Tuesday , October   23, 2018
Tuesday , October   23, 2018

നോർക്ക പെൻഷന്റെ പേരിൽ വ്യാജ പ്രചാരണം

ദമാം- നോർക്ക പ്രവാസി ക്ഷേമ പെൻഷൻ 5000 രൂപയായി ഉയർത്തി എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി വ്യാപകമായ വ്യാജ പ്രചാരണം. പ്രവാസികൾക്ക് പലിശരഹിത വായ്പ നൽകുന്നതായും ഈ സന്ദേശത്തിലുണ്ട്. പല പ്രവാസി സംഘടനകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഫേസ്ബുക്ക്, വാട്‌സ് ആപ് എന്നിവയിൽ കൂടി വ്യാപക പ്രചാരണം നൽകിയതോടെ പ്രവാസി ക്ഷേമ നിധിയിൽ അംഗമാകാൻ നിരവധി പ്രവാസികളാണ് നെട്ടോട്ടമോടുന്നത്. 
പെൻഷൻ വർധിപ്പിക്കാൻ നോർക്ക നൽകിയ നിർദേശം പ്രവാസികാര്യ നിയമസഭാ സമിതി അംഗീകരിക്കുകയും പെൻഷൻ വർധിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകുകയും ചെയ്തു എന്ന പ്രചാരണം തെറ്റാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അത്തരത്തിൽ ഒരു തീരുമാനം സർക്കാരോ ക്ഷേമനിധി ബോർഡോ കൈക്കൊണ്ടിട്ടില്ല. ക്ഷേമനിധിയിൽ ചേരുവാനുള്ള പ്രായ പരിധി 55 വയസ്സ് എന്നത് 60 ആയി ഉയർത്തിയിട്ടുണ്ടെന്നത് ശരിയാണ്. തുടക്കത്തിൽ ആയിരം രൂപ പ്രതിമാസ പെൻഷൻ എന്നത് രണ്ടായിരം രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
പെൻഷൻ തുക വർധിപ്പിക്കുവാനുള്ള ആവശ്യം പ്രവാസി സംഘടനകൾ ഉയർത്തിയിട്ടുണ്ട്. ഇക്കാര്യം ക്ഷേമനിധി ബോർഡിന്റെയും സജീവ പരിഗണയിലാണ്. ക്ഷേമ പദ്ധതികളിൽ ചേരുന്നതിനു നോർക്ക തിരിച്ചറിയൽ കാർഡുകൾ ആവശ്യമാണ് എന്ന പ്രചാരണവും തെറ്റാണ്. പെൻഷൻ പദ്ധതിയും നോർക്ക തിരിച്ചറിയൽ കാർഡുമായി ബന്ധമില്ല. പെൻഷൻ പദ്ധതിയിൽ ചേരുന്നവർക്കു ക്ഷേമനിധി ബോർഡിന്റെ തിരിച്ചറിയൽ കാർഡുകൾ നൽകുന്നുണ്ടെന്ന് മാത്രം. നോർക്ക പലിശരഹിത ലോണുകൾ നൽകുന്നതായുള്ള പ്രചാരണവും തെറ്റാണ്. നോർക്ക നേരിട്ട് നിലവിൽ ഒരു വായ്പയും നൽകുന്നില്ല. മുഖ്യധാരാ ബാങ്കുകളാണ് നോർക്കയുടെ നിർദ്ദേശമനുസരിച്ചു വായ്പകൾ നൽകുന്നത്. വായ്പ അനുവദിക്കുന്നതും നിരസിക്കുന്നതും ബാങ്കുകളുടെ പൂർണമായ അധികാര പരിധിയിൽ പെടുന്ന വിഷയമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണമെന്ന് വിവിധ സാമൂഹിക സംഘടനകൾ ഉണർത്തുന്നു. 

 

Latest News