Sunday , February   17, 2019
Sunday , February   17, 2019

സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം; ജഡ്ജിമാര്‍ നല്‍കിയത് ചുട്ടമറുപടി

ന്യൂദല്‍ഹി- സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ വെട്ടിനിരത്തി വരുതിയിലാക്കാനുള്ള കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ കോടതികളെയും നിലയ്ക്കു നിര്‍ത്താന്‍ കേന്ദ്ര നീക്കം. ഭരണനിര്‍വഹണത്തെ വിമര്‍ശിക്കുന്നതില്‍ നിന്നും കോടതി വിട്ടു നില്‍ക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇതിനു ചുട്ടമറുപടിയാണ് കോടതി സര്‍ക്കാരിനു നല്‍കിയത്. പൊതുജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിനോടാണ് കേന്ദ്രം ഈ ആവശ്യം ഉന്നയിച്ചത്. 

പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമാണ് കോടതി ചെയ്യുന്നതെന്നും ഇതൊരിക്കലും സര്‍ക്കാരിനെ വിര്‍ശിക്കലല്ലെന്നും ബെഞ്ച് മറുപടി നല്‍കി. എല്ലാത്തിനും കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ല. വിമര്‍ശിക്കുകയുമില്ല. ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്. വിമര്‍ശനങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന്റെ ജോലി തടയുകയാണ് കോടതി ചെയ്യുന്നതെന്ന് ധാരണ പരത്തരുത്. ജനങ്ങളുടെ അവകാശങ്ങള്‍ നടപ്പാക്കുകയും ഉറപ്പുവരുത്തുകയുമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഭരണഘടയനുടെ 21-ാം അനുച്ഛേദം ഞങ്ങള്‍ക്കൊരിക്കലും എടുത്തു മാറ്റാന്‍ പറ്റില്ലെന്നും ബെഞ്ച് സര്‍ക്കാരിനു മറുപടി നല്‍കി. ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരും ബെഞ്ചില്‍ ഉണ്ടായിരുന്നു.

വിവിധ ഹര്‍ജികളില്‍ സാമ്പത്തിക പ്രത്യാഘാതം മനസ്സിലാക്കാതെയാണ് കോടതി ഉത്തരവുകള്‍ ഇറക്കുന്നതെന്നും കേന്ദ്രം വാദിച്ചു. കോടതി നടത്തിയ നീരീക്ഷണങ്ങളെ കുറിച്ചുള്ള പത്ര വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ വേണുഗോപാല്‍ ഈ വാദം ഉന്നയിച്ചത്. ടുജി ലൈസന്‍സുകള്‍ റദ്ദാക്കിയത് വന്‍ തോതില്‍ വിദേശ നിക്ഷേപം നഷ്ടമാക്കിയതും ഹൈവെ ഓരങ്ങളിലേ മദ്യ വില്‍പ്പന വിലക്കിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും നിരവധി പേരുടെ ജീവിത മാര്‍ഗം നഷ്ടപ്പെടാനിടയാക്കിയതുമാണ് വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന്റെ 90ഓളം ക്ഷേമപദ്ധതികളാണ് ഒരേ സമയം നടന്നു വരുന്നത്. ഇവയ്‌ക്കെല്ലാം ബജറ്റില്‍ നിശ്ചിതതുക മാറ്റി വച്ചതാണ്. ഇക്കൂട്ടത്തില്‍ ഒന്നിനെതിരെ വരുന്ന ഹര്‍ജികളില്‍ ഉത്തരവിടുമ്പോള്‍ അതു ഫണ്ടുകളേയും ബാധിക്കുന്നു. എല്ലാ വഷങ്ങളും ജഡ്ജിമാര്‍ക്ക് അറിയാത്തത് കൊണ്ടാണ് സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ ഇതിനു ഇതേ നാണയത്തില്‍ ചുട്ടമറുപടിയാണ് സര്‍ക്കാരിന് ജസ്റ്റിസ് മദന്‍ ലോക്കൂര്‍ നല്‍കിയത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് അനധികൃത ഖനനം നടത്തുന്നവരില്‍ നിന്നും 1.5 ലക്ഷം കോടി രൂപ സര്‍ക്കാരിനു ലഭിച്ചതെന്ന് ജസ്റ്റിസ് ലോക്കൂര്‍ തിരിച്ചടിച്ചു. ഈ തുക എന്തുകൊണ്ട് ചെലവഴിച്ചില്ലെന്ന് കോടതിക്ക് അറിയണമെന്നും ജസ്റ്റിസ് ലോക്കൂര്‍ ആവശ്യപ്പെട്ടു. പല വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടുള്ളത് കോടതി ഉത്തരവുകളിലൂടെയാണ്. പാര്‍ലമെന്റ് നിര്‍മ്മിച്ച നിയമങ്ങള്‍ അനുസരിക്കാന്‍ ഓഫീസര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മതിയെന്നും ബെഞ്ച് വ്യക്തമാക്കി. 

പരിസ്ഥിതി മലിനീകരണം, മാലിന്യ പ്രശ്‌നം, ജയിലുകളിലെ സ്ഥലപരിമിതി, ജയിലുകളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ദുരിതം, കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍, വിധവകളുടെ പുനരധിവാസം, അനധികൃത ഖനനം തുടങ്ങിയ സംബന്ധിച്ച വിവിധ ഹര്‍ജികളില്‍ പരിഗണിക്കുകയായിരുന്നു കോടതി.
 

Latest News