Friday , February   22, 2019
Friday , February   22, 2019

നിസാമി: വേറിട്ട പ്രഭാഷകൻ

വിദ്യാഭ്യാസ പ്രചാരകനായ നിസാമിയെ പോലുള്ളവരാണ്  മുസ്‌ലിം സമൂഹത്തെ പഠനത്തിന്റെയും ചിന്തയുടെയും വഴിയിലേക്ക് വീണ്ടും  ചെന്നെത്തിച്ചത്.

മത പ്രസംഗവേദികളിലെ തിളങ്ങുന്ന സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിട പറഞ്ഞ വി.പി.സയിദ് മുഹമ്മദ് നിസാമി. അതിമനോഹരമായ മലയാള ഭാഷ അദ്ദേഹത്തെ മറ്റു മതപ്രസംഗകരിൽനിന്ന് വേറിട്ടു നിർത്തി. ഇസ്‌ലാമിക ചരിത്രത്തിന്റെ ചെറിയ, ചെറിയ വശങ്ങൾ പോലും കാലത്തിനു ചേർന്ന വിധം അദ്ദേഹം  അവതരിപ്പിച്ചു. പാണ്ഡിത്യത്തിന്റെ ആഴത്തിൽ നിന്നുള്ള വാക്കുകൾ സമൂഹത്തിൽ ഐക്യം നിലനിർത്താൻ എന്നും ചാലക ശക്തിയായി. ഭിന്നിപ്പിന്റെ സ്വരം നിസാമിക്കിഷ്ടമായിരുന്നില്ല.   വർണവെറി ലോകത്തിന്റെ ശാപമായി കത്തിനിന്ന കാലത്ത് നിസാമി നടത്തിയ മത പ്രസംഗങ്ങളിൽ അതിനെതിരെയുള്ള ചാട്ടുളികൾ പാഞ്ഞു പോയി. ക്ലേഷ്യസ്  ക്‌ളേയുടെ, മുഹമ്മദലി എന്ന അവസ്ഥയിലേക്കുള്ള ആദർശമാറ്റം പോലുള്ള ചലനങ്ങൾ, ആധുനിക സംവിധാനങ്ങളില്ലാത്ത കാലത്ത് നിസാമിയിലൂടെ വേദികളിൽ നിറഞ്ഞു. മതാശയങ്ങൾ ഏത് വിധത്തിൽ സാമൂഹ്യ മാറ്റത്തിന് ഉപകരിക്കും വിധം പറയണമെന്ന ആഴമുള്ള ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. മലബാറിൽ ഇന്ന് മുസ്‌ലിം സമൂഹത്തിന് കൈവന്ന പുരോഗതിയിൽ ചെറുതല്ലാത്ത പങ്ക് നിസാമിക്കു മുണ്ടാവും. ആഘോഷപൂർവ്വം നടത്തുന്ന മദ്രസ വാർഷികങ്ങളിലും, അല്ലാതെ നടക്കുന്ന മത പ്രസംഗ പരമ്പരകളിലും അദ്ദേഹത്തിന്റെ മനസുണർത്തുന്ന വാക്കുകൾ എന്നും നാടിന്റെ സൗഭാഗ്യമായി.   മതം മനസ്സിൽ തട്ടും വിധം പറയാനറിയുന്ന  പ്രസംഗകർ ഒരു കാലത്ത് മുസ്‌ലിംകളിലെ പരമ്പരാഗത  വിഭാഗത്തിൽ വളരെ ചുരുക്കമായിരുന്നു. വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയെ പോലുള്ളവരായിരുന്നു ആ നിരയിലെ വേറിട്ട വ്യക്തിത്വങ്ങൾ. അവരിലേക്കാണ് നിസാമി തന്റെ വാക്കും ചിന്തയും കൊണ്ട് പുതുവഴി വെട്ടിയത്.  കേരളത്തിന്റെ സാമൂഹ്യ പരിസരത്ത് ഇതുപോലുള്ള മത സാന്നിധ്യങ്ങൾ ആ കാലത്തിന്റെ വിളക്കും വെളിച്ചവുമായിരുന്നു. പുത്തനറിവുകൾ ഒളിമിന്നുതായിരുന്നു ആ പ്രസംഗങ്ങൾ. പറഞ്ഞു, പറഞ്ഞങ്ങിനെ മുന്നോട്ട് നീങ്ങുന്ന ഭാഷണത്തിൽ, എ വിടെയൊക്കെയോ പുത്തനറിവുകളുടെ മുത്തൊളിപ്പിച്ചുവെക്കുമായിരുന്നു അദ്ദേഹം. പറഞ്ഞതിനപ്പുറം ഒരു പാട് പറയാനും ചിന്തിക്കാനുമുള്ള കാര്യങ്ങൾ അവിടെ എവിടെയെങ്കിലും കാണുമായിരുന്നു.  വാഫി അടക്കം അനേകം  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  നേതൃസ്ഥാനത്തുണ്ടായിരുന്നു. വിദ്യാഭ്യാസ പ്രചാരകനായ നിസാമിയെ പോലുള്ളവരാണ് മുസ്‌ലിം സമൂഹത്തെ പഠനത്തിന്റെയും ചിന്തയുടെയും വഴിയിലേക്ക് വീണ്ടും  ചെന്നെത്തിച്ചത്.
വിജ്ഞാനം എവിടെ കണ്ടാലും സ്വയത്തമാക്കേണ്ട സമൂഹമായാണ് നിസാമി മുസ്‌ലിംസമൂഹത്തെ പരിചയപ്പെടുത്തിയത്- വിജ്ഞാനത്തിന്റെ നേരവകാശികൾ എന്നതായിരുന്നു മുസ്‌ലിം സമൂഹത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സങ്കൽപം. അക്കാര്യത്തിലദ്ദേഹം സ്ത്രീ പുരുഷ വേർതിരിവ് പരിചയപ്പെടുത്തിയില്ല. 
ആൺ കുട്ടികളെല്ലാം കോളേജുകളിലേക്കും പെൺകുട്ടികൾ അടുക്കളയിലേക്കുമെന്നത് ഇസ് ലാമിക പൈതൃകത്തിന് അന്യമായ സംഗതിയാണെന്ന് വേദികളായ വേദികളിലെല്ലാം അദ്ദേഹം ജനതയെ ഉണർത്തി.  പൊതു വിഷയങ്ങളിൽ  ഇതര സംഘടനകളുമായി സഹകരിച്ചു  പ്രവർത്തിക്കണമെന്ന ബോധ്യമുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. തനിക്ക് ബോധ്യം വന്ന കാര്യങ്ങൾ അദ്ദേഹം തനിക്ക് ചുറ്റുമുള്ള ഇടങ്ങളിൽ പ്രാവർത്തികമാക്കി.  എഴുത്തിന്റെ ലോകവും നിസാമിക്കന്യമായിരുന്നില്ല.  അദ്ദേഹം നല്ല വണ്ണം സാഹിത്യം വായിച്ചു. അതു കാരണം ബഷീർ സാഹിത്യത്തിന്റെയൊക്കെ ഉള്ളറിയാനും അദ്ദേഹത്തിന് സാധിച്ചു. ഗൗരവം സ്പുരിക്കുന്ന സുന്ദര ശബ്ദത്തിൽ അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയാൽ സദസ്സ് ഉടനീളം ലയിച്ചിരിക്കുമായിരുന്നു. അങ്ങിനെ ലയിച്ചിരിക്കുന്ന മനുഷ്യരെ അദ്ദേഹം വെളിച്ചത്തിലേക്കും തിരിച്ചറിവുകളിലേക്കും എത്തിച്ചു- നാല് പതിറ്റാണ്ടിലധികം നീണ്ട  മഹത്തായ  പ്രഭാഷണ ദൗത്യം. പ്രസംഗങ്ങൾ കേൾക്കാൻ മാത്രമായി ആളുകൾ കൂട്ടമായി വേദികളിലേക്ക് എത്തിച്ചേരുന്നതായിരുന്നു കേരളത്തിന്റെ പോയ കാലം.  അങ്ങിനെ പ്രസംഗം കേൾക്കാനെത്തിയവരിലേക്കും ആധുനിക കാലത്തിന്റെ മാധ്യമങ്ങളിലേക്കും നിസാമിയുടെ വാക്കുകൾ പ്രഭ ചൊരിഞ്ഞു. നിസാമി പ്രസംഗിക്കുന്നു എന്ന നോട്ടീസ് പതിഞ്ഞ ചെറിയ അങ്ങാടികളിൽ പോലും ഒരു കാലത്ത് അദ്ദേഹത്തെ  കേൾക്കാൻ ജനംവന്ന് നിറഞ്ഞു. വെട്ടിയൊപ്പിച്ച മൈലാഞ്ചി ചോപ്പുള്ള താടിയും, ഫർക്യാപ്പുമിട്ടുള്ള ആ സാന്നിധ്യം പോലും സദസ്സുകൾക്ക് ഊർജമായിരുന്നു. വിജയകരമായ പ്രബോധന ജീവിതം പൂർത്തീകരിച്ചാണ് അദ്ദേഹം മടങ്ങിയത്.