Monday , June   17, 2019
Monday , June   17, 2019

മന്ത്രവാദ കൊലകൾ നടക്കട്ടെ; നേതാക്കൾക്ക് ആൾദൈവങ്ങൾ മതി

മന്ത്രസിദ്ധി തിരിച്ചുപിടിക്കാനായി കമ്പകക്കാനത്തു നടന്ന കൂട്ടക്കൊലയെ തുടർന്ന് അന്ധവിശ്വാസ - അനാചാര നിരോധന നിയമത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. നാലുവർഷം മുമ്പ് മന്ത്രവാദത്തെ തുടർന്ന് രണ്ട് മരണം നടന്നപ്പോഴായിരുന്നു ഈ വിഷയം ചർച്ചയായത്. എന്നാൽ പതിവുപോലെ കുറെ കഴിഞ്ഞപ്പോൾ എല്ലാവരും അതുമറന്നു. ഇപ്പോഴിതാ കേരളത്തെ ഞെട്ടിച്ച കൃഷ്ണന്റേയും കുടുംബത്തിന്റേയും കൂട്ടക്കൊലയെ തുടർന്ന് വീണ്ടും ഈ വിഷയം സജീവ ചർച്ചയായിരിക്കുകയാണ്.
വർഷങ്ങളോളം കൃഷ്ണന്റെ സഹായിയായിരുന്ന അനീഷ് സ്വന്തമായി മന്ത്രവാദം തുടങ്ങിയെങ്കിലും ഫലം കാണാത്തതിനാലാണത്രെ ഈ ക്രൂരകൃത്യത്തിനു തയ്യാറായത്. കൃഷ്ണൻ തന്റെ മന്ത്രസിദ്ധി അപഹരിച്ചതാണു കാരണമെന്നു കരുതി അതു തിരിച്ചുപിടിക്കാനായാണു കൊലപാതകം ആസൂത്രണം ചെയ്തത്. കൃഷ്ണനു 300 മൂർത്തികളുടെ ശക്തിയുണ്ടെന്നും കൊലപ്പെടുത്തിയാൽ ആ ശക്തി തനിക്കു കിട്ടുമെന്നും അനീഷ് വിശ്വസിച്ചു. കൃഷ്ണന്റെ പക്കലുണ്ടെന്നു കരുതുന്ന മന്ത്രവാദ താളിയോല ഗ്രന്ഥങ്ങൾ കൈവശപ്പെടുത്താനും പദ്ധതിയിട്ടു. കൃഷ്ണന്റെ വീട്ടിൽ വൻ തുകയും ഒട്ടേറെ സ്വർണാഭരണങ്ങളുമുണ്ടെന്നും കൊലപ്പെടുത്തിയാൽ അതു പങ്കിടാമെന്നും പ്രലോഭിപ്പിച്ച് തൊടുപുഴയിൽ വർക്ഷോപ്പ് നടത്തുന്ന ലിബീഷിനെ ഒപ്പംകൂട്ടുകയായിരുന്നു. കൂട്ടക്കൊലക്കുശേഷം പിടിക്കപ്പെടാതിരിക്കാനായി ഇവർ കോഴിവെട്ട് ഉൾപ്പെടെയുള്ള മന്ത്രവാദ കർമങ്ങളും നടത്തി.
ഇത് ഉത്തരേന്ത്യയല്ല, കേരളമാണ്, കേരളം നമ്പർ വൺ ആണ് എന്ന അവകാശവാദങ്ങൾ നിരന്തരം കേൾക്കുമ്പോഴാണ് അതിനെയെല്ലാം അപഹസിക്കുന്ന സംഭവങ്ങൾ കേരളത്തിലെങ്ങും അരങ്ങേറുന്നത്. അതാകട്ടെ ഇന്ന് വർഗീയ കൊലകളിലും ആൾക്കൂട്ടകൊലകളിലും ദുരഭിമാനകൊലകൡലും വരെ എത്തിയിരിക്കുന്നു. പണമുണ്ടാക്കാനായി ധനാകർഷണ യന്ത്രങ്ങൾ വരെ വിപണിയിലെത്തിയിരിക്കുന്നു. അവയുടെ പരസ്യങ്ങൾ ചാനലുകൡ നിറയുന്നു. വെള്ളിമൂങ്ങയും ഇരുതല മൂർഖനുമൊക്കെ രംഗത്തു വരുന്നു. കേട്ടുപരിചയം പോലുമില്ലാതിരുന്ന അക്ഷയത്രിതീയ പോലുള്ള വിശ്വാസങ്ങളിലൂടെ ജ്വല്ലറിക്കാർ പണം കൊയ്യുന്നു. 
നവോത്ഥാനപ്രസ്ഥാനങ്ങളുടേയും ദേശീയപ്രസ്ഥാനത്തിന്റേയും ഇടതുപക്ഷത്തിന്റേയും മിഷണറിമാരുടേയും മറ്റും പ്രവർത്തനഫലമായി കേരളം നേടിയ മഹത്തായ നേട്ടങ്ങളാണ് പടിപടിയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അവിടേക്കാണ് മന്ത്രവാദമടക്കമുള്ള അനാചാരങ്ങളും വർഗീയ, മൗലികവാദവുമൊക്കെ തിരിച്ചുവരുന്നത്. കേരളത്തിനു സാമൂഹ്യനേട്ടങ്ങൾ സമ്മാനിച്ചവരുടെ പിൻഗാമികൾ പോലും  ഈ തിരിച്ചുവരവിനു മുന്നിൽ നിസ്സഹായരായി നിൽക്കുകയോ അതിനോട് ഐക്യപ്പെടുകയോ ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരമൊരു സാഹചര്യത്തെ നിയമപരമായി മാത്രം നേരിടാനാവില്ല എന്നുറപ്പ്. അപ്പോഴും നിയമപരമായ നടപടികളെടുക്കാൻ ജനാധിപത്യ സർക്കാരിനു ബാധ്യതയുണ്ട്. പ്രതേകിച്ച് ശാസ്ത്രീയചിന്ത വളർത്താൻ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്ന് ഭരണഘടനയിൽ എഴുതിവെച്ച സാഹചര്യത്തിൽ. എന്നാൽ ആ ദിശയിലുള്ള നീക്കങ്ങളൊന്നും കാണുന്നില്ല.
നമുക്ക് അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും തിരിച്ചുവരാം. തീർച്ചയായും എന്താണ് അന്ധവിശ്വാസം, അനാചാരം എന്ന് നിർവ്വചിക്കുക എളുപ്പമല്ല. ഒരാൾക്ക് അന്ധവിശ്വാസം മറ്റൊരാൾക്ക് വിശ്വാസമാകാം. ഒരാൾക്ക്  അനാചാരമായി തോന്നുന്നത് മറ്റൊരാൾക്ക് ആചാരമാകാം. ദൈവവിശ്വാസം അന്ധവിശ്വാസമാണെന്നു വിശ്വസിക്കുന്നവരുണ്ട്. ആരാധനാലയങ്ങളിൽ പോകുന്നത് അനാചാരമാണെന്നു വിശ്വസിക്കുന്നവരുണ്ട.് എന്നാൽ ഇവ വിശ്വാസമാണെന്നു കരുതുന്ന പലരും ആൾദൈവങ്ങൾ അനാചാരമാണെന്നു പറയുന്നു. പൂജകൾ അനാചാരമാണെന്നു കരുതുന്നവരുണ്ട്. മന്ത്രവാദപൂജകൾ മാത്രമാണ് അനാചാരമെന്നു വിശ്വസിക്കുന്നവരുമുണ്ട്. എല്ലാ മതവിശ്വാസികളിലും ഇത്തരം തർക്കങ്ങളുണ്ട്. സ്ത്രീകളുടെ ആരാധനാലയ പ്രവേശനം ചിലർക്ക് ആചാരവും ചിലർക്ക് അനാചാരവുമാണ്. വാസ്തുശാസ്ത്രവും ജോത്സ്യവും തർക്കവിഷയങ്ങളാണ്. എന്തിനേറെ, ആയുർവേദവും ജൈവകൃഷിയുമടക്കമുള്ളവ അന്ധവിശ്വാസമാണെന്നു വാദിക്കുന്നവരും ഇവിടെ സജീവമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കൃത്യമായ വിവേചന ബുദ്ധി സർക്കാരിനാവശ്യമാണ്. പണത്തിനുവേണ്ടിമാത്രം നടത്തുന്നതും ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവും  അന്ധവുമായ വിശ്വാസങ്ങളേയും ആചാരങ്ങളേയും കണ്ടെത്തി നടപടികളെടുക്കുകയാണ് വേണ്ടത്. ഇന്നത്തെ ആചാരം പലതും നാളെ അനാചാരവുമാകാം. അത്തരത്തിൽ എത്രയോ കാര്യങ്ങൾ ചൂണ്ടികാട്ടാനാകും. 
ഇത്തരമൊരു സാഹചര്യത്തിൽ പലരും ചൂണ്ടികാണിക്കാറുള്ളപോലെ മഹാരാഷ്ട്രയിൽ നിലവിലുള്ള  അന്ധവിശ്വാസ  അനാചാര നിരോധന നിയമത്തിന്റെ മാതൃകയിലൊന്ന് നടപ്പാക്കാനാണ് ആദ്യഘട്ടമായി സർക്കാർ ശ്രമിക്കേണ്ടത്.അത്തരത്തിൽ ആലോചിക്കുമെന്ന മുൻ ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനുള്ള രാഷ്ട്രീയ ആർജവം ഇരു മുന്നണി സർക്കാരുകൾക്കുമുണ്ടായില്ല. 
ഇത്തരമൊരു നിയമം മഹാരാഷ്ട്രയിൽ പാസ്സായതിനു പിറകിൽ വർഷങ്ങളുടെ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. 1995ൽതന്നെ ഇത്തരമൊരു ബില്ലിനെ കുറിച്ച് സർക്കാർ ചർച്ച ചെയ്യാനാരംഭിച്ചിരുന്നു. ബില്ലിനു രൂപം കൊടുത്ത സാമൂഹ്യപ്രവർത്തകൻ നരേന്ദ്ര ദബോൽക്കർ രക്തസാക്ഷിയായതിനുശേഷമാണ് ബിൽ പാസാക്കാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറായത്.  2003 ജൂലായിലാണ് ദബോൽക്കർ ബില്ലിന്റെ കരട് തയ്യാറാക്കിയത്. അപ്പോൾതന്നെ അന്ധവിശ്വാസത്തിന്റേയും മന്ത്രവാദത്തിന്റേയും മറ്റും നിർവചനങ്ങളെ ചൊല്ലി പല അഭിപ്രായ ഭിന്നതകളും ഉയർന്നുവന്നിരുന്നു. തുടർന്ന് യുക്തിവാദിനേതാവ് ശ്യാം മാനവ് ബില്ലിനെ പുതുക്കിയെഴുതുകയും 2005ൽ സർക്കാരിനു സമർപ്പിക്കുകയും ചെയ്തു. എന്നാൽ പല മതാധിഷ്ഠിത സംഘടനകളും ബില്ലിനെതിരെ രംഗത്തിറങ്ങി. ആത്മീയതയെ അംഗീകരിക്കാത്ത ബിൽ വൈദേശിക സ്വാധീനത്തിലാണ് തയ്യാറാക്കിയതെന്നും അത് ആരാധനാസ്വാതന്ത്ര്യത്തെ തടയുന്നു എന്നുമായിരുന്നു പ്രധാന ആരോപണം. 
ഭൗതികവും ആത്മീയവുമായ പീഡനം എന്താണെന്ന് ബിൽ കൃത്യമായി നിർവചിക്കുന്നില്ല എന്നും ആരോപണമുയർന്നു. ഏതു ഹിന്ദു ആചാരത്തേയും അന്ധവിശ്വാസമായി വ്യാഖ്യാനിക്കാൻ ബിൽ ഇടയാക്കും എന്നാരോപിച്ച് ഹിന്ദു ജനജാഗ്രതി സമിതിയും ആർ്്ട്ട് ഓഫ് ലീവിംഗ് ഫൗണ്ടേഷനും മറ്റും തെരുവിലിറങ്ങി. അതിനിടെ ദബോൽക്കറും കൂട്ടരും ബില്ലിനായി ശക്തമായി രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് 2011 ഏപ്രിൽ ഏഴിന് മുംബൈയിൽ ഒരു വൻ റാലി നടന്നു. ആയിടക്കുതന്നെ മഹാരാഷ്ട്രയിൽ സ്വത്തിനായി ഒരു കുഞ്ഞിനെ ബലി കൊടുത്ത സംഭവമുണ്ടായി. അതുണ്ടാക്കിയ കോലാഹലത്തെ തുടർന്ന് ബിൽ പാസാക്കാൻ തയ്യാറാണെന്ന് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ ആ പ്രഖ്യാപനവും കടലാസിലൊതുങ്ങി. തുടർന്ന് ദബോൽക്കറിന്റെ നേതൃത്വത്തിൽ കൂടുതൽ പ്രചാരണ പരിപാടികൾ ആരംഭിച്ചു. അതിനിടയിലാണ് 2013 ആഗസ്റ്റ് 21ന് രാവിലെ നടക്കാനിറങ്ങിയ ദബോൽക്കർ വെടിയേറ്റു മരിച്ചത്. തുടർന്നുണ്ടായ ജനവികാരം തിരിച്ചറിഞ്ഞ് ബിൽ, ഓർഡിനൻസാക്കി പുറത്തിറക്കി. ചിലർക്ക് ദൈവത്തിനു സമാനമായ ശക്തിയുണ്ടെന്ന് അവകാശപ്പെടുക, അത് പ്രചരിപ്പിക്കുക, ആൾദൈവങ്ങളെന്നവകാശപ്പെട്ട് ചികിത്സയും സാന്ത്വന പ്രവർത്തനങ്ങളും നടത്തുക, രോഗങ്ങൾക്ക് ഡോക്ടറെ കാണാനനുവദിക്കാതെ മന്ത്രവാദവും മറ്റും നടത്തുക, അതിനായി രോഗികളെ പീഡിപ്പിക്കുക, അവരെ നഗ്‌നരാക്കുകയും ലൈംഗിക പീഡനം നടത്തുകയും ചെയ്യുക, ഭൂത പ്രേത പിശാചുകളുണ്ടെന്ന് അവകാശപ്പെടുക, അവരെ പ്രീതിപ്പെടുത്താൻ ദുർമന്ത്രവാദങ്ങൾ നടത്തുക, നിധിയുടെ പേരു പറഞ്ഞ് പൂജാദികർമങ്ങൾ ചെയ്യുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മന്ത്രവാദങ്ങളും മറ്റും പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം നിയമമനുസരിച്ച് കുറ്റകരമാണ്. അതേസമയം, സാധാരണ നിലയിലുള്ള ദേവാലയാരാധനയും നോമ്പെടുക്കലും ജോത്സ്യവും കൈനോട്ടവുമൊന്നും നിയമം നിരോധിക്കുന്നില്ല. ശ്രദ്ധേയമായ ഒരു കാര്യം ഇതെല്ലാം പ്രചരിപ്പിക്കുന്നതും കുറ്റമാണെന്നതാണ്. ഈ ബില്ലനുസരിച്ച് മഹാരാഷ്ട്രയിൽ നടന്ന ആദ്യ അറസ്റ്റ്  എയ്ഡ്സ്, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക്് അത്ഭുതചികിത്സ എന്ന പരസ്യം കൊടുത്ത പത്രങ്ങൾക്കെതിരായിരുന്നു.  തുടർന്ന്  മഹാരാഷ്ട്ര നിയമ സഭ ബിൽ പാസാക്കി. 
കേരളത്തിലെ യുക്തിവാദികൾ അന്നുതന്നെ പ്രസ്തുതബില്ലിന്റെ കോപ്പിവാങ്ങി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് വി.എസ് സർക്കാരിനു സമർപ്പിച്ചിരുന്നു.  എന്നാൽ വിഎസ് സർക്കാരോ പിന്നീടു വന്ന ഉമ്മൻ ചാണ്ടി സർക്കാരോ പിണറായി സർക്കാരോ അക്കാര്യം പരിഗണിക്കുകപോലും ചെയ്തില്ല. മറിച്ച് സാന്ത്വന പ്രവർത്തനങ്ങളുടെ പേരിൽ ആൾദൈവങ്ങളെ ശ്ലാഘിക്കുന്ന പ്രസ്താവനകളാണ് നമ്മുടെ ഭരണാധികാരികളിൽ നിന്നുവരുന്നത്. ഇനിയെങ്കിലും ഇക്കാര്യത്തിലൊരു ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.

Latest News