Monday , February   18, 2019
Monday , February   18, 2019

ചരിത്രനേട്ടത്തിന് മങ്ങലേൽപിച്ച് റിസർവ് ബാങ്ക്‌

ഓഹരി വിപണിയിലെ ചരിത്ര നേട്ടങ്ങളുടെ തിളക്കത്തിന് ആർ.ബി.ഐ നീക്കം മങ്ങലേൽപ്പിച്ചു. പലിശ നിരക്കിൽ കേന്ദ്ര ബാങ്ക്  വരുത്തിയ മാറ്റങ്ങൾ നിക്ഷേപ മേഖലയിൽ ആശങ്ക പരത്തി. ബാധ്യതകൾ പണമാക്കി മാറ്റാൻ ഒരു വിഭാഗം ഓപ്പറേറ്റർമാർ നടത്തിയ നീക്കം ബോംബെ സെൻസെക്‌സിലും നിഫ്റ്റിയിലും സാങ്കേതിക തിരുത്തലിന് കാരണമായി. സെൻസെക്‌സ് റെക്കോർഡായ 37,711 വരെയും നിഫ്റ്റി 11,390 വരെയും ഉയർന്ന് വാരമധ്യം റെക്കോർഡ് സൃഷ്ടിച്ചു. ബോംബെ സൂചിക 220 പോയന്റും നിഫ്റ്റി 82 പോയന്റും പ്രതിവാര നേട്ടത്തിലാണ്. 
പണപ്പെരുപ്പം നിയന്ത്രിക്കാനും വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപക്ക്  ശക്തിപകരാനും ആർ.ബി.ഐ രണ്ട് മാസത്തിനിടയിൽ രണ്ടാം തവണ പലിശ നിരക്കിൽ 25 ബേസിസ് പോയന്റ് വർധിപ്പിച്ചത് വിപണിയിൽ ആശങ്ക ജനിപ്പിച്ചു. 
ആഭ്യന്തര വിദേശ ധനകാര്യ സ്ഥാപനങ്ങൾ വാരത്തിന്റെ ആദ്യ ദിനങ്ങളിൽ ഹൈവിവെയ്റ്റ് ഓഹരികളിൽ നിക്ഷേപകരായി നിലകൊണ്ടെങ്കിലും സാമ്പത്തിക മേഖലയിലെ പുതിയ നീക്കങ്ങൾ അവരെ വിൽപ്പനക്കാരാക്കി. വിദേശ ഫണ്ടുകൾ പിന്നിട്ട വാരം 403.51 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ ഈ അവസരത്തിൽ 1057.84 കോടി രൂപയുടെ ഓഹരികൾ കൈവിട്ടു. 
വാരാരംഭത്തിൽ ഫോറെക്‌സ് മാർക്കറ്റിൽ 68.66 ൽ നീങ്ങിയ വിനിമയ നിരക്ക് വായ്പാ അവലോകന വേളയിൽ 68.30 ലേക്ക് മികവ് കാണിച്ചെങ്കിലും വാരാന്ത്യം മുൻവാരത്തെ അപേക്ഷിച്ച് അഞ്ച് പൈസ മെച്ചപ്പെട്ട് 68.61 ലാണ്. കേന്ദ്ര ബാങ്ക് നീക്കങ്ങൾ കാര്യമായ ചലനം വിനിമയ വിപണിയിൽ സൃഷ്ടിച്ചില്ല. അതേസമയം നാണയപ്പെരുപ്പം നിയന്ത്രിക്കാൻ ഇത് അവസരം ഒരുക്കുമോയെന്നതിനായി കാത്തിരിക്കേണ്ടി വരും. 
ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ മൺസൂൺ സാധാരണ നിലയിലായിരിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നടത്തിയ വിലയിരുത്തൽ കാർഷിക മേഖലക്ക് നേട്ടമാകും. കാർഷികോൽപ്പാദനം ഉയർന്നാൽ പണപ്പെരുപ്പ സാധ്യതകളെ പിടിച്ചുനിർത്താൻ ധനമന്ത്രാലയത്തിനാവും. 
ഇതിനിടയിൽ ചൈന-അമേരിക്ക വ്യാപാര യുദ്ധം വീണ്ടും ഏഷ്യൻ വിപണികളിൽ പരിഭ്രാന്തി ഉളവാക്കി. 200 ബില്യൻ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അധിക നികുതി പത്ത് ശതമാനത്തിൽനിന്ന് 25 ശതമാനത്തിലേക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകൾ ചൈനീസ് ഓഹരി സൂചികയായ ഷാംഗ്ഹായ് 4.6 ശതമാനം ഇടിയാൻ കാരണമായി. തുടർന്ന് ഹോങ്കോങ്ങിൽ ഹാൻസെങ് സൂചിക 3.9 ശതമാനം താഴ്ന്നു. ഈ ആശങ്കകൾ നിലനിന്നാൽ അത് ജപ്പാൻ, കൊറിയൻ മാർക്കറ്റുകളെയും സമ്മർദ്ദത്തിലാക്കും. പ്രതിസന്ധികൾ മുന്നിൽ കണ്ടാവും ആഭ്യന്തര വിദേശ ഫണ്ടുകളെ നമ്മുടെ മാർക്കറ്റിലും വിൽപ്പനക്കാരാക്കിയത്. പിന്നിട്ട വാരം യു.എസ്-യൂറോപ്യൻ ഓഹരി ഇൻഡക്‌സുകൾ തിളക്കത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാര യുദ്ധം ക്രൂഡ് ഓയിൽ വിപണിയിൽ സമ്മർദ്ദം ഉളവാക്കുന്നുണ്ട്. ബാരലിന് 68.68 ഡോളറിലാണ് എണ്ണ മാർക്കറ്റ്. 
ഫാർമസ്യൂട്ടിക്കൽ, ബാങ്കിംഗ്, പവർ, സ്റ്റീൽ വിഭാഗങ്ങളിൽ പല അവസരത്തിലും നിക്ഷപ താൽപര്യം നിലനിന്നു. അതേ സമയം ഓട്ടോ വിഭാഗങ്ങൾക്ക് തളർച്ച. കോൾ ഇന്ത്യ ഓഹരി വില 6.32 ശതമാനം ഉയർന്ന് 278 രൂപയായി. എച്ച്.യു.എൽ ആറ് ശതമാനത്തിൽ അധികം വർധിച്ച് 1759 രൂപയായി. അൺ ഫാർമ അഞ്ച് ശതമാനം മികവിൽ 585 രൂപയിലും എസ്.ബി.ഐ 298 രൂപയിലും വ്യാപാരം അവസാനിച്ചു. അതേ സമയം ടാറ്റാ മോട്ടേഴ്‌സ് ഓഹരി വില മൂന്ന് ശതമാനത്തിൽ അധികം താഴ്ന്ന് 258 രൂപയായി. എച്ച്.ഡി.എഫ്.സി ബാങ്ക് 2121 രൂപയിലും എച്ച്.ഡി.എഫ്.സി 1974 രൂപയിലും എൽ ആന്റ് റ്റി 1291 രൂപയായും താഴ്ന്നു. 
11,297 ൽ ഓപൺ ചെയ്ത നിഫ്റ്റി സർവകാല റെക്കോർഡായ 11,390 പോയന്റ് വരെ കയറി. മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 11,364 ന് മുകളിൽ പിടിച്ചു നിൽക്കാനാവാതെ വാരാന്ത്യം 11,361 പോയന്റിൽ മാർക്കറ്റ് ക്ലോസിംഗ് നടന്നു. ഈ വാരം നിഫ്റ്റിക്ക് ആദ്യ തടസം 11,402 ലാണ്. ഇത് മറികടന്നാൽ വീണ്ടും 11,443 ൽ പ്രതിരോധമുണ്ട്. ഇവ രണ്ടും ഭേദിക്കാനുള്ള കരുത്ത് ലഭിക്കാമെങ്കിൽ ഒരു തിരുത്തൽ അനിവാര്യമായി വരും. സാങ്കേതിക തിരുത്തലുകൾ പൂർത്തിയായാൽ 11,538 ലേക്ക് നിഫ്റ്റിക്ക് പ്രവേശിക്കാൻ ആവശ്യമായ കരുത്ത് സ്വരൂപിക്കാനാവും. നിഫ്റ്റിക്ക് താങ്ങ് 11,307 ലും 11,253 പോയന്റിലുമാണ്. 
ബോംബെ സെൻസെക്‌സ് 37,327 ൽ ഓപ്പൺ ചെയ്ത് മുൻ റെക്കോർഡുകൾ തിരുത്തി 37,711 വരെ ഉയർന്നു. വാരമധ്യത്തിലെ ലാഭമെടുപ്പിൽ 37,128 ലേക്ക് താഴ്ന്ന ശേഷം 37,556 ൽ ക്ലോസിംഗ് നടന്നു. ഈ വാരം സെൻസെക്‌സ് 37,219 ലെ താങ്ങ് നിലനിർത്തി 37,802 ലേക്ക് ഉയരാൻ ശ്രമം നടത്താം. ആദ്യ തടസം മറികടന്നാൽ സൂചിക 38,048 നെ ലക്ഷ്യമാക്കും. 
 

Latest News