Sunday , May   26, 2019
Sunday , May   26, 2019

ജുഡീഷ്യറിയിലെ  രാഷ്ട്രീയ ഇടപെടലുകൾ 

കുറ്റിയിൽ മാത്യു ജോസഫ് എന്ന ന്യായാധിപനെ സുപ്രീം കോടതി ജഡ്ജി ആയി നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അദ്ദേഹത്തിന്റെ നിയമനത്തിനു ശേഷവും തുടരുകയാണ്. നേരത്തെ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ സർക്കാർ തള്ളിയതായിരുന്നു വിവാദമെങ്കിൽ ഇപ്പോൾ അദ്ദേഹത്തെ ജൂനിയർ ആയി തരംതാഴ്ത്തിയതിലാണ് സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പ്രതിഷേധം. 1982 ൽ ദൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് 1983 മുതൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു തുടങ്ങിയ ജസ്റ്റിസ് കെ. എം. ജോസഫ് 2004 ൽ കേരളാ ഹൈക്കോടതിയിലെ പെർമനന്റ് ജഡ്ജി ആയി പ്രവർത്തിക്കുകയും 2014 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയി നിയമിതനാവുകയും ചെയ്തു.  
2016 ൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം അടിച്ചേൽപ്പിച്ച് അധികാരം പിടിച്ചടക്കാനുള്ള നരേന്ദ്ര മോഡിയുടെയും ബി ജെ പിയുടെയും നീക്കം തകർത്ത സുപ്രധാന വിധിന്യായത്തിലൂടെ ജസ്റ്റിസ് കെ.എം ജോസഫ് ജനാധിപത്യത്തിന്റെ കാവലാളായി പ്രവർത്തിച്ച് പ്രശസ്തനായി.  അതോടെ അദ്ദേഹം  ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും കണ്ണിലെ കരടാവുകയും ചെയ്തു. 
കേന്ദ്രസർക്കാരിന്റെ ഓർഡിനനൻസ് തള്ളിയതിലൂടെ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ അദ്ദേഹം പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു.  രാഷ്ട്രപതിയുടെ ഓർഡിനൻസ് റദ്ദാക്കാൻ ഹൈക്കോടതിക്ക് എന്തധികാരമെന്ന ചോദ്യമുന്നയിച്ച് നെറ്റി ചുളിച്ച സർക്കാരിനോട് രാഷ്ട്രപതിയും മനുഷ്യനാണെന്നും അദ്ദേഹത്തിന് തെറ്റ് പറ്റിയാൽ തിരുത്താൻ മടികാണിക്കില്ലെന്നുമുള്ള കെ. എം. ജോസഫിന്റെ മറുപടി രാഷ്ട്രീയ ഭരണ കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.  ജസ്റ്റിസ് കെ. എം. ജോസഫിന്റെ സുപ്രീം കോടതിയിലെ നിയമനത്തിലും അദ്ദേഹത്തിന്റെ സീനിയോറിറ്റി കാര്യത്തിലുമെല്ലാം സർക്കാരിന്റെ ഇടപെടലുകൾ കൃത്യമായ പകപോക്കലാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല.  പുതുതായി ജഡ്ജിമാരായി വന്ന ഇന്ദിര ബാനർജിയുടെയും വിനീത്  സരണന്റെയും പേരുകൾ നിർദേശിക്കുന്നതിനു മുമ്പേ കൊളീജിയം കെ. എം. ജോസഫിന്റെ പേര് നിർദേശിച്ചിരുന്നു. 
നിയമം നിയമത്തിന്റെ വഴിക്ക് എന്ന ചൊല്ല് മലയാളികൾക്ക് ഏറെ പരിചിതമാണ്.  നിയമകാര്യങ്ങളിൽ ബാഹ്യ ഇടപെടലുകൾ പാടില്ലെന്ന സന്ദേശമാണ് ഈ ചൊല്ല് അന്വർഥമാക്കുന്നത്.   ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും വലിയ സവിശേഷത ജനങ്ങൾക്ക് നീതിയും ന്യായവും നൽകേണ്ട ശരിയായ വ്യവസ്ഥ തന്നെയായിരിക്കണം ജുഡീഷ്യറി എന്ന നിർബന്ധബുദ്ധിയാണ്.  ഏതൊരു രാജ്യത്തെയും ജുഡീഷ്യൽ സംവിധാനങ്ങൾ എത്രമാത്രം സ്വതന്ത്രമാവുകയും ബാഹ്യ ഇടപെടലുകളിൽനിന്ന് മുക്തമാവുകയും ചെയ്യുന്നുവോ അത്രമാത്രം ആ രാജ്യത്തിന്റെ തന്നെ സൽപേരും ഖ്യാതിയും ഉയരുമെന്ന കാര്യത്തിൽ സംശയമില്ല. കോടതികളിൽ ഭരണകൂടത്തിന്റെയോ രാഷ്ട്രീയ നേതാക്കളുടെയോ സമ്പന്നരുടെയോ ഇടപെടലുകൾ സംഭവിക്കുന്നുവെങ്കിൽ ആ കോടതികൾ കേവലം നോക്കുകുത്തികൾ മാത്രമായിരിക്കും. ചില രാജ്യങ്ങളിൽ ഭരണചക്രം തിരിക്കുന്നവരുടെ കളിപ്പാവ മാത്രമാണ് അവിടുത്തെ പരമോന്നത കോടതികൾ പോലും. ഇവിടെയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ തലയുയർത്തി നിൽക്കുന്നത്. 
ഇന്ത്യയിൽ ഭരണഘടനയാണ് ജുഡീഷ്യറിയുടെ ആത്യന്തികമായ വിധികർത്താവ്. നിയമം നിർമിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്ന ലെജിസ്ലേറ്റർ, എക്സിക്യൂട്ടിവ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുകയും ഭരണഘടന അവയ്ക്ക് നൽകുന്ന അധികാര പരിധികൾ ലംഘിച്ചുകൊണ്ടുള്ള ദുർവിനിയോഗങ്ങൾ അവ നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നത് ജുഡീഷ്യറിയാണ്. ഭരണഘടന  നൽകുന്ന സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുന്ന ഒരു പാറാവുകാരനെ പോലെ ഭരണഘടനയുടെ തന്നെ ആജ്ഞ പ്രകാരമാണ് ജുഡീഷ്യറി അഥവാ നീതിന്യായ വ്യവസ്ഥ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളും തർക്കങ്ങളും പരിശോധിക്കുകയും അവയിൽ സമയബന്ധിതമായി ഇടപെടുകയും ചെയ്യുക എന്നതും ജുഡീഷ്യറിയുടെ പരിധിയിൽ വരുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്രമായ നിലനിൽപ്പ് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിൽ പെട്ടതാണ്. നിയമനിർമാണ സഭക്കോ എക്സിക്യൂട്ടീവിനോ ജുഡീഷ്യറിയുടെ കാര്യത്തിൽ ഇടപെടാനുള്ള അവകാശമില്ലെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത. ഏതെങ്കിലുമൊരു മന്ത്രിക്കോ അല്ലെങ്കിൽ മന്ത്രിസഭക്ക് തന്നെയോ രാജ്യത്തെ വിവിധ കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിൽ നേരിട്ടോ അല്ലാതെയോ ഇടപെടാൻ സാധ്യമല്ല. ജുഡീഷ്യറി നിശ്ചയിച്ച പ്രത്യേക 'കൊളീജിയം' (ഒരു സംഘം) ശുപാർശ ചെയ്തുകൊണ്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ലിസ്റ്റിൽ നിന്നും രാഷ്ട്രപതിയാണ് സുപ്രീം കോടതിയിലെയും സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത്. എന്നാൽ ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ച് ഭരണഘടനയിൽ ഒരു അവ്യക്തത നേരത്തെ ഉണ്ടായിരുന്നു. രാഷ്ട്രപതിക്ക് ജഡ്ജിമാരെ നിശ്ചയിക്കാം എന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രപതിക്ക് ഇത് സമർപ്പിക്കേണ്ടത് ഒരു കൊളീജിയമാണെന്ന് ഭരണഘടനയിൽ ഇല്ല. കൊളീജിയം എന്ന സംവിധാനം നിലവിൽ വന്നത് 1993 മുതലാണ്. അതുവരെ രാഷ്ട്രപതി അതത് കോടതികളിലെ മുതിർന്ന ജഡ്ജുമാരുമായി ചർച്ച ചെയ്തുകൊണ്ടാണ് പുതിയ ജഡ്ജിമാരെ നിയമിച്ചിരുന്നത്. 
സുപ്രീംകോടതിക്ക് ഒരു ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സി.ജെ.ഐ) ഉണ്ടായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട് (124/1). സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിന് പുറമെ ഏഴു ജഡ്ജിമാർ വേണമെന്നാണ് ഭരണഘടനയിൽ പറയുന്നതെങ്കിലും പിന്നീടുണ്ടായ ഭരണഘടന ഭേദഗതികളിലൂടെ ഇപ്പോൾ ചീഫ് ജസ്റ്റിസ് അടക്കം 25 ജഡ്ജിമാരാണുള്ളത്. 
25 ജഡ്ജിമാരിൽ സുപ്രീം കോടതിയിൽ ജഡ്ജിയായി ജോലിയിൽ പ്രവേശിച്ച തീയതിക്കനുസരിച്ച് സീനിയോറിറ്റി കണക്കാക്കിയാണ് ചീഫ് ജസ്റ്റിസിനെ നിശ്ചയിക്കുന്നത്. തലമുതിർന്ന ജഡ്ജിയാണ് ചീഫ് ജസ്റ്റിസ് എന്ന് പറയാം. സുപ്രീംകോടതിയുടെ തലവനെന്ന നിലയിൽ കേസുകളുടെ അലോക്കേഷനും നിയമവുമായി ബന്ധപ്പെട്ട പ്രധാന ഭരണഘടന ബെഞ്ചുകളുടെ നിയമനം നടത്തുന്നതും ഇദ്ദേഹമാണ്. മറ്റു ജഡ്ജിമാർക്കുള്ള കേസുകൾ വീതിച്ചു നൽകുന്നതും സി.ജെ.ഐയുടെ കർത്തവ്യമാണ്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ സീനിയർ മോസ്റ്റ് ആയ നാല് ജഡ്ജിമാരും അടങ്ങുന്ന ഫോറമാണ് കൊളീജിയം. അതായത് സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് സുപ്രീം കോടതിയിലെ തന്നെ സീനിയർ ജഡ്ജിമാരാണ് എന്നർഥം. അതുകൊണ്ടുതന്നെ 'ഒരു സാമ്രാജ്യത്തിനുള്ളിലെ മറ്റൊരു സാമ്രാജ്യം' എന്ന വിമർശനം കൊളീജിയം നേരിടുന്നുണ്ട്. അതേ സമയം നിയമനിർമാണ സഭകളോ മറ്റു അധികാര കേന്ദ്രങ്ങളോ ജഡ്ജിമാരെ നിശ്ചയിക്കുന്നത് ജുഡീഷ്യൽ സംവിധാനത്തിലെ ബാഹ്യ ഇടപെടലുകളായി വ്യാഖ്യാനിക്കപ്പെടുകയും ഭരണഘടന വിരുദ്ധമാവുകയും ചെയ്യും. ഇതിനുള്ള പരിഹാരമായി 2004ൽ ഒരു ഭരണഘടന ഭേദഗതിയിലൂടെ പാർലമെന്റ് ഒരു ദേശീയ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ രൂപീകരിച്ചു. ചീഫ് ജസ്റ്റിസിന് തൊട്ടുതാഴെ സീനിയോറിറ്റിയുള്ള രണ്ട് സുപ്രിംകോടതി ജഡ്ജിമാർ, കേന്ദ്ര നിയമകാര്യ മന്ത്രി എന്നിവർ സ്ഥിരം അംഗങ്ങളായും കൂടാതെ ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്നു നിർദേശിക്കുന്ന രണ്ട് പ്രഗത്ഭ വ്യക്തികളുമാണ് കമ്മീഷനിലെ അംഗങ്ങൾ. 
ചീഫ് ജസ്റ്റിസ് അടക്കമുള്ള സ്ഥാനത്തേക്കു പരിഗണിക്കാനായി കമ്മീഷന്റെ മുമ്പിൽ വരുന്ന പേരുകൾ വീറ്റോ ചെയ്യാനുള്ള അധികാരം കമ്മീഷനിലെ മൂന്ന് ജുഡീഷ്യൽ പ്രതിനിധികൾക്കുമുണ്ട്. എന്നാൽ സുപ്രിംകോടതി ജഡ്ജിമാർ മാത്രം വിചാരിച്ചാൽ, അഥവാ മറ്റ് അംഗങ്ങളുടെ പിന്തുണയില്ലെങ്കിൽ, ഒരു നിയമനത്തിലും തീരുമാനമെടുക്കാനുമാവില്ല എന്ന അപകടകരമായ പോരായ്മയും ഇതിനുണ്ട്. കമ്മീഷന്റെ രൂപീകരണത്തിലൂടെ കേന്ദ്രസർക്കാർ ഉദ്ദേശിച്ചത് നീതിന്യായ സംവിധാനത്തിലെ അപകടകരവും ജനാധിപത്യവിരുദ്ധവുമായ രാഷ്ട്രീയ ഇടപെടലാണ് എന്ന വിമർശനം ഉയർന്നു. അങ്ങനെ പാർലമെന്റിന്റെ ഈ ഭരണഘടന ഭേദഗതി സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു. 
പാർലമെന്റിന്റെ ഇരു സഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്തിട്ടുപോലും ഈ ബിൽ സുപ്രീംകോടതി തള്ളിക്കളഞ്ഞുവെന്നതിൽനിന്ന് രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം എത്രമാത്രമാണെന്നു മനസ്സിലാക്കാൻ സാധിക്കും. രാഷ്ട്രപതി ഒപ്പുവെച്ച ഓർഡിനൻസ് ജസ്റ്റിസ് കെ. എം. ജോസഫ് തള്ളിക്കളഞ്ഞെന്ന ആരോപണം ഉന്നയിക്കുന്നവർ ഈ ചരിത്രം ഓർത്തുവെക്കുന്നത് നന്നായിരിക്കും.  
കഴിഞ്ഞ ജനുവരി 12ന് ജുഡീഷ്യറിയിലെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ സുപ്രീം കോടതിയിലെ ഉന്നത ന്യായാധിപർ നടത്തിയ വാർത്താസമ്മേളനം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും വിമർശനം ഉന്നയിച്ചു കടന്നു വന്നത് സാധാരണ അഭിഭാഷകരായിരുന്നില്ല. മുതിർന്ന ജഡ്ജുമാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി ലോക്കൂർ എന്നിവരായിരുന്നു.  അവരാകട്ടെ അവരുടെ വിരലുകൾ ചൂണ്ടിയത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നേരെയായിരുന്നു.   ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊറാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വാദം കേട്ട സി.ബി.ഐ സ്പെഷ്യൽ കോടതി ജഡ്ജി ആയിരുന്ന ബ്രിജ് ഗോപാൽ ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി മുതിർന്ന ജഡ്ജിമാർക്ക് വിടാതെ ജൂനിയർ ജഡ്ജി അരുൺ മിശ്ര അധ്യക്ഷനായ പത്താം നമ്പർ കോടതിക്ക് വിട്ടതാണ് അവർ ചൂണ്ടിക്കാണിച്ച പ്രധാന വിഷയം. ഇത്തരം സംശയാസ്പദമായ കാര്യങ്ങളിൽ തങ്ങൾ മൗനം അവലംബിച്ചുവെന്ന് ഭാവി തലമുറ ആക്ഷേപമുന്നയിക്കാതിരിക്കാനാണ് ഇക്കാര്യം പൊതുസമൂഹത്തെ അറിയിക്കുന്നതെന്നും അന്ന് അവർ പറഞ്ഞു. 
രാഷ്ട്രീയ പാർട്ടികളും ഉന്നതരും നടത്തുന്ന കുറ്റകൃത്യങ്ങൾക്കും അഴിമതികൾക്കും കുടപിടിക്കാതെ ജനാധിപത്യവും നൈതികതയും സംരക്ഷിക്കുന്നതിന് വേണ്ടി പോരാടാൻ ന്യാധിപന്മാർക്ക് ഉത്തരവാദിത്തവും അവകാശവുമുണ്ട്. തങ്ങളുടെ ഇംഗിതങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന   ന്യായാധിപന്മാർക്കെതിരെ ചന്ദ്രഹാസം മുഴക്കുന്ന ഭരണകൂട ഭീകരത തിരിച്ചറിയപ്പെടേണ്ടതുണ്ട്.

Latest News