Tuesday , April   23, 2019
Tuesday , April   23, 2019

ചിങ്ങമെത്തിയിട്ടും  നാളികേരോൽപന്നങ്ങൾ തളർച്ചയിൽ  

കൊച്ചി- ചിങ്ങം പടിവാതിൽക്കൽ എത്തിയിട്ടും  നാളികേരോൽപന്നങ്ങൾ തളർച്ചയിലാണ്. വില ഉയർത്തി വെളിച്ചെണ്ണ ശേഖരിക്കാൻ വാങ്ങലുകാർ തയാറായില്ല. വിദേശ ഭക്ഷ്യ എണ്ണകൾ താഴ്ന്ന വിലയ്ക്ക് കൈമാറ്റം നടന്നത് കൊപ്രയാട്ട് വ്യവസായികളെയും കൊപ്ര ഉൽപാദകരെയും പരിമുറുക്കത്തിലാക്കി.  
ഓണം അടുത്തതിനാൽ എണ്ണക്ക് പ്രാദേശിക ഡിമാന്റ് ഉയരുമെന്ന നിഗമനത്തിലാണ് മില്ലുകാർ. എന്നാൽ വൻ ഓർഡറുകൾ എത്താഞ്ഞത് ചരക്ക് കുറഞ്ഞ വിലയ്ക്ക് ഇറക്കാൻ ഒരു വിഭാഗം മില്ലുകാരെ പ്രേരിപ്പിച്ചു. ഈ വാരം വെളിച്ചെണ്ണക്ക് പ്രാദേശിക ഡിമാന്റ് വർധിക്കാം. പ്രതികൂല കാലാവസ്ഥ മൂലം നാളികേര വിളവെടുപ്പും കൊപ്ര സംസ്‌കരണവും സ്തംഭിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ 16,800 രൂപയിൽ നിന്ന് 16,200 ലേക്ക് ഇടിഞ്ഞു. കൊപ്ര വില 11,190 രൂപയിൽ നിന്ന് 10,810 രൂപയായി. 
 റബർ ടാപ്പിങ് പുനരാരംഭിക്കാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു. കനത്ത മഴ ഉൽപദകരുടെ കണക്ക് കൂട്ടുലുകൾ തെറ്റിച്ചു. ടയർ വ്യവസായികൾ ഷീറ്റ് വില ഉയർത്തുമെന്ന പ്രതീക്ഷ ഉൽപാദകർ നിലനിർത്തുകയാണ്. മുഖ്യ വിപണികളിൽ ചരക്ക് വരവ് കുറഞ്ഞിട്ടും വിലയിൽ കാര്യമായ മാറ്റമില്ല. ടയർ കമ്പനികൾ നാലാം ട്രേഡ് റബർ 13,150 രൂപക്കും അഞ്ചാം ഗ്രേഡ് 13,000 നും ശേഖരിച്ചു. ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ വില നേരിയ റേഞ്ചിൽ നീങ്ങിയതിനാൽ ഇന്ത്യൻ അവധി നിരക്കുകളിലും കാര്യമായ വില മാറ്റം സംഭവിച്ചില്ല. 
പ്രതികൂല കാലാവസ്ഥയും കീടബാധകളും ഏലക്ക  തോട്ടങ്ങളെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുമോയെന്ന ഭീതിയിലാണ് ഉൽപാദകർ. അടുത്ത സീസണിൽ ഉൽപാദനം വീണ്ടും കുറയുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഏലക്ക ഉൽപാദനം ചുരുങ്ങിയാൽ നിരക്ക് ഉയരുമെന്നാണ് സ്‌റ്റോക്കിസ്റ്റുകളുടെ കണക്ക് കൂട്ടൽ. ഏലക്ക എടുക്കാൻ ആഭ്യന്തര വ്യാപാരികൾ ലേലത്തിൽ മത്സരിച്ചു. 
ഉത്സവ സീസൺ അടുത്തതിനാൽ ഏലത്തിന് ആവശ്യം വർധിക്കും. കഴിഞ്ഞ ദിവസങ്ങളിലും ലേലത്തിന് ഇറങ്ങിയ ചരക്ക് വാരി കൂട്ടാൻ ഇടപാടുകാർ മത്സരിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഉൽപ്പന്നത്തിന് ഓർഡറുകൾ എത്തുമൈന്ന പ്രതീക്ഷയിലാണ് വിപണി. വാരത്തിന്റെ തുടക്കത്തിൽ കിലോ 1260 രൂപയായി താഴ്ന്ന ഏലക്ക പിന്നീട് 1318 ലേക്ക് കയറി.
കാലവർഷം ഹൈറേഞ്ചിലെയും വയനാട്ടിലെയും കുരുമുളക് കൃഷിയെ ബാധിച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്താൽ അടുത്ത സീസണിൽ കുരുമുളക് ഉൽപാദനം കുറയാം. ആഭ്യന്തര വ്യാപാരികൾ വാരാരംഭം മുതൽ വില ഉയർത്തി മുളക് ശേഖരിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 33,900 രൂപയിൽ നിന്ന് 35,000 രൂപയായി. 
ആഗോള കുരുമുളക് വിപണി നിയന്ത്രണം വിയറ്റ്‌നാം നിലനിർത്തി. വിളവെടുപ്പ് ഊജിതമായതോടെ ഇന്തോനേഷ്യ 2700 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു. അടുത്ത മാസം 2600 ഡോളറിന് മുളക് ഷിപ്പ്‌മെൻറ്റ് നടത്താമെന്ന നിലപാടിലാണ് ബ്രസീൽ. ഇന്ത്യൻ വില ടണ്ണിന് 5500 ഡോളറാണ്. വിയറ്റ്‌നാം 2500 ഡോളറിന് ക്വട്ടേഷൻ  ഇറക്കി. ആഭ്യന്തര ആവശ്യം ഉയർന്നാൽ ചുക്ക് വില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. കയറ്റുമതിക്കാരും രംഗത്തുണ്ട്. മീഡിയം ചുക്ക് 14,000 രൂപയിലും ബെസ്റ്റ് ചുക്ക് 15000 രൂപയിലും വിപണനം നടന്നു.
വ്യവസായികളും ആഭ്യന്തര ഇടപാടുകാർ ജാതിക്ക ജാതിപത്രി എന്നിവ ശേഖരിച്ചങ്കിലും വിലയിൽ മാറ്റമില്ല. മഴ കനത്ത് തോട്ടങ്ങളിൽ ജാതിക്കായ അടർന്ന് വീഴാൻ ഇടയാക്കി. ഇത് അടുത്ത സീസണിൽ ഉൽപാദനം കുറയാം.  
സ്വർണ വിലയിൽ മാറ്റമില്ല. ആഭരണ വിപണികളിൽ തുടർച്ചയായി എട്ട് ദിവസം പവൻ 22,200 രൂപയിൽ വിൽപ്പന നടന്നു. ഒരു ഗ്രാമിന് വില 2750 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1223 ഡോളറിൽ നിന്ന് 1211 ഡോളർ. 1200 ഡോളറിലെ താങ്ങ് സ്വർണം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. അതേസമയം ഈ താങ്ങ് നഷ്ടപ്പെട്ടാൽ 1180 ലേക്ക് പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം.

 

Latest News