Tuesday , June   18, 2019
Tuesday , June   18, 2019

തമിഴനെ മാറ്റിമറിച്ച പോരാളി

മഹാത്മാ ഗാന്ധിയെപ്പോലും പരസ്യമായി വിമര്‍ശിച്ച് എഴുതാന്‍ ചങ്കുറപ്പുണ്ടായിരുന്നു ഇന്നലെ ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോയ കരുണാനിധിക്ക്.  ഗാന്ധി ശിഷ്യന്മാര്‍  അഹിംസയൊക്കെ തല്‍ക്കാലം മാറ്റിവെച്ച്  അക്കാലത്ത് അദ്ദേഹത്തെ തെരുവില്‍ കൈകാര്യം ചെയ്തത് ചരിത്രം.   ആ കാലത്തിന് മാത്രമല്ല അവസാനം ജീവിച്ച കാലത്തിനും അദ്ദേഹം പ്രസക്തനായിരുന്നു. ഗാന്ധി വിമര്‍ശമാണ് അദ്ദേഹത്തെ   പെരിയാറിന്റെ പത്രത്തിലെത്തിച്ചത്.  ആ  പത്രത്തിന്റെ അസി.എഡിറ്ററായി അദ്ദേഹത്തിന്റെ പേന തീ തുപ്പി തുടങ്ങി. പെരിയാറിന്റെ കണ്ടെത്തല്‍ ശരിയായിരുന്നുവെന്ന്  കാലം തെളിയിച്ചു കൊണ്ടേയിരുന്നു.

http://malayalamnewsdaily.com/sites/default/files/2018/08/07/p6withstatue.jpeg

 സ്വന്തം മെഴുകു പ്രതിമക്ക് സമീപം കരുണാനിധിയും മകന്‍ സ്റ്റാലിനും

പിന്നീടദ്ദേഹം നിരവധി പത്രങ്ങളുടെ അധിപനായി. കൊച്ചുന്നാളില്‍ തന്നെ  കരുണാനിധിയുടെ മനസ്സ് ദ്രാവിഡ രാഷ്ട്രീയ ബോധത്താല്‍ ഊട്ടി ഉറപ്പിക്കപ്പെട്ടിരുന്നു. പതിനാലാമത്തെ വയസ്സില്‍ ദ്രാവിഡ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ തമിഴ് മാനവര്‍ മണ്‍ട്രത്തിലൂടെ തന്റെ അരങ്ങേറ്റം കുറിച്ച കരുണാനിധി ദ്രാവിഡ പ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ പെരിയാറിനും അണ്ണാദുരൈക്കുമൊപ്പം  തോളൊത്തു നിന്നു.  94 വയസ്സിനിടില്‍ ഏഴ് പതിറ്റാണ്ടും തമിഴ്‌നാടിനുവേണ്ടിയും ദ്രാവിഡ രാഷ്ട്രീയത്തിനുവേണ്ടിയും നിലകൊണ്ട വ്യക്തി.  
ആ പോരാട്ടത്തിനിടക്കും  നൂറോളം പുസ്തകങ്ങള്‍ രചിക്കാന്‍ ആ പ്രതിഭാശാലിക്ക് സാധിച്ചു.   70 ലധികം സിനിമകള്‍ക്കദ്ദേഹം തിരക്കഥയെഴുതി. 50 ലധികം സിനിമകള്‍ക്ക് ഗാനം രചിച്ചു. 27 ലധികം സിനിമകള്‍ നിര്‍മിച്ചു.  സിനിമയും ജീവിതവും ഇഴ ചേര്‍ന്ന് കിടക്കുന്ന തമിഴന്റെ മനസില്‍ ജീവിക്കാന്‍ ഇതില്‍പ്പരമൊന്നും ആവശ്യമായിരുന്നില്ല.  ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃ നിരയിലേക്ക് എം.ജി.ആറിനെ കൊണ്ടു വന്നത്  അണ്ണാദുരൈ യാണ്.  പക്ഷെ കാലം മാറിയപ്പോള്‍ കഥയും  മറ്റൊരു വഴിക്ക് പോയി. വെള്ളിത്തിരയില്‍  കാണുന്നതാണ്  തമിഴന് ജീവിതം. അതുകൊണ്ട് എം.ജി ആറും ഇദയക്കനിയും (ജയലളിത)  അവന്റെ മനസ്സില്‍ ജീവിച്ചു- ഒരുപാട് കാലം.  എം.ജി ആര്‍ ജീവിച്ചിരിക്കേ തന്നെ അവര്‍ തമ്മില്‍ കൊമ്പുകോര്‍ക്കിന്നിടം  വരെ ഈ കാര്യങ്ങള്‍ എത്തി. അണ്ണാ ദുരൈയുടെ മരണ ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായ കരുണാനിധി പാര്‍ട്ടിയെ പൂര്‍ണമായി തന്റെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമം നടത്തി. ഇതിനായി അദ്ദേഹം ചെയ്ത കടുംകൈ എം.ജി.ആറിനെ ഒതുക്കലായിരുന്നു.  പക്ഷെ വെള്ളിത്തിരയിലെ വീരനെയുണ്ടോ ഒതുക്കാനാകുന്നു.
അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ചു- അണ്ണാ ഡി.എം.കെ. 1974ലെ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ തമിഴ് നാട്  തൂത്തു വാരി. അങ്ങിനെ എം.ജി.ആര്‍ മുഖ്യമന്ത്രിയായി. അന്ന് മറീന ബീച്ചില്‍ കരുണാ നിധി നിസംഗനായി പറഞ്ഞതിങ്ങിനെ-നിധി അവന്‍ കൊണ്ടു പോയാച്ച്. ഇപ്പോള്‍ ഞാന്‍ വെറും കരുണൈ. വെറും...വെറും കരുണൈ. അതെ, കരുണാനിധി അങ്ങിനെയാണ്. പ്രസംഗം തുടങ്ങിയാല്‍ വാക്കുകള്‍ ഏതൊക്കെയോ വഴിക്കിങ്ങ്  ഒഴു കിയെത്തും.  
എന്നെ ഉപയോഗിക്കൂ, എന്നെ ഉപയോഗിക്കൂ എന്ന രീതിയില്‍. പ്രസംഗങ്ങള്‍ അങ്ങിനെ കവിതയുടെ പെയ്ത്താകും.  ചിലപ്പോള്‍ മധു മൊഴിയായി,  ചില നേരങ്ങളില്‍ തീ മഴയായി. കവിതയാണോ ഗദ്യമാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാകുന്ന പ്രസംഗ ഒഴുക്ക്. മേമ്പൊടിയായി  നര്‍മത്തിന്റെ പൂത്തിരിയങ്ങിനെ കത്തി കത്തി വീഴും.   
സ്വന്തം അധികാര നഷ്ടത്തെപ്പറ്റി  ,അവന്‍ കൊണ്ടുപോയാച്ച്, എന്ന് പറയാന്‍ മാത്രം    ലാഘവബോധം ജീവിതത്തിലുടനീളം അദ്ദേഹത്തിനുണ്ടായിരുന്നു.  ആ നിലക്ക്  കാര്യങ്ങള്‍ കണ്ടിരുന്ന തമിഴ് ദ്രാവിഡ മനസ്സില്‍ പകയും വിദ്വേഷവും കത്തിയാളുന്നതും പിന്നീട് തമിഴ്‌നാട് രാഷ്ട്രീയം  പലവട്ടം കണ്ടതാണ്.  ജയലളിതയുടെ പെണ്‍ പക മൂത്തപ്പോഴായിരുന്നു അത്.  കരുണാനിധിയെ രാത്രി രണ്ട് മണിക്ക് വീട് കുത്തി തുറന്ന് അറസ്റ്റ് ചെയ്യുന്നിടം വരെ കാര്യങ്ങള്‍ എത്തിച്ചത്. ഈ  ശത്രുതയായിരുന്നു  തമിഴ് നാട്ടില്‍  രാഷ്ട്രീയക്കാരുടെ എല്ലാ കാലത്തേയും ജീവന്റെ ഉപ്പ്.   ഉന്തി തള്ളി വലിച്ചിഴച്ച് പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോള്‍ ,കൊല്ലപ്പണ്ണാതപ്പാ.....കൊല്ലപ്പണ്ണാതപ്പാാ.... എന്ന് നിലവിളിക്കുന്ന കരുണാ നിധിയെന്ന വയോധികനെ കണ്ട് ലോകം അന്ന് ഇദയക്കനിയെ വല്ലാതെ വെറുത്തു.  പാക്കിസ്ഥാനിലെ ഡോണ്‍ പത്രം ആ വാര്‍ത്ത പരിഹാസപൂര്‍വ്വം  ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ നാണം കെട്ടത് രാജ്യം.  ശ്രീലങ്കയില്‍ പൊരുതുന്ന തമിഴര്‍ക്കനുകൂലമായ മനസ്സ് വെച്ചു പുലര്‍ത്തുകയും അത് പുറത്തു കാണിക്കുന്നതില്‍ പിശുക്ക് കാണിക്കാതിരിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.  ഇതിനദ്ദേഹത്തിന് കനത്ത വില നല്‍കേണ്ടി വന്നിട്ടുണ്ട്. ഇതൊന്നും പക്ഷെ പെരിയാര്‍ രാമ സ്വാമിയുടെ കളരിയില്‍നിന്ന് വന്ന മുത്തുവേല്‍ കരുണാനിധി യെ പിന്തിരിപ്പിച്ചില്ല.       ബി.ജെ.പിയെ തൊട്ടാല്‍ കുളിക്കണമെന്ന് ഒരുകാലത്ത് പരസ്യമായി പറഞ്ഞ കരുണാനിധിയെ ഒടുവില്‍ ആ പാളയത്തിലെത്തിച്ചത് നില്‍ക്കക്കള്ളിയില്ലായ്മയായിരുന്നു.  ബന്ധങ്ങളും അത് വേര്‍പെടുത്തലും കരുണാനിധിയുടെ പാര്‍ട്ടിക്ക് പുതുമയുമായിരുന്നില്ല.  
അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധി കരുണാനിധി സര്‍ക്കാരിനെ പിരിച്ചു വിട്ടിരുന്നു. അത്ര കണ്ട് ശക്തമായിരുന്നു ജി.കെ.മൂപ്പനാരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും  കരുണാനിധിയും തമ്മിലുള്ള ശത്രുത.
1990 ല്‍ ചന്ദ്രശേഖര സര്‍ക്കാരിനും പിരിച്ചുവിടല്‍ ആവര്‍ത്തിക്കേണ്ടി വന്നു. രാജീവ് വധം അന്വേഷിച്ച ജയിന്‍ കമ്മീഷന്‍  റിപ്പോര്‍ട്ടിലും കരുണാ നിധി കുറ്റപ്പെടുത്തലിന് വിധേയനായി. കമ്മീഷന്‍ മുമ്പാകെ  തന്റെ എല്‍.ടി.ടി.ഇ ബന്ധം അദ്ദേഹം തുറന്ന് പറയുകയുണ്ടായി. '' മറ്റ് പാര്‍ട്ടിക്കാര്‍ക്കൊപ്പം ഞാനും എല്‍.ടി.ടിയെ പിന്തുണച്ചിരുന്നു. പക്ഷെ പത്മനാഭ വധത്തിന് ശേഷം  പിന്തുണ പിന്‍ വലിച്ചു, വളച്ചു കെട്ടില്ലാതെയാണ് തന്റെ എല്‍.ടി.ടി.ഇ ബന്ധം അദ്ദേഹം വെളിപ്പെടുത്തിയത്.  പിന്നീട് കോണ്‍ഗ്രസിനൊപ്പമെത്താന്‍  ദ്രാവിഡ രാഷ്ട്രീയത്തിന്റെ തേരാളിക്ക് ഈ വിവാദമൊന്നും തടസ്സമായില്ല.  ദ്രാവിഡ പ്രസ്ഥാനം  എന്നും തമിഴ് രാഷ്ട്രീയത്തിന്റെ ശക്തിയും മറയുമായിരുന്നു. ജാതി പാര്‍ട്ടികള്‍ക്കും തീവ്രവാദികള്‍ക്കും തമിഴന്റെ മണ്ണില്‍ സ്ഥാനം കൊടുക്കാതിരിക്കാന്‍ ആ സംഘ ബോധത്തിന്  എന്നും സാധിച്ചു.
ദ്രാവിഡ പ്രസ്ഥാനങ്ങള്‍ ഭിന്നിച്ചു തന്നെ നില്‍ക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ളവരുടെ രാഷ്ട്രീയ കൗശലം തിരിച്ചറിയാന്‍ കഴിയലായിരിക്കും കരുണാനിധിയോട് തമിഴ് രാഷ്ട്രീയത്തിന് ചെയ്യാന്‍ കഴിയുന്ന നീതി. കാരണം കരുണാനിധിയും ദ്രാവിഡ രാഷ്ട്രീയവും എന്നും ഉള്ളിന്റെ ഉള്ളില്‍ അങ്ങിനെയായിരുന്നു. ജാതിബോധത്തിന്റെയും വര്‍ഗീയതയുടെയും എല്ലാ മാലിന്യങ്ങളും മനസ്സിന്റെ എല്ലാ ഉള്ളറകളില്‍ നിന്നും ഇറങ്ങിപ്പോയ മനുഷ്യരുടെയും നേതാക്കളുടെയും കൂട്ടമായിരുന്നു അവര്‍.  അതു കൊണ്ടാണവര്‍ ഇന്ത്യയിലെ മത ന്യൂനപക്ഷ പാര്‍ട്ടിയുടെ നേതാവായിരുന്ന മുഹമ്മദ് ഇസ്മയില്‍ സാഹിബിനെ അവരുടെയും  നേതാവായി കണ്ടത്.  
ഇസ്മയില്‍ സാഹിബിനൊപ്പവും, അല്ലാതെയും  പങ്കെടുത്ത പല മഹായോഗങ്ങളിലും കരുണാനിധി,  അദ്ദേഹത്തെ നാന്‍  അവുങ്കളെ ഉങ്കള്‍ക്ക് വിട്ടു തരാമട്ടേന്‍ ... എന്ന്  ഇസ്മായില്‍ സാഹിബിനെപ്പറ്റി പറയുമായിരുന്നു.  തമിഴ് നാട്ടിലെ ഏതാണ്ടെല്ലാ മുസ്‌ലിം നേതാക്കളോടും അദ്ദേഹത്തിന്റെ നിലപാട് ഇതുതന്നെയായിരുന്നു. കരുണാനിധി ചെയ്തതു പോലുള്ള നബിദിന പ്രസംഗങ്ങള്‍ ഇന്ത്യന്‍ ഭാഷയില്‍ തന്നെ വിരളമായിരിക്കും.
'നാന്‍ കാതലിക്കും ഇസ്‌ലാം 'എന്ന അബ്ദുല്ല അടിയാറിന്റെയൊക്കെ കണ്ടെത്തലുകള്‍ക്കും,  ദ്രാവിഡ ജനതയുടെ മനസ്സില്‍ ഇസ്‌ലാം മത സ്‌നേഹം ഉറപ്പിച്ചു നിര്‍ത്തിയതിനും, കരുണാനിധിയുടെ അതിമനോഹര പ്രസംഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കപടമായ ന്യൂനപക്ഷ സ്‌നേഹാഭിനയങ്ങളുടെ ഇക്കാലത്താണ് കരുണാനിധിയെപ്പോലുള്ളവരെക്കുറിച്ചുള്ള  ഓര്‍മകള്‍  പ്രസക്തമാകുന്നത്.

 

 

Latest News