Sunday , June   16, 2019
Sunday , June   16, 2019

ഇനിയാരും ഒന്നും ചോദിക്കേണ്ട; റഈസ് കൊടികുത്തി മലയും കയറി

വീല്‍ചെയറില്‍ പോലും സഞ്ചരിക്കാനാവാതെ കിടപ്പിലായ റഈസ് ഹിദായ സമൂഹ മാധ്യമത്തില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജിയാണ് പ്രസരിപ്പിക്കാറുള്ളത്. പലരും ഫേസ്ബുക്കില്‍ കയ്പ് നിറക്കുമ്പോള്‍ നിറയെ മധുരം സമ്മാനിക്കുന്നയാളാണ് മലപ്പുറം വെളിമുക്ക് സ്വദേശിയായ റഈസ്. കിടപ്പിലായ റഈസ് മൂന്ന് കിലോ മീറ്ററോളം ചെങ്കുത്തായ കൊടികുത്തിമലയില്‍ എത്തിയ അനുഭവമാണ് ഇക്കുറി പങ്കുവെച്ചിരിക്കുന്നത്. ഉയിര്‍കണക്കെ ഉള്‍ച്ചേര്‍ന്ന കൂട്ടുകാരുടെ സന്മനസ്സിനെ അഭിനന്ദിക്കാതെ വയ്യ.


റഈസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊടികുത്തിമലയുടെ ഉച്ചിയില്‍ എത്തി നില്‍ക്കുന്ന ഈ ചിത്രങ്ങള്‍ ഇവിടെ പങ്ക് വെച്ചുകൊണ്ട് പറയാന്‍ ആഗ്രഹിക്കുന്നത് യാത്രകളെക്കുറിച്ചോ അതിന്റെ ആത്മീയ അംശത്തെക്കുറിച്ചോ ഒന്നുമല്ല, വേറെ മൂന്ന് കാര്യങ്ങളാണ്.

സൗഹൃദം

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 90 ശതമാനം പൂര്‍ണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലാണെന്റെ ശരീരം. സാധാരണ വീല്‍ചെയറില്‍ പോലുമല്ല എന്റെ സഞ്ചാരങ്ങള്‍. എന്നിട്ടും ഏതാണ്ട് മൂന്ന് കിലോമീറ്ററുകളോളം ചെങ്കുത്തായ മലമടക്കുകളിലൂടെ അവിടെ എത്തിയത് ഉയിര്‍ കണക്കെ ഉള്‍ച്ചേര്‍ന്നവരുടെ തോളിലേറിയാണ്. എന്തിനാണ് സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ സംസാരിക്കുന്നതെന്ന് പലയിടങ്ങളില്‍ നിന്നും നേരിടുന്ന ചോദ്യങ്ങള്‍ നിന്നാണ്. മനുഷ്യരില്‍ വിശ്വസിക്കുകയും മനുഷ്യരില്‍ ആഴത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നവരോടൊപ്പമാണ് എന്നും വളര്‍ന്നിട്ടുള്ളത്. പിന്നെ ആരെക്കുറിച്ച്,എന്തിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കേണ്ടത്. സഹ ഉദരം ആണത്രേ സഹോദരം ആയത്. ദൈവമേ വാക്കുകളുടെ പരിമിതി ഓര്‍ത്ത് ഊറിച്ചിരിക്കാതെ നിവൃത്തിയില്ലല്ലോ.

ഉടല്‍

വികലാംഗന്‍ മുതല്‍ ദിവ്യാംഗ് വരെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് ശരീരവയവങ്ങള്‍ നിശ്ചലമായവരെ സമൂഹം പേരിട്ട് വിളിച്ചിട്ടുള്ളത്. കൊടികുത്തിമലയുടെ മുകളില്‍ എത്തുകയെന്നത് അത്ര വല്യ കാര്യമൊന്നുമല്ല. വേണമെന്ന് വെച്ചാല്‍ ആര്‍ക്കും വന്ന് കേറാവുന്ന ഒരിടം മാത്രമാണത്. എന്നിട്ടും ഭൂമിമലയാളത്തിലെ മൂന്ന് കോടിയിലധികം ജനങ്ങളിലും അവരിലെ സഞ്ചാരപ്രിയരിലും ഒരു ചെറുശതമാനം പോലും അവിടെ എത്തിയിട്ടില്ലായെങ്കില്‍ ഇനി ഉടലിന്റെ പേരില്‍ അഭിസംബോധന ചെയ്യരുത്. അല്ലേലും കറുത്തവനെയും കുറിയവനെയും തടിച്ചവനെയും പുറംതള്ളി ചിലയിടങ്ങളില്‍ വീര്‍ത്തും മറ്റു ചിലയിടങ്ങള്‍ ഒട്ടിയും ഒതുങ്ങി നില്‍ക്കുന്നതാണ് ഭംഗിയുള്ള ശരീരമെന്ന നിങ്ങളുടെ സവര്‍ണ്ണ കാഴ്ചപ്പാടുണ്ടല്ലോ അതിനെ ചലനമറ്റ, കുമ്പയുള്ള,തടിച്ച,പേശികളൊഴിഞ്ഞ കൈകാലുകളുള്ള ഞാനൊന്ന് പരിഹസിച്ചോട്ടെ.ഉടലല്ല സുഹൃത്തേ ഉയിരാണ്പ്രധാനം.

ആത്മഹത്യ

വളരെയടുത്തും നേരിടേണ്ടി വന്ന ചോദ്യങ്ങളില്‍ ഒന്നാണ് റഈസ് എത്ര തവണ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന്. അവര്‍ക്ക് സംശയങ്ങളില്ല ഞാനാലോചിച്ചിട്ടുണ്ടോ ഇല്ലയോ, അതെത്ര തവണ എന്നു മാത്രമേ അറിയേണ്ടതുള്ളു.

പ്രിയപ്പെട്ടവരെ നോക്ക് ജീവിതത്തിന്റെ സ്‌നേഹനുഭവങ്ങളുടെ പെരുമഴ നനഞ്ഞുകൊണ്ടിരിക്കുകയാണ് ഈയുള്ളവന്‍.ആ മഴയത്ത് നിന്നുകൊണ്ട് മരണത്തെകുറിച്ചല്ല, ഒന്നൂടെ പറയട്ടെ മരണത്തെക്കുറിച്ചേയല്ല സുഹൃത്തെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കാനുള്ളത് , ഉറക്കെ പാടാനുള്ളത്.
I'm not just existing, I'm celebrating my life...

 

Latest News