Tuesday , April   23, 2019
Tuesday , April   23, 2019

ഇവർക്ക് ചിരിക്കാൻ കഴിയില്ല ;റോഹിംഗ്യ ക്യാമ്പിലെ നേര്‍ക്കാഴ്ച

ലേഖകൻ കോക്‌സസ് ബസാറിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ

ജിദ്ദയിൽനിന്ന് നാട്ടിലേക്ക് തിരിക്കുമ്പോൾ ഇത്തവണ ഒരു യാത്ര കൂടി മനസ്സിലുണ്ടായിരുന്നു. സാഹചര്യങ്ങൾ അനുവദിച്ചാൽ ബംഗ്ലാദേശിൽ പോയി അവിടെ ദുരിതം തിന്നു കഴിയുന്ന റോഹിംഗ്യ മുസ്‌ലിംകളെ കൂടി കാണുക. ജിദ്ദയിലെ സുഹൃത്തുക്കളുടെ സമ്മർദവും കൂടി അതിനു പിന്നിലുണ്ടായിരുന്നു. കാരണം കരളലിയിക്കുന്ന കഥകളാണല്ലോ അവിടെനിന്ന് ഓരോ ദിവസവും കേട്ടുകൊണ്ടിരുന്നത്.  എം.ഇ.എസ് സപ്പോർട്ടിംഗ് ഹാന്റ്‌സ് ശേഖരിച്ച തുക അഭയാർഥികളുടെ കൈകളിലെത്തിക്കാൻ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 

http://malayalamnewsdaily.com/sites/default/files/2018/08/07/khalidvone.jpg
ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിലെത്തിയിട്ടും ദുരിതത്തിന് അറുതിയാവാത്ത റോഹിംഗ്യൻ കുരുന്നുകൾക്ക് എന്തെങ്കിലും സഹായം നൽകണമെന്ന് ആഗ്രഹിക്കാത്തവർ പ്രവാസികളിലുണ്ടാവില്ല. പ്രവാസികളാണല്ലോ എവിടെയും എപ്പോഴും ദുരിത ജീവിതങ്ങൾക്ക് താങ്ങും തണലുമാവാറുള്ളത്. 
നാട്ടിൽനിന്ന് ജിദ്ദയിലേക്ക് മടങ്ങുംവഴിയാണ് ബംഗ്ലദേശിൽ പോയത്. കൊൽക്കത്തയിൽനിന്ന് ധാക്കയിലേക്കും അവിടെനിന്ന് ചിറ്റഗോംഗ് വഴി മ്യാൻമർ അതിർത്തിയിലുള്ള കോക്‌സസ് ബസാറിലെത്തിയാണ്  അഭയാർഥി ക്യാമ്പ് സന്ദർശിച്ചത്. 


ബംഗ്ലാദേശ് ജനതയുമായി ഇടപഴകാൻ അനുവദിക്കാതെ പട്ടാളക്കാർ കാവൽനിൽക്കുന്ന ക്യാമ്പായിരുന്നു അത്. 
പുഞ്ചിരിക്കാൻ ശ്രമിക്കുന്ന കുട്ടികളെ കണ്ടെങ്കിലും അവരുടെ കണ്ണുകളിൽ ദൈന്യം മാത്രമായിരുന്നു. കോക്‌സസ് ബസാറിലെ ഈ ക്യാമ്പിലെത്തി ദീനതയുടെ കഥകൾ കേട്ടപ്പോഴാണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ഞെട്ടിത്തരിച്ചു പോയത്. മ്യാന്മറിലെ പട്ടാളക്കാരും ബുദ്ധമത ഭീകരരും കാണിച്ച കിരാതകൃത്യങ്ങളാണ് അദ്ദേഹത്തിനു മുന്നിൽ ഈ ക്യാമ്പിലെ സ്ത്രീകളും കുട്ടികളും വിവരിച്ചത്. 
അഭയാർഥി ക്യാമ്പുകളിലും ദുരിതമവസാനിക്കാതെയാണ് റോഹിംഗ്യൻ മുസ്‌ലിംകൾ നാളുകൾ തള്ളി നീക്കുന്നത്. പുനരധിവാസം ഓരോ റോഹിംഗ്യൻ അഭയാർഥിയും സ്വപ്‌നം കാണുന്നു. ജനിച്ചുവളർന്ന ഭൂമിയിലേക്കും കൃഷിയിലേക്ക് മടങ്ങാനുള്ള മോഹം.  ബംഗ്ലാദേശിലെത്തിയ റോഹിംഗ്യൻ മുസ്‌ലിംകളിൽ കുടുംബം നഷ്ടപ്പെട്ടവർ നിരവധിയാണ്. നൂറുകണക്കിനു കരുന്നുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. കോക്‌സസ് ബസാറിലെത്തിയ 25 അനാഥക്കുട്ടികൾക്ക് ക്യാമ്പിലെ ഇസ്‌ലാമിക് സ്‌കൂളാണ് അഭയം നൽകിയിരിക്കുന്നത്.
ജനിച്ചുവളർന്ന നാട്ടിൽനിന്ന് ആക്രമിച്ച് ആട്ടിയോടിക്കപ്പെട്ട ഇവർ ലോകമനസ്സാക്ഷിക്കു മുന്നിലെ തീരാമുറിവാണ്.  അതിർത്തി കടന്ന് അവർ ബംഗ്ലാദേശിലെത്തി. പക്ഷേ ദുരിതജീവിതത്തിന് അറുതിയായില്ല. മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടവർ. റാഖൈൻ സ്‌റ്റേറ്റിൽ മ്യാൻമർ സൈന്യം നടത്തിയ ആക്രമണത്തിൽ കുടുംബം നഷ്ടപ്പെട്ട കുട്ടികളാണിവർ. സ്വന്തം മാതാപിതാക്കളെ സൈന്യം കഴുത്തറുത്ത് കൊന്നത് നേരിട്ട് കാണേണ്ടിവന്ന കുട്ടികളുണ്ട് ഇക്കൂട്ടത്തിൽ.
കുട്ടികൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും ഇസ്‌ലാമിക് സ്‌കൂളാണ് നൽകുന്നത്. ഖുർആനും അറബിക്കും ഇവിടെനിന്നും കുട്ടികൾ പഠിക്കുന്നുണ്ട്. അതോടൊപ്പം കാണാതായ ബന്ധുക്കളെ കണ്ടെത്താനും സ്‌കൂൾ അധികൃതർ സഹായിക്കുന്നു. കാലവർഷം അടുത്തതോടെ അഭയാർഥികളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബംഗ്ലാദേശിലെ കുതുപലോങ്ങ് ക്യാമ്പുകളിൽ താമസിക്കുന്ന റോഹിംഗ്യകളെയാണ് മാറ്റിപ്പാർപ്പിക്കാനൊരുങ്ങുന്നത്. ബംഗ്ലാദേശ് സർക്കാർ വിട്ട് നൽകിയ 123 ഏക്കർ സ്ഥലത്താണ് താൽക്കാലിക ക്യാമ്പ് നിർമാണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തുടങ്ങിയ സൈനികാക്രമണത്തെ തുടർന്നാണ് മ്യാന്മറിൽ നിന്നും  റോഹിംഗ്യകൾ പലായനം ചെയ്തത്. 
പത്ത് ലക്ഷത്തോളം റോഹിംഗ്യകളാണ് ബംഗ്ലാദേശിലെത്തിയത്. നേരത്തെ എത്തിയവരടക്കം ഇപ്പോൾ ബംഗ്ലാദേശിൽ കഴിയുന്ന റോഹിംഗ്യകളുടെ എണ്ണം 13 ലക്ഷത്തിലേറെ വരും. ഇവരെ പുനരധിവസിപ്പിക്കുന്നതിന് മ്യാന്മർ സർക്കാരുമായി ചേർന്ന് ബംഗ്ലാദേശ് സർക്കാർ നടത്തുന്ന ശ്രമങ്ങളെല്ലാം കരാർ ലംഘനങ്ങളിൽ അവശേഷിക്കുകയാണ്. ബംഗ്ലാദേശിൽനിന്ന് ഇവരെ കൊണ്ടുപോയി മ്യാന്മറിലെ ക്യാമ്പിൽ പാർപ്പിക്കാനാണ് മ്യാന്മർ സർക്കാർ പദ്ധതിയിടുന്നത്. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് പുനരധിവാസ ചർച്ചകളിൽ തങ്ങളെ കൂടി പങ്കാളികളാക്കണമെന്ന് റോഹിംഗ്യകൾ ആവശ്യപ്പെടുന്നത്. യു.എൻ. സെക്രട്ടറി ജനറൽ സന്ദർശിച്ചപ്പോൾ ഇക്കാര്യം ശ്രദ്ധയിൽ പെടുത്താൻ റോഹിംഗ്യൻ അഭയാർഥികൾ പ്രകടനം നടത്തിയിരുന്നു. 
പീഡനങ്ങളിൽനിന്ന് രക്ഷപ്പെടാൻ മറ്റു വഴികളില്ലാതെ പലായനം തെരഞ്ഞെടുത്തവരാണ് മ്യാന്മറിലെ റോഹിംഗ്യൻ മുസ്ലിംകൾ. ഒരു രാജ്യത്തിനും വേണ്ടാത്ത മനുഷ്യരായി മാറ്റിനിർത്തപ്പെട്ടവർ എന്നതിനാൽ ലോകത്തിലെ ഏറ്റവും ദുരിതം പിടിച്ച ജനതയെന്ന് ഐക്യരാഷ്ട്ര സഭക്കുപോലും വിശേഷിപ്പിക്കേണ്ടിവന്ന ജനത. 
ദൈവത്തിന്റെ ഭൂമിയിൽ ജീവിക്കാൻ ആരുടെയൊക്കെയോ അനുമതി തേടേണ്ടിവരുന്ന ഹതഭാഗ്യരാണ് ഈ ജനവിഭാഗം.  

Latest News