Sunday , June   16, 2019
Sunday , June   16, 2019

കുട്ടികളുടെ ലീഡറായിരുന്നു അവന്‍; എന്റെ കരളിന്റെ കഷ്ണം

ഓഗസ്റ്റ് മൂന്നിന് തെങ്ങ് ദേഹത്തുവീണ് ഈ ലോകത്തോട് വിടപറഞ്ഞ മകന്‍ അഫീഫിനെ അനുസ്മരിക്കുകയാണ് പിതാവും ഐ.എന്‍.എല്‍ നേതാവുമായ പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

എന്റെ മകന്‍ അഫീഫിന്റെ ആകസ്മിക വേര്‍പാടില്‍ അനുശോചിക്കാനും എന്നെയും കുടുംബത്തേയും ആശ്വസിപ്പിക്കാനും അവനു വേണ്ടി പ്രാര്‍ത്ഥിക്കാനും എത്തിച്ചേര്‍ന്ന, സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള എല്ലാവരോടും എനിക്കും കുടുംബത്തിനുമുള്ള ഹൃദയംഗമമായ നന്ദിയും കടപ്പാടുമറിയിക്കുന്നു.

നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ കലവറയായിരുന്നു അഫീഫ്. അങ്ങേയറ്റം സൂക്ഷമതയോടും സത്യസന്ധതയോടും കൂടിയാണ് അവന്‍ ജീവിച്ചത്. കളങ്കവും കാപട്യവും അവനെ ബാധിച്ചിരുന്നില്ല. പുഞ്ചിരിക്കുന്ന മുഖമാണ് എപ്പോഴും അവനുണ്ടായിരുന്നത്. ഏല്‍പ്പിക്കപ്പെട്ട ജോലികള്‍ ശുഷ്‌കാന്തിയോടെ ചെയ്തുതീര്‍ക്കാന്‍ എന്നും അവന്‍ മുന്‍പന്തിയിലായിരുന്നു. കൃത്യനിഷ്ഠയുള്ള ജീവിതമായിരുന്നു അഫി നയിച്ചിരുന്നത്. അതിപ്രഭാതത്തില്‍, സുബ്ഹിക്ക് മുമ്പേ ഉണരുന്നതും നമസ്‌കാരശേഷം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പതിവാക്കിയിരുന്നു.

സോഷ്യോളജിയില്‍ ബിരുദമെടുത്ത ശേഷം അധ്യാപകനാകണമെന്ന ആഗ്രഹത്തോടെ ബിഎഡ് കോഴ്‌സ് ചെയ്തു. ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും പാസ്സായി. വെളിമുക്ക് ക്രസന്റ് സ്‌കൂളില്‍ കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചിരുന്ന അവന് പി.ജിക്ക് പഠിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇഗ്‌നോയില്‍ എം.എ ഹിസ്റ്ററിക്ക് പേര് രജിസ്റ്റര്‍ ചെയ്തത് വേര്‍പാടിന്റെ ഒരാഴ്ച മുമ്പാണ്. എഴുത്തിലും വായനയിലും അഫീഫിന് വലിയ താല്‍പര്യമായിരുന്നു. ധാരാളം പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തിട്ടുണ്ട്. മനോഹരമായ ശൈലിയില്‍ കുറിപ്പുകളെഴുതി എനിക്ക് വായിക്കാന്‍ തരുമായിരുന്നു അവന്‍. പഠനത്തോടുള്ള അതിയായ താല്‍പര്യത്തിന്റെ  ഭാഗമായിരുന്നു  അവന്റെ ഖുര്‍ആന്‍ പഠനവും.

കുടുംബത്തിലെ ചെറിയ കുട്ടികളുടെ ലീഡറായിരുന്നു അവന്‍. ഫുട്‌ബോളിനോടുള്ള അവന്റെ കമ്പം സീമാതീതമായിരുന്നു. വൈകുന്നേരങ്ങളില്‍ എന്നും കളിക്കും. പ്രാദേശിക ക്ലബ്ബായ കെഎഫ്‌സിയുടെ ഗോള്‍കീപ്പറായിരുന്നു അവന്‍. മികച്ച ഗോള്‍കീപ്പറാവാന്‍ കോച്ചിങിനും പോയിരുന്നു. കുടുംബത്തിലെ ചെറിയ  കുട്ടികളെ സംഘടിപ്പിച്ച് ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പിലെത്തിക്കാന്‍ അവന്‍ പ്രത്യേകം താല്‍പര്യമെടുത്തിരുന്നു. കുട്ടികള്‍ക്കായി കലാപരിപാടികള്‍ സംഘടിപ്പിക്കാനും അവന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

മൊറയൂരില്‍ അവന്റെ വല്ല്യുപ്പയുടെ പറമ്പില്‍ ഒരു ഓര്‍ഗാനിക് ഫാമും ഫിഷ് പോണ്ടും സ്ഥാപിക്കുന്ന പണിയിലായിരുന്നു അവസാന നാളില്‍ അഫീഫ്. അവന്റെ സ്വപ്ന പദ്ധതിയായിരുന്നു അത്. ജൈവ കൃഷിയോടൊപ്പം മത്സ്യ കൃഷിയും ഔഷധ ചെടികളുടെ കൃഷിയുമായിരുന്നു അവന്‍ ലക്ഷ്യമിട്ടിരുന്നത്. ഞങ്ങള്‍, അവന്റെ കുടുംബം; കലവറയില്ലാത്ത പിന്തുണയും പിന്‍ബലവും നല്‍കുകയും ചെയ്തു. പറമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന പണിയുടെ പുരോഗതി കാണാനായിരുന്നു അവനും ഞാനും അന്നവിടെ (3/8/2018, വെള്ളിയാഴ്ച) ചെന്നത്. ആകസ്മികമായിട്ടാണ് ഒരു കൂറ്റന്‍ തെങ്ങ് കടപുഴകി അവന്റെ ദേഹത്ത് പതിച്ചത്. ചിറക് വിരിയാത്ത സ്വപ്നങ്ങളുടെ ഉര്‍വ്വരഭൂമിയില്‍ എന്റെ കരളിന്റെ കഷ്ണം വീണുകിടക്കുന്ന രംഗം എന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായ കാഴ്ചയാണ്. അവസാന നിമിഷത്തില്‍ ഒരിറുക്ക് വെള്ളം കൊടുക്കാനും പരിശുദ്ധ കലിമ ചൊല്ലി അവനെ യാത്രയാക്കാനുമായിരിക്കാം പടച്ചവന്‍ എന്നെ അവശേഷിപ്പിച്ചത്. എന്റെ കരതലങ്ങളില്‍ തലവെച്ചുകൊണ്ടാണ്, എന്റെ മുത്തവും തലോടലും ഏറ്റുവാങ്ങിക്കൊണ്ടാണ് എന്റെ പൊന്നുമോന്‍ യാത്രയായത്.

സത്യസന്ധനും സദ്ഗുണസമ്പന്നനുമായ എന്റെ മകന്‍ അഫീഫിന്റെ പരലോക ഗുണത്തിന് വേണ്ടി നിങ്ങള്‍ പടച്ചവനോട് പ്രാര്‍ത്ഥിക്കണം. അവന്റെ നിഷ്‌കളങ്കമായ ചിരിക്കുന്ന മുഖം ഇപ്പോഴും കണ്‍മുമ്പില്‍ ജ്വലിച്ച് നില്‍ക്കുന്നു. അതൊരിക്കലും മാഞ്ഞുപോകില്ല, ഒരിക്കല്‍പോലും...

 

 

Latest News