Sunday , May   26, 2019
Sunday , May   26, 2019

സന്തോഷച്ചിറകിൽ കൃതിക

മലയാള സിനിമയിൽ പുതിയൊരു അഭിനേത്രികൂടി ചുവടുറപ്പിക്കുന്നു. ഗുരുവായൂർ സ്വദേശിയായ കൃതിക പ്രദീപ്. ചെറളയം ബഥനി കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് കൃതിക. ഏഴുവർഷത്തോളമായി സംഗീതം അഭ്യസിക്കുന്ന ഈ കലാകാരി സ്‌കൂൾ കലോത്സവ വേദികളിലെ മിന്നുംതാരമാണ്. ആൾ ഇന്ത്യാ റേഡിയോയിലെ വാമനൻ നമ്പൂതിരിയുടെ കീഴിലാണ്  കൃതിക സംഗീതം അഭ്യസിച്ചുവരുന്നത്.
സാജിദ് യാഹിയ സംവിധാനം ചെയ്ത മോഹൻലാൽ എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ ചെറുപ്പകാലം അവതരിപ്പിച്ചതിലൂടെ ഏറെ അഭിനന്ദനങ്ങൾക്ക് നടുവിലാണ് കൃതിക. ചിത്രം ഹിറ്റായതിൽ ഏറെ സന്തോഷമുണ്ട്. സംവിധായകൻ കമൽസാർപോലും അഭിനന്ദിച്ചു. കൂടാതെ മഞ്ജുചേച്ചിയും സംവിധായകൻ സാജിദിക്കയുമെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.' കൃതിക മനസ്സു തുറക്കുന്നു.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു കൃതിക അഭിനയ രംഗത്തെത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളറായ സിദ്ദു പനയ്ക്കലിന്റെ ബന്ധു കൂടിയാണ് ഈ അഭിനേത്രി. ദിലീപ് നായകനായ വില്ലാളിവീരനിൽ അവസരം നൽകിയതും സിദ്ദുവായിരുന്നു. തുടർന്ന് ജിത്തു ജോസഫിന്റെ ആദിയിൽ വേഷമിട്ടു. അതിനുശേഷം കമലിന്റെ ആമിയിൽ മഞ്ജുവാരിയരുടെ ബാല്യകാലം അവതരിപ്പിച്ചു. പുതിയ ചിത്രമായ കൂദാശയുടെ സെറ്റിലാണ് കൃതികയിപ്പോൾ.


ആമിയുടെ സെറ്റിൽവച്ചാണ് ആദ്യമായി മഞ്ജുചേച്ചിയെ കണ്ടത്. ആമിയുടെ കളിത്തോഴിയുടെ വേഷമായിരുന്നു. ആമിയുടെ സെറ്റിൽവച്ച് ഞങ്ങൾ തമ്മിൽ സംസാരിച്ചെങ്കിലും കൂടുതൽ കമ്പനിയായത് മോഹൻലാൽ എന്ന ചിത്രത്തിന്റെ സെറ്റിൽവച്ചായിരുന്നു. എന്നെപോലുണ്ടല്ലോ ബാല്യകാലം അഭിനയിക്കാനെത്തിയയാൾ എന്നുപറഞ്ഞുകൊണ്ടായിരുന്നു മഞ്ജുചേച്ചി സംസാരിച്ചുതുടങ്ങിയത്. പാട്ടിന്റെ സീനെല്ലാം കഴിഞ്ഞപ്പോൾ നന്നായി ചെയ്തല്ലോ, നല്ല വേഷമാണല്ലോ തുടക്കംതന്നെ കിട്ടിയത് എന്നെല്ലാം പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.
മോഹൻലാലിൽ ഏറ്റവും കൂടുതൽ കമന്റുകൾ ലഭിച്ചത് സ്ഫടികത്തിന്റെ പോസ്റ്ററിൽ ഉമ്മവയ്ക്കുന്ന സീനിനായിരുന്നു. സിനിമ കണ്ട പലരും പല്ലിനെക്കുറിച്ചും പറഞ്ഞു. ആമിയുടെ ചിത്രീകരണത്തിനിടയ്ക്ക് കമൽസാറും പറഞ്ഞിരുന്നു. പല്ലാണ് ചിരിയുടെ ഭംഗിയെന്ന്. ഒരിക്കലും എടുത്തുമാറ്റരുതെന്നും പറഞ്ഞു.
ആദിയിൽ പ്രണവിന്റെ ജോഡിയായാണ് വേഷമിട്ടത്. അപ്പുചേട്ടൻ എന്നാണ് വിളിച്ചിരുന്നത്. വലിയൊരു താരത്തിന്റെ മകനാണെന്ന യാതൊരു ജാടയും അപ്പുചേട്ടനില്ലായിരുന്നു. ചിത്രീകരണം കഴിഞ്ഞാൽ കളിയും ചിരിയുമെല്ലാമായി ദിവസങ്ങൾ പോയതറിഞ്ഞിരുന്നില്ല. ഭാവിയിൽ പ്രണവ് ചേട്ടന്റെ നായികയായി വേഷമിടണമെന്നാണ് മോഹം. മോഹൻലാൽ സാറിന്റെയും കട്ട ഫാനാണ്. ലാൽ സാറിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കണമെന്നും മോഹമുണ്ട്.


വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തിൽ നായികയായും ഗായികയായും വേഷമിടുന്നുണ്ട്. ആസിഫലി നായകനായെത്തുന്ന ചിത്രം ഒരു ലൗ സ്‌റ്റോറിയാണ്. ആസിഫിക്കയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്ന ഇവാന്റെ നായികയാണ് ഞാൻ. മന്ദാരത്തിൽ പാടുന്നുണ്ടെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഗുരുവായ വാമനൻ നമ്പൂതിരിയാണ്. ഇതുതന്നെയാണ് ഏറ്റവും വലിയ ഗുരുദക്ഷിണയെന്നും അദ്ദേഹം പറഞ്ഞു. സംഗീത രംഗത്തേയ്ക്ക് ചുവടുവെക്കുമ്പോൾ ഏറെ കടപ്പാടു തോന്നുന്നത് ദക്ഷിണാമൂർത്തി സ്വാമിയോടാണ്. അദ്ദേഹത്തിനു കീഴിൽ ഒരു വർഷം സംഗീതം പഠിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അപൂർവ്വഭാഗ്യമായി കാണുന്നു.
മന്ദാരത്തിലെ പാട്ടിന്റെ റെക്കോർഡിംഗ് കഴിഞ്ഞിട്ടില്ല. മെലഡിയാണ്. ലൊക്കേഷനിലിരിക്കുമ്പോൾ വെറുതെ മൂളിപ്പാട്ട് പാടാറുണ്ടായിരുന്നു. ഇത് സംവിധായകന്റെ ശ്രദ്ധയിൽപെട്ടു. അങ്ങനെയാണ് ആലാപനരംഗത്തുമെത്തുന്നത്.
പഠനം പ്ലസ് വണ്ണായിട്ടുള്ളുവെങ്കിലും ജീവിതത്തിൽ പഠിച്ചുയരുകയാണ് ലക്ഷ്യം. എം.ബി.ബി.എസ് എടുക്കണം. ഡോക്ടറാകണം. ഒരു കാർഡിയാക് സർജനാവുകയാണ് ലക്ഷ്യം. ഇതിനിടയിൽ അഭിനയിക്കാൻ കഴിയുന്ന വേഷങ്ങളും അവതരിപ്പിക്കണം.
പത്താം ക്ലാസുവരെ പഠിച്ചത് ഹോളി ക്രോസ് സ്‌കൂളിലായിരുന്നു. അവിടെ സി.ബി.എസ്.ഇ സിലബസായിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറേ ക്ലാസുകൾ മുടങ്ങി. പിന്നീടാണ് ബഥനി കോൺവെന്റ് സ്‌കൂളിലേക്കു മാറിയത്. അവിടെ കേരള സിലബസായിരുന്നു. സ്‌കൂളിൽ നല്ല സഹകരണമാണ് ലഭിച്ചത്. നോട്ട് ബുക്ക് എഴുതിത്തന്നാണ് കൂട്ടുകാർ സഹായിച്ചത്. സ്‌കൂൾ അധികൃതരും നന്നായി സഹായിച്ചു. അതുകൊണ്ടാണ് അഭിനയവും പഠനവും ഒന്നിച്ചുകൊണ്ടുപോകാനായത്.


ദിനു തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന കൂദാശ എന്ന ചിത്രത്തിലാണ് ഇപ്പോൾ വേഷമിട്ടുവരുന്നത്. ബാബുരാജും സായ്കുമാറും ജോയ് മാത്യുവുമെല്ലാം ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
അച്ഛൻ പ്രദീപ് ദുബായിൽ കംപ്യൂട്ടർ എൻജിനീയറായി ജോലി നോക്കുന്നു. അച്ഛന്റെ നാടാണ് ഗുരുവായൂർ. അമ്മ മിനി പ്രദീപ് വീട്ടമ്മയാണ്. അമ്മയുടെ നാട് കൊല്ലത്താണ്. ചേച്ചി കീർത്തന ബാംഗ്ലൂരിൽ എയർ ഏഷ്യയിൽ എയറോനോട്ടിക്കൽ എൻജിനീയറാണ്.
അമ്മ മിനിയും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. ഗുരുദേവൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിരുന്നു. തുടർന്നും അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അമ്മയുടെ മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്ന് അഭിനയിച്ചില്ല. അമ്മക്ക് സാധ്യമാകാതിരുന്ന അഭിനയ മോഹം എന്നിലൂടെ സാക്ഷാത്കരിക്കുകയാണിപ്പോൾ.

 

Latest News