Friday , February   22, 2019
Friday , February   22, 2019

ആലുവാപ്പുഴ പിന്നെയുമൊഴുകി

പാടാനറിയാത്ത ഞാൻ പോലും ഒരു നാൾ ഈ വരികൾ മൂളിയിരുന്നു: 
'ആയിരം പാദസരങ്ങൾ കിലുങ്ങി. ആലുവാപ്പുഴ പിന്നെയുമൊഴുകി, ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകി...'

അതൊക്കെ അടുത്ത നാളുകളിലെ ഈണത്തിന്റെ ഓർമ്മകൾ. അതിനുമെത്രയോ മുമ്പ് മറ്റൊരു കവി പാടി, 'കേരളയോഷി'മാരെപ്പറ്റി. രഘു ചക്രവർത്തിയുടെ അശ്വഘോഷം കേട്ട് അവർ മട്ടുപ്പാവിൽ ഓടിയൊളിക്കുകയായിരുന്നു.  അവരുടെ കുറുനിരകളിൽ മുരചിയുടെ കാറ്റേറ്റു പറന്ന പൊടി പറ്റിപ്പിടിച്ചിരുന്നു.
കാളിദാസന്റെ കാലത്ത് മുരചി എന്നായിരുന്നു പെരിയാറിന്റെ പേർ. വടക്കൊരു പുഴയായിരുന്നില്ലേ മുരചി എന്നു ശങ്കിക്കുന്നവരുമുണ്ട്. പിന്നെ എപ്പോഴോ മുരചി ചൂർണി ആയി.  ചൂർണിയുടെ കര കുറെ ദിവസം കടലാകുന്നതും നമ്മൾ കണ്ടു. അതിന്റെ മണപ്പുറത്ത് മൺ മറഞ്ഞവർക്ക് ആണ്ടു തോറും ബലിയർപ്പിച്ചു ശീലിച്ചവരാണ് നമ്മൾ. ഇത്തവണ ബലിപ്പുരയും മണപ്പുറവും ഓർമ്മയും പ്രതീക്ഷയുമെല്ലാം ആലുവാപ്പുഴ ആഞ്ഞുവിഴുങ്ങിക്കളഞ്ഞു.
പാദസരത്തിന്റെ ലാസ്യവും ആലിംഗനത്തിന്റെ ഊഷ്മളതയും പൊടുന്നനവേ അസ്തമിക്കുന്നതുപോലെയായിരുന്നു.  ആലുവായിൽ എത്തുമ്പോൾ ആലുവാപ്പുഴ ഏഴു കിലോമീറ്റർ വഴി മാറി ആർത്തലച്ചൊഴുകിയിരുന്നു. ഇടുക്കിയിലെവിടെയോ കറങ്ങുമ്പോൾ ഒരു നീർച്ചാൽ കണ്ടതോർക്കുന്നു. ചൊക്കം പട്ടി മലയിൽനിന്നു തുടങ്ങുന്നതാണതെന്ന് ഒരു കൂട്ടർ.  തമിഴകത്തെവിടെനിന്നോ ആണതിന്റെ തുടക്കമെന്ന് ചില തമിഴ്കുടി മക്കൾ. ഏതായാലും 245 കിലോമീറ്റർ പെരിയ ആറായി ഒഴുകി ആലുവാപ്പുഴ എന്ന അഭിമാനമായി ആ നീർച്ചാൽ വേഷഭൂഷയണിഞ്ഞു. ഇത്തവണ അത് നമ്മുടെ കൽപനകളിൽ കരിന്തിരിയെറിഞ്ഞു.
അല്പം വടക്കു മാറി പേരാറൊഴുകി.  പേരാറും പെരിയാറും നമ്മുടെ നാവിൽ വിളങ്ങി. നിളാദേവി നിത്യം നമസ്‌തേ എന്നു കവികൾ പാടി.  നമസ്‌കാരം ഏറ്റുവാങ്ങാനുള്ള മൂഢിലായിരുന്നില്ല കഴിഞ്ഞ തവണ നിള. സംസ്‌കൃതവും സംസ്‌കൃതിയും തഴച്ചുവളർന്ന നിളയുടെ കരയിൽ, പട്ടാമ്പിയിൽ, ഇതാ പാലം പൊളിഞ്ഞിരിക്കുന്നു.
ഭാഗ്യം,  ഇടശ്ശേരിയുടെ കവിതക്കു വിഷയമായ കുറ്റിപ്പുറം പാലത്തിന് ആപത്തുണ്ടായിട്ടില്ല. അതിലേക്കു നയിക്കുന്ന റോഡ് താറുമാറായെന്നു മാത്രം. പത്തെഴുപതു കൊല്ലം മുമ്പ് ആ പാലം പണിയുമ്പോൾ മന്ത്രിയുടെ വീട്ടിലേക്കു കാറോടിക്കാൻ വേണ്ടിയാണെന്ന് അട്ടഹസിച്ച  രാഷ്ട്രീയവും ഓർത്തുപോകുന്നു. 
പേരാറും പെരിയാറും മാത്രമല്ല പവിത്രമായ പമ്പയും കലിയിളകി തുള്ളി.  കടലോരത്തുനിന്ന് ഏറെ അകലെയാണെന്ന സുരക്ഷിതബോധം കൊണ്ടുനടന്നിരുന്ന പാലായിലും കോട്ടയത്തും വെള്ളം കേറി.  പുഴയായ പുഴയെല്ലാം കര കവിഞ്ഞു. കേരളത്തിന്റെ നാൽപത്തിനാലു പുഴകളിലും വേണ്ടതിലധികമായി വെള്ളം. പുഴ മലിനമാകുന്നുവെന്നും വരണ്ടുപോകുന്നുവെന്നുമായിരുന്നു നമ്മുടെ പരാതി. പക്ഷേ നിർമാണകുതുകിയായ മനുഷ്യന്റെ മനസ്സിരിപ്പിനെതിരായി പ്രകൃതി പ്രവർത്തിച്ചിരിക്കുന്നു.  സർവംസഹയായ ഭൂമി ഇനിയൊന്നും പൊറുക്കാൻ വയ്യെന്നു വിലപിക്കുന്നതുപോലെ, വിനോദത്തിനും വിശ്രമത്തിനും മാറ്റിയിടാമെന്നു നമ്മൾ കരുതിയ കുന്നിൻ പുറങ്ങൾ ഉരുൾ പൊട്ടി വീണുകൊണ്ടിരിക്കുന്നു. 
പ്രൊഫസർ മാധവ് ഗാഡ്ഗിൽ മുമ്പേ പറഞ്ഞതാണ്, കേരളത്തെ ദുരന്തം കാത്തിരിക്കുന്നു.  അണകെട്ടിയാലും മല ഇടിച്ചാലും മാനമന്ദിരങ്ങൾ പണിതുപൊക്കിയാലും എന്തൊക്കെ ഉണ്ടാകാമെന്നു പറഞ്ഞു തരാൻ കൊണ്ടുവന്നതാണ് പ്രൊഫസർ ഗാഡ്ഗിലിനെ.  അദ്ദേഹം അപ്രിയമായ സത്യം പറയാമെന്നു വെച്ചപ്പോൾ അദ്ദേഹത്തെ നിയോഗിച്ചവർ തന്നെ ശുണ്ഠിയെടുത്തു. ഒരേ ഒച്ചയിൽ അവരും എതിരാളികളും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു.  നിർമാണസംസ്‌കൃതിയെ അപഹസിക്കുന്ന പിന്തിരിപ്പത്തത്തെ വെച്ചു പൊറുപ്പിച്ചുകൂടെന്ന് അവർ മുറവിളി കൂട്ടി. സ്വീകാര്യമല്ലാത്ത അപ്രിയസത്യം പ്രവചിച്ച കസാൻഡ്രയുടേതുപോലായിരുന്നു പ്രൊഫസർ ഗാഡ്ഗിലിന്റേയും ഗതി. 
കൂറ്റൻ അണക്കെട്ടുകൾക്കെതിരെ അതിനു മുമ്പ് ആരും ശബ്ദിച്ചിട്ടില്ലെന്നല്ല. പ്രശസ്തമായ ഇടമലയാറിന്റെ കഥ തന്നെ എടുക്കുക. ശ്രീലങ്ക മുതൽ കോതമംഗലം വരെ നീണ്ടു വളഞ്ഞുപുളയുന്നതും കോയമ്പത്തൂരിനടുത്ത് നാഭികേന്ദ്രമുള്ളതുമായ ഒരു പ്രദേശം ഇടമലയാറിനെ ഉൾക്കൊള്ളുന്നു എന്ന് പണ്ടേ പലരും ശങ്കിച്ചിരുന്നു. ആ ദിക്കിലെവിടേയോ ഭൂമി കോപിച്ചപ്പോഴാണ് 1900- ലെ കോയമ്പത്തൂർ ഭൂകമ്പമുണ്ടായതത്രേ.  അവിടെ അണകെട്ടാനുള്ള ശ്രമം തടയാൻ നോക്കി, ഭൗമശാസ്ത്രജ്ഞനായിരുന്ന വി എസ് കൃഷ്ണസ്വാമി അയ്യരെപ്പോലുള്ളവർ. എതിർപ്പ് വക വെക്കാതെ നിർമാണഭ്രാന്തർ മുന്നോട്ടുപോയപ്പോൾ കൃഷ്ണസ്വാമി അയ്യർ വസുന്ധരയുടെ ദുര്യോഗമോർത്ത് മനസാ വിലപിച്ചുകാണും. ഒടുവിൽ അണകെട്ടി, ഒന്നും സംഭവിച്ചില്ലല്ലോ എന്ന് പരിഹസിച്ചവർ നാവടക്കും മുമ്പ് ആരോ പറഞ്ഞു പരത്തി: അണ ചോരുന്നു.
അണ ചോർന്നിരുന്നില്ല.  അണയിൽനിന്ന് വൈദ്യുതനിലയത്തിലേക്കുള്ള ഒരു തുരങ്കം ലഘുവായി നനയുന്നതു കണ്ടവർ പേടിച്ചതായിരുന്നു. അണപൊട്ടിയാൽ കേരളത്തിന്റെ ഹൃദയം തകർന്നുപോകുമെന്നു ഭയപ്പെടാൻ പോലും അന്ന് ആർക്കും തോന്നിയില്ല.  ഇപ്പോഴിതാ ഇടമലയാറിലേക്കുള്ള ഒഴുക്ക് പരമാവധി ആയിരിക്കുന്നു. ചുറ്റുമുള്ള പുഴകൾക്കൊന്നും പേറാൻ വയ്യാത്തത്ര വെള്ളം വിസർജ്ജിക്കുകയും കൊച്ചിയെപ്പോലും വിറപ്പിക്കുകയും ചെയ്തിരിക്കുന്നു.
എല്ലാം മായ്ക്കുന്ന കടൽ പോലെ പുഴകൾ പെരുമാറുമ്പോൾ സാധാരണ മനുഷ്യൻ അന്തം വിട്ടുനിൽക്കുന്നതിൽ അത്ഭുതമില്ല. ദുരിതം ശമിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കുറ്റവാളിയെ കണ്ടുപിടിക്കാൻ നോക്കുന്നതും സ്വാഭാവികം. സൈന്യത്തെ വിളിച്ച് സംസ്ഥാന സർക്കാരിന്റെ പോഴത്തം തെളിയിക്കണമെന്ന് പ്രതിപക്ഷം മുക്രയിടുന്നതു കേട്ടു.  സർക്കാരിന്റെ പോരായ്മ അപ്പപ്പോൾ വേണ്ടപ്പെട്ടവരെ അറിയിക്കുകയാണ് മാനവും മര്യാദയും. ഭീതി ഉൾക്കൊള്ളുന്ന ഭാവിയുടെ മുന്നിൽ അനുവർത്തിക്കേണ്ട നയവും അതു തന്നെ.
ആ ഭാവിയെ വരച്ചെടുക്കാൻ നോക്കിയ നിഷ എന്ന ടെലിവിഷൻ അവതാരകയുടെ അവസ്ഥ ഞാൻ നിരൂപിച്ചു.  ഇത്തരം ഒരു പ്രതിസന്ധിയെ മീഡിയ എങ്ങനെ നേരിടുന്നു എന്നു ചിത്രീകരിക്കുന്ന ഒരു പരിപാടി ആയിക്കൂടേ എന്നാലോചിക്കുകയായിരുന്നു ഞാൻ. കേരളത്തിലെ ഓരോ നദീമുഖവും വിക്ഷോഭജനകമായ വാർത്തയുടെ ഉറവിടമായി മാറുകയായിരുന്നു.  നഗരങ്ങളും ഭൂശിഖരങ്ങളും വെള്ളക്കെട്ടുകളാകുകയായിരുന്നു. പുതുതായി വരുന്ന ഓരോ റിപ്പോർടും പുതിയൊരു നാശത്തിന്റെ വിവരണമാവുകയായിരുന്നു. വീർപ്പടക്കി നിഷ പറയുന്നതു കേട്ടു: ഓരോ ഫോൺ സന്ദേശവും ഏറ്റുവാങ്ങുന്നത് പേടിയോടെ, അമ്പരപ്പോടെ, ആകുന്നു. ഇതുവരെ കേട്ടതിലും ദാരുണമാകുമോ ഇനിയത്തെ വാർത്ത?  മീഡിയപ്രവർത്തനം ആവേശം പകരുന്നതല്ല ഈ സന്ദർഭം. 
നിഷ ചൂണ്ടിക്കട്ടിയതുതന്നെ നേർ.  അതു പക്ഷേ പാതി നേരേ ആയുള്ളു. മനുഷ്യന്റെ ദുരന്തം തിരക്കാനേ നമുക്ക് നേരം കിട്ടിയിട്ടുള്ളു.  അതിൽ അകപ്പെട്ടുപോയവരുടെയും രക്ഷപ്പെട്ടവരുടെയും കണക്ക് വെക്കാനുള്ള ബദ്ധപ്പാടിലാണ് എല്ലാം മറന്ന് ദുരിതാശ്വാസത്തിനിറങ്ങിയിട്ടുള്ള നമ്മുടെ സുമനസ്സുകൾ.
 അതിനിടക്ക് ഒരാൾ മുങ്ങാൻ പോകുന്ന ഒരു പട്ടിയെ പൊക്കിയെടുക്കാൻ ആപൽക്കരമായി ശ്രമിക്കുന്നതു കണ്ടു. മറ്റൊരു കാഴ്ച്ചയിൽ കുറ്റിയിൽനിന്ന് കയർ ഇനിയും ഊരാത്ത ഒരു എരുമ മൗനം ഭജിച്ചുനിൽക്കുകയായിരുന്നു.  നനഞ്ഞ മരണത്തെ മുന്നിൽ കണ്ട്, തന്നെ ഗൗനിക്കാൻ ആരുമില്ലല്ലോ എന്നു പരിതപിക്കുന്ന നിസ്സഹായത അതിന്റെ കൂമ്പുന്ന കണ്ണുകളിൽ തെളിഞ്ഞിരുന്നു. അതു പോലെ എത്ര ആയിരം മൃഗങ്ങൾ വിധിക്ക് കീഴടങ്ങിയെന്ന് അറിയാൻ വെള്ളമിറങ്ങും വരെ കാത്തിരിക്കണം.  
നാൽക്കാലികൾ ഇരുവശവും കൂട്ടത്തോടെ ചത്തുകിടന്ന റോഡിലൂടെ ഞാൻ ഒരിക്കൽ യാത്ര ചെയ്യുകയുണ്ടായി.  അവക്ക് ശവസംസ്‌ക്കാരം വേണ്ടായിരുന്നു. ആകാശത്തിൽ വട്ടമിട്ടു പറന്ന കഴുകന്മാർ തരം കിട്ടുമ്പോൾ താണിറങ്ങി അവയെ കൊത്തിത്തിന്നു.  നാൽപതുകൊല്ലം മുമ്പ് ആന്ധ്ര കടപ്പുറത്ത് നേരിട്ട ആ രംഗം ഞാൻ ഓർത്തു. ഒറ്റ വീർപ്പിന് കടൽത്തിര ഉയർന്നു, ഊറ്റം കൊണ്ടു നിൽക്കുന്ന കരിമ്പനകളുടെ തലപ്പാവു വരെ.  ആ നിമിഷം വെള്ളം വിഴുങ്ങിയത് പതിനായിരങ്ങളെ ആയിരുന്നു. നമുക്ക് കണക്ക് മറ്റൊരവസരത്തിലേക്കു മാറ്റിവെക്കാം.
'പാരാവാരം കരേറി കരകളെ മുഴുവൻ മുക്കി മൂടാൻ' അനുവദിക്കാത്ത ശക്തിയുടെ വിലാസം പലപ്പോഴും നമ്മുടെ നാഗരികതയുടെ നാശനിർമാണങ്ങളെ അടയാളപ്പെടുത്തുന്നു.  പ്രളയപയോധിജലത്തിലാണ് നിർമാണവും വിനാശവും നടക്കുന്നത്, പല സങ്കൽപങ്ങളിലും. ചിലർ നാശജലത്തെ തരണം ചെയ്യാൻ ആലിലയും മറ്റു ചിലർ പേടകവും വെള്ളത്തിലിറക്കുന്നു.  എന്തായാലും ഓരോ നാശവും പുതിയൊരു നിർമാണഘട്ടത്തെ ഉദ്ഘാടനം ചെയ്യുന്നുവെന്നാണ് പ്രതീക്ഷ. സമൃദ്ധമായ കൊടുങ്ങല്ലൂർ തുറമുഖം തകർന്നുപോയത് 1341ലെ വെള്ളപ്പൊക്കത്തിലായിരുന്നു. 
അതിന്റെ വിശദാംശങ്ങൾ ഏറെയില്ല കേരളത്തിന്റെ ഓർമ്മയിൽ. ആ പ്രളയകഥ വിശ്വസിക്കാത്തവരും കാണും. ആ വിനാശത്തിൽ കൊടുങ്ങല്ലൂർ അലിഞ്ഞുപോയപ്പോൾ ഉണ്ടായതത്രേ കൊച്ചി തുറമുഖം. ഭാവിയുടെ ഭംഗി നിരൂപിച്ചെടുക്കുന്നത് വർത്തമാനത്തിന്റെ നാശത്തെ നേരിടാനുള്ള ഒരു വഴിയാകാം.