന് കുടുംബങ്ങൾ മാറി താമസിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. മുൻകരുതലിന്റെ ഭാഗമായി മലമുകളിൽ താമസിക്കുന്ന 140 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ 1500 പേരെ വെറ്റിലപ്പാറ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ചെക്കുന്നുമലയിൽ വലിയ രീതിയിലുള്ള വിള്ളൽ അനുഭവപ്പെട്ടത് ഭീഷണി ഉയർത്തുന്നുണ്ട്. ഉരുൾപൊട്ടൽ മൂലം ഏഴു ജീവനുകൾ നഷ്ടമായ ഓടക്കയം മലയോട് ചേർന്നുകിടക്കുന്ന പ്രധാനമലയാണ് ചെക്കുന്ന്. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ ചെക്കുന്നുമലയിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. ഇവിടെ ആദിവാസികൾ ഉൾപ്പടെ നൂറുക്കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്.